കൂടുതല്‍ ജില്ലകളില്‍ ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍: ആരോഗ്യ മന്ത്രി

Spread the love

സെപ്റ്റംബര്‍ അവസാനത്തോടെ 18ന് മുകളിലുള്ള എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കും

കുട്ടികളുടെ വാക്‌സിനേഷന് സംസ്ഥാനം സജ്ജം

post

തിരുവനന്തപുരം: ജില്ലയില്‍ ആരംഭിച്ച ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ വിജയകരമായാല്‍ കൂടുതല്‍ ജില്ലകളില്‍ വ്യാപിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ സെന്ററിലൂടെ വാഹനത്തിലിരുന്ന് വാക്‌സിന്‍ സ്വീകരിക്കാം എന്നതാണ് പ്രത്യേകത. വാക്‌സിനേഷന്‍ സെന്ററിലേക്ക് വരുന്ന വാഹനത്തില്‍ തന്നെ ഇരുന്ന് രജിസ്റ്റര്‍ ചെയ്യാനും വാക്‌സിന്‍ സ്വീകരിക്കാനും ഒബ്‌സര്‍വേഷന്‍ പൂര്‍ത്തിയാക്കാനും സാധിക്കും. എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടെങ്കില്‍ ആവശ്യമായ വൈദ്യ സഹായവും ലഭ്യമാക്കിയിട്ടുണ്ട്. ഈ ഡ്രൈവ് വിജയകരമാണെന്ന് കണ്ടാല്‍ കൂടുതല്‍ ജില്ലകളില്‍ ആരംഭിക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം ഗവ. വിമണ്‍സ് കോളേജിലെ ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ കേന്ദ്രം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

സെപ്റ്റംബര്‍ അവസാനത്തോടെ 18 വയസിന് മുകളില്‍ പ്രായമുള്ള അര്‍ഹരായ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാനാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്. 18 വയസിന് മുകളില്‍ പ്രായമുള്ള 52 ശതമാനത്തിന് മുകളില്‍ ഒന്നാം ഡോസും 19 ശതമാനത്തിന് മുകളില്‍ രണ്ടാം ഡോസ് വാക്‌സിനും നല്‍കിയിട്ടുണ്ട്. ഇത് ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്. കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയുമായുള്ള ചര്‍ച്ച വളരെ പോസിറ്റീവായിരുന്നു. സാസ്ഥാനത്തിനാവശ്യമായ വാക്‌സിന്‍ നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്. അങ്ങനെയെങ്കില്‍ ഈ ലക്ഷ്യം കൈവരിക്കാന്‍ സാധിക്കും. വാക്‌സിനേഷന്‍ പ്രക്രിയ സുഗമമായി നടക്കാന്‍ പ്രയത്‌നിക്കുന്ന സഹ പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.

കുട്ടികള്‍ക്കുള്ള വാക്‌സിനേഷന് സംസ്ഥാനം സജ്ജമാണ്. കേന്ദ്രം അനുമതി നല്‍കുന്ന മുറയ്ക്ക് നടപടികള്‍ സ്വീകരിക്കും. പരമാവധി പരിശോധനകള്‍ നടത്തി രോഗികളെ കണ്ടെത്താന്‍ സംസ്ഥാനം ശ്രമിക്കുന്നതിനാലാണ് ടി.പി.ആര്‍. കൂടി നില്‍ക്കുന്നത്. കേരളത്തില്‍ രോഗബാധയുള്ള ആറിലൊരാളെ പരിശോധനയിലൂടെ കണ്ടെത്തുമ്പോള്‍ ദേശീയ തലത്തില്‍ അത് മുപ്പത്തിമൂന്നില്‍ ഒരാളെ മാത്രമാണ്. കോവിഡ് കേസുകള്‍ കൂടി നില്‍ക്കുന്നതിനാല്‍ ഇക്കാലത്തെ ഓണക്കാലത്ത് എല്ലാവരും ജാഗ്രത പാലിക്കണം. ജീവനും ജീവിതോപാധിയും പ്രധാനമാണ്. സ്വയം പ്രതിരോധമാണ് ഏറ്റവും വലുതെന്നും മന്ത്രി വ്യക്തമാക്കി.

 

Author

Leave a Reply

Your email address will not be published. Required fields are marked *