മന്ത്രിമാർ ഉറപ്പുനൽകി ; അൽഫോൻസ്യ വിഷയത്തിൽ സമരം അവസാനിപ്പിച്ച് ആക്ഷൻ കൗൺസിൽ

Spread the love
ആറ്റിങ്ങലിൽ അൽഫോൻസ്യ എന്ന മത്സ്യത്തൊഴിലാളിയുമായി ബന്ധപ്പെട്ട സംഭവത്തെ തുടർന്ന് നടത്തിവന്ന സമരം അഞ്ചുതെങ്ങ് ഫെറോന സെന്റർ ആക്ഷൻ കൗൺസിൽ അവസാനിപ്പിച്ചു. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവൻകുട്ടിയും ഗതാഗതമന്ത്രി ആന്റണി രാജുവും ആക്ഷൻ കൗൺസിൽ നേതാക്കളുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.
അൽഫോൻസ്യക്കെതിരായ കേസ് പിൻവലിക്കുന്ന കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് മന്ത്രിമാർ ചർച്ചയിൽ ഉറപ്പുനൽകി. വഴിയോര കച്ചവട നിയമം ലംഘിക്കുന്ന ഒരു നടപടിയും ഉദ്യോഗസ്ഥർ കൈക്കൊള്ളരുത് എന്ന് കർശന നിർദ്ദേശം നൽകുമെന്നും മന്ത്രിമാർ അറിയിച്ചു. മത്സ്യക്കച്ചവടം നടത്തുന്ന സ്ത്രീകൾ അടക്കമുള്ളവർക്ക് സംരക്ഷണം ഉറപ്പുവരുത്തും. പൊലീസിൽ നിന്ന് പ്രതികൂല നടപടി ഉണ്ടാകുന്നു എന്ന പരാതി ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥരെ അറിയിക്കുമെന്ന് മന്ത്രിമാർ വ്യക്തമാക്കി.
ആറ്റിങ്ങൽ നഗരസഭയിലെ നിലവിലെ മാർക്കറ്റിന്റെ അവസ്ഥ, മത്സ്യക്കച്ചവടം നടത്തുന്ന ഇടങ്ങളിലെ സ്ഥിതി തുടങ്ങിയവ സംബന്ധിച്ച പഠന റിപ്പോർട്ട് നഗരസഭയ്ക്ക് കൈമാറും. മത്സ്യത്തൊഴിലാളികൾക്ക് സ്വൈര്യമായും ന്യായമായും നിയമപരമായും വഴിയോരക്കച്ചവടം നടത്താനുള്ള സാഹചര്യം ഉറപ്പുവരുത്താൻ ഫിഷറീസ് മന്ത്രി സജി ചെറിയാനെ കൂടി ഉൾപ്പെടുത്തി ജില്ലാതല യോഗം വിളിച്ചു ചേർക്കാനും തീരുമാനമായി.
ഈ സാഹചര്യത്തിൽ സമരം അവസാനിപ്പിക്കുകയാണെന്ന് ചർച്ചയിൽ പങ്കെടുത്ത ആക്ഷൻ കൗൺസിൽ പ്രതിനിധികളായ വെരി. റവ. ഫാ. ജസ്റ്റിൻ ജൂഡിൻ, റവ. ഫാ. ലൂസിയാൻ തോമസ്, ജൂഡ് ജോർജ് തുടങ്ങിയവർ അറിയിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *