കണ്ണൂര്‍: ജില്ലയില്‍ നദീജല ടൂറിസത്തിന്റെ പ്രചരണാര്‍ഥം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അഞ്ചരക്കണ്ടി പുഴയിലൂടെ റാഫ്റ്റിംഗും കയാക്കിംഗും നടത്തി. പിണറായി പാറപ്രം മുതല്‍ കാളി പടന്നക്കര പാര്‍ക്ക് വരെയുള്ള മൂന്ന് കിലോമീറ്റര്‍ ദൂരമാണ് മന്ത്രി പുഴയുടെയും കണ്ടല്‍ക്കാടുകളുടെയും സൗന്ദര്യം ആസ്വദിച്ച് യാത്ര നടത്തിയത്. കുത്തുവല ഉപയോഗിച്ച് മീന്‍ പിടിക്കുകയായിരുന്ന നാട്ടുകാരോട് കുശലം പറഞ്ഞും കൗതുകത്തോടെ നോക്കിനിന്ന പ്രദേശവാസികളെ അഭിവാദ്യം ചെയ്തു. ഭാര്യ വീണയോടൊപ്പമായിരുന്നു മന്ത്രിയുടെ പുഴയാത്ര. കൊവിഡ് കാലത്ത് കുടുംബ സമേതം ആസ്വദിക്കാന്‍ പറ്റിയ വിനോദങ്ങളിലൊന്നാണ് വാട്ടര്‍ ടൂറിസമെന്ന് മന്ത്രി പറഞ്ഞു. ഇരു കരകളിലും തിങ്ങിനിറഞ്ഞു കിടക്കുന്ന കണ്ടല്‍ക്കാടുകള്‍ക്കിടയിലൂടെയുള്ള കയാക്കിംഗും റാഫ്റ്റിഗും വിനോദസഞ്ചാരികള്‍ക്ക് മറക്കാനാവാത്ത അനുഭവങ്ങളാവും സമ്മാനിക്കുക.
കേരളത്തിന്റെ നദികളുടെ സൗന്ദര്യവും സൗകര്യവും ഉപയോഗപ്പെടുത്താനും അവയുടെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തുവാനുമുള്ള കാര്യമായ ശ്രമങ്ങള്‍ ഇതുവരെ ഉണ്ടായിട്ടില്ലെന്നത് നമ്മുടെ ടൂറിസം മേഖലയെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടമാണ്. ആവശ്യമായ സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളുമൊരുക്കിയാല്‍ ജല- സാഹസിക ടൂറിസത്തിന് വലിയ സാധ്യതകളാണ് നദികളാല്‍ സമ്പന്നമായ കേരളത്തിലുള്ളതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
റാഫ്റ്റിംഗിനും കയാക്കിംഗിനും മികച്ച സാധ്യതകളുള്ള ധാരാളം നദികള്‍ കേരളത്തിലുണ്ട്. കേരളത്തിലെ നദികളെ കോര്‍ത്തിണക്കി സാഹസിക ടൂറിസം സര്‍ക്യൂട്ട് സ്ഥാപിക്കുന്ന കാര്യം പരിഗണിക്കും. ഇതിന് ആവശ്യമായ ഇടങ്ങളില്‍ അടിസ്ഥാന സൗകര്യമൊരുക്കും. ഇതിന്റെ സാധ്യതകളെ കുറിച്ച് വിശദമായ പഠനം നടത്തുമെന്നും മന്ത്രി പറഞ്ഞു.
അഞ്ചരക്കണ്ടി പുഴയുടെ പ്രത്യേകതയും സാധ്യതയും മനസിലാക്കി പുഴയുടെ സാധ്യതകളെ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ കേരളത്തിലെ ടൂറിസം വകുപ്പ് തയ്യാറാക്കും. കേരളത്തിലെ 44 നദികളെ ശരിയായ അര്‍ത്ഥത്തില്‍ മനസിലാക്കി കയാക്കിംഗ് ഉള്‍പ്പെടെയുള്ള സാധ്യതകളെ ഫലപ്രദമായി എങ്ങനെ ഉപയോഗപ്പെടുത്താം എന്ന് നേരിട്ട് മനസ്സിലാക്കാന്‍ കൂടിയാണ് അഞ്ചരക്കണ്ടി പുഴയിലൂടെ സഞ്ചരിച്ചതെന്നും മന്ത്രി പറഞ്ഞു.
സാഹകസികത ഇഷ്ടപ്പെടുന്നവരാണ് വിനോദ സഞ്ചാരികളേറെയും. അവര്‍ക്ക് മികച്ച അവസരങ്ങളും സൗകര്യങ്ങളും ഒരുക്കുകയെന്നതാണ് ഏറ്റവും പ്രധാനം. ഉത്തര മലബാറില്‍ നിലവില്‍ പുരോഗമിക്കുന്ന റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതിയുമായി സാഹസിക ടൂറിസത്തെ കൂടി ബന്ധിപ്പിക്കാനായാല്‍ ഇവിടേക്ക് ഏറെ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. സാഹസിക യാത്രകള്‍ക്കൊപ്പം നദികളിലൂടെ ബോട്ടിലും തോണികളിലും സവാരികള്‍ നടത്താന്‍ അവസരമൊരുക്കുമെന്നും മന്ത്രി പറഞ്ഞു. വിനോദത്തിനായി മല്‍സ്യബന്ധനത്തിനുള്ള സൗകര്യം ഉള്‍പ്പെടെ ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് ആലോചിക്കും.
തദ്ദേശീയരും വിദേശികളുമായ വിനോദ സഞ്ചാരികകളെ ആകര്‍ഷിക്കാവുന്ന രീതിയില്‍ സംസ്ഥാനത്തെ വാട്ടര്‍ ടൂറിസം രംഗത്തെ മാറ്റിയെടുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ജല-സാഹസിക ടൂറിസത്തിന് അനന്തമായ സാധ്യതകളുള്ള സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു. അഡ്വഞ്ചര്‍ വാട്ടര്‍ ടൂറിസം രംഗത്തെ കേരളത്തിന്റെ സാധ്യതകള്‍ പുറം ലോകത്തിന് പരിചയപ്പെടുത്തുകയും തദ്ദേശീയരും അന്തര്‍ദേശീയരുമായ വിനോദ സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുകയുമാണ് നദീജല ടൂറിസം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കേരളത്തില്‍ ജലപാതാ പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ജല ടൂറിസത്തിന്റെ സാധ്യതയും വര്‍ധിക്കുമെന്നും മന്ത്രി പറഞ്ഞു.
കൊവിഡ് സാഹചര്യത്തില്‍ ബയോ ബബിള്‍സ് സംവിധാനത്തിലൂടെ വാക്‌സിന്‍ സ്വീകരിച്ച ഡ്രൈവര്‍മാര്‍ ഓടിക്കുന്ന വാഹനത്തില്‍ വാക്സിന്‍ സ്വീകരിച്ച സഞ്ചാരികള്‍ക്ക് വാക്സിന്‍ സ്വീകരിച്ച ജീവനക്കാരുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് വരാമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ ടൂറിസത്തിന് നിലവില്‍ ഒരുതരത്തിലുമുള്ള പ്രയാസവും ഇല്ല. കേരളത്തിലെ ടൂറിസം ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പാതയിലാണെന്നും മന്ത്രി മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു.