കൊല്ലം: ചതയദിനത്തില്‍ ജില്ലാ ഭരണകൂടം ഓണ്‍ലൈന്‍ വഴി നടത്തിയ ഓണാഘോഷ പരിപാടി ‘ഓണത്തുടി 2021’ ല്‍ ദൃശ്യവിരുന്നായി യുവകലാപ്രതിഭകളുടെ വേറിട്ട പ്രകടനങ്ങള്‍. കോവിഡിനെതിരായ പോരാട്ടത്തില്‍ സര്‍ക്കാരിനൊപ്പം എല്ലാ വിഭാഗം ജനങ്ങളുടെയും ഉറച്ച പിന്തുണ ആവശ്യമാണെന്ന് ചടങ്ങില്‍ ആശംസ അറിയിച്ച ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ പറഞ്ഞു. വരും വര്‍ഷങ്ങളില്‍ മികച്ച രീതിയില്‍ ഓണാഘോഷം നടത്താനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഒത്തുചേരലുകള്‍ പരിമിതപ്പടുത്തേണ്ടി വന്ന ഒരു ഓണക്കാലത്ത് എല്ലാ വിഭാഗം ജനങ്ങളെയും ഒന്നിപ്പിക്കുന്ന ശ്രദ്ധേയ ഇടപെടലായി ജില്ലാ ഭരണകൂടത്തിന്റെ ‘ഓണത്തുടി 2021’ എന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ.മൊഹമദ് റിയാസ് പറഞ്ഞു.
കലാപ്രതിഭകള്‍ക്ക് കോവിഡ് സാഹചര്യത്തില്‍ ഓണ്‍ലൈന്‍ വഴി വേദിയൊരുക്കാന്‍ ‘ഓണത്തുടി 2021’ ലൂടെ സാധിച്ചെന്ന് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ പറഞ്ഞു. ഓണത്തിന്റെ സന്ദേശം എല്ലാ അന്തസത്തയോടും കൂടി എല്ലാവരിലേക്കും എത്തിക്കുവാനും യുവതയെ കലയുടെ ശക്തിവത്തായ ഒരു ശ്രേണിയില്‍ അണിനിരത്താനും ഇത്തരം സംരംഭങ്ങള്‍ക്ക് കഴിയും, കലക്ടര്‍ വ്യക്തമാക്കി.
മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി, എം.എല്‍.എമാരായ എം. മുകേഷ്, കെ.ബി.ഗണേഷ് കുമാര്‍, സുരേഷ് ഗോപി എം.പി, ചലച്ചിത്ര അക്കാദമി സെക്രട്ടറി കമല്‍, സംവിധായകന്‍ സിബി മലയില്‍, സംഗീത സംവിധായകരായ ഔസേപ്പച്ചന്‍, ശരത്, എഴുത്തുകാരായ ബി. മുരളി, ജി. ആര്‍. ഇന്ദുഗോപന്‍, സലിന്‍ മാങ്കുഴി, കഥകളി കലാകാരന്‍ തോന്നയ്ക്കല്‍ പീതാംബരന്‍, ഗായകരായ ബാസ്റ്റിന്‍ ജോണ്‍, അനിയ ഷെയ്ഖ്, സീരിയല്‍ തിരക്കഥാകൃത്തും അവാര്‍ഡ് ജേതാവുമായ ഗണേശ് ഓലിക്കര, സി.ഡബ്ല്യു.സി ചെയര്‍മാന്‍ കെ.പി.സജി നാഥ് തുടങ്ങിയവര്‍ ആശംസകള്‍ അറിയിക്കുകയും തങ്ങളുടെ ഓണാനുഭവങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു. നൃത്തം, ഓണപ്പാട്ടുകള്‍, ചലച്ചിത്ര ഗാനങ്ങള്‍, ഗസല്‍, വാദ്യോപകരണങ്ങള്‍ ഉപയോഗിച്ചുള്ള കലാപ്രകടനം, മിമിക്രി തുടങ്ങിയവ നിശ്ചിത ഇടവേളകളില്‍ അവതരിപ്പിക്കപ്പെട്ടു.