അതിദാരിദ്ര്യ നിര്‍മ്മാര്‍ജന പദ്ധതിക്ക് പിന്നില്‍ ഓണ സങ്കല്‍പ്പം : മുഖ്യമന്ത്രി പിണറായി വിജയന്‍
കണ്ണൂര്‍ ഷോപ്പെ ഓണ്‍ലൈന്‍ ഓണാഘോഷത്തിന് തുടക്കം
കണ്ണൂര്‍: പരമദരിദ്രാവസ്ഥയില്‍ നിന്നും നാടിനെ മോചിപ്പിക്കുക എന്നതാണ് അതിദാരിദ്യ നിര്‍മ്മാര്‍ജന പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും സമത്വത്തിലൂന്നിയ ഓണസങ്കല്‍പ്പമാണ് ഇത്തരമൊരു പദ്ധതിക്ക് പ്രചോദനമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കണ്ണൂര്‍ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കണ്ണൂര്‍ ഷോപ്പെ ഓണ്‍ലൈന്‍ ഓണാഘോഷം പിണറായി കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആധി വ്യാധികളില്ലാത്ത, കള്ളവും ചതിയുമില്ലാത്ത, മനുഷ്യരെയെല്ലാം സമഭാവനയില്‍ കാണുന്ന ലോകം എന്നതാണ് ഓണസങ്കല്‍പ്പത്തിന്റെ കാതല്‍. അതില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് സമൂഹത്തില്‍ നിശ്ചിത കാലം കഴിഞ്ഞാല്‍ പരമ ദരിദ്രര്‍ ഉണ്ടാവില്ല എന്ന അവസ്ഥ സൃഷ്ടിക്കാനുള്ള പരിശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് നമ്മുടെ ശീലങ്ങളെ മാറ്റിമറിച്ച് കഴിഞ്ഞു. കൊവിഡിനൊപ്പം ജീവിക്കേണ്ട സ്ഥിതിയിലാണ് നാം. നമ്മുടെ പരമ്പരാഗത ശീലങ്ങളിലും രീതികളിലും മാറ്റം വരുത്തിയേ പറ്റു. എല്ലാം ഉപേക്ഷിക്കണം എന്നല്ല ഇതിനര്‍ത്ഥം. കൊവിഡിനനുസരിച്ച് കാര്യങ്ങള്‍ ക്രമീകരിക്കുക എന്നതാണ്. അത്തരത്തില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി ആഘോഷങ്ങളെങ്ങിനെ നടത്താമെന്നതിന്റെ ദൃഷ്ടാന്തം കൂടിയാണ് കണ്ണൂര്‍ ഷോപ്പെ ഓണ്‍ലൈന്‍ ഓണാഘോഷം. മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.സര്‍ക്കാര്‍ പദ്ധതികള്‍ക്ക് പുറമെ കൊവിഡ് അതിജീവനത്തിന്റെ ഭാഗമായി ജില്ലയില്‍ നടപ്പാക്കിയ ഖാദിക്ക് ഒരു കൈത്താങ്ങ്, കണ്ണൂര്‍ ഷോപ്പെ പദ്ധതികള്‍ മാതൃകാപരമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
പൊതുമരാമത്ത്,ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമദ് റിയാസ് ആശംസാ സന്ദേശം ഓണ്‍ലൈനായി നല്‍കി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കേരളത്തിന്റെ മനസ് രൂപപ്പെടുത്തുന്നതില്‍ ഓണമുള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ വലിയ പങ്ക് വഹിച്ചതായി അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലയിലെ അനാഥര്‍ക്ക് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ നല്‍കുന്ന ഓണക്കോടിയുടെ വിതരണവും മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ജില്ലാ ഓഫീസര്‍ കെ വി രജിഷ ഏറ്റുവാങ്ങി. ആഗസ്റ്റ് 23 വരെ നടക്കുന്ന ഓണ്‍ലൈന്‍ ഓണാഘോഷത്തില്‍ നര്‍ത്തകികളായ നീലമന സിസ്റ്റേര്‍സ്, ഗസല്‍ ഗായകരായ ഷഹബാസ് അമന്‍, ജിതേഷ് സുന്ദരം, ഭജന്‍ ഗായിക സൂര്യ ഗായത്രി, പിന്നണി ഗായകനായ രതീഷ്‌കുമാര്‍ പല്ലവി, മിമിക്രി ചലച്ചിത്ര താരമായ ശിവദാസ് മട്ടന്നൂര്‍ തുടങ്ങിയവരും കണ്ണൂര്‍ ജില്ലയിലുള്ള വിവിധ പ്രതിഭാശാലികളായ കലാകാരന്മാരും പരിപാടിയുടെ ഭാഗമാവും. കണ്ണൂര്‍ വിഷന്‍ പരിപാടി ലൈവ് ടെലികാസ്റ്റ് നടത്തും.