കുറഞ്ഞ ചെലവിലുള്ള വൈദ്യുതി ഉത്പാദന പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കും

Spread the love

പാലക്കാട് : വൈദ്യുതി രംഗത്തെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ കുറഞ്ഞ ചെലവിലുള്ള വൈദ്യുതി ഉത്പാദന പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. പട്ടാമ്പിയില്‍ 110 കെ.വി. സബ് സ്റ്റേഷന്‍ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഇടുക്കിയിലെ പദ്ധതി പോലെ ചെലവ് കുറഞ്ഞ ഉത്പാദന പദ്ധതിയുണ്ടെങ്കിലേ സംസ്ഥാനത്ത് വ്യവസായ മേഖലകളിലുള്‍പ്പെടെ വികസനം കൈവരിക്കാനാകൂ. സോളാര്‍ പദ്ധതികള്‍ വ്യാപകമാക്കാന്‍ ജനപ്രതിനിധികളുടെ സഹകരണം ഉണ്ടാവണമെന്നും കര്‍ഷകര്‍ കൃഷി ശാസ്ത്രീയരീതിയില്‍ നടത്തിയാല്‍ കൂടുതല്‍ ലാഭകരമാക്കാന്‍ കഴിയുമെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.

കഴിഞ്ഞ സര്‍ക്കാര്‍ ഏകദേശം ഒരു ലക്ഷം കോടി രൂപയുടെ വിതരണശൃംഖല സ്ഥാപിച്ചു കഴിഞ്ഞു. വിതരണശ്യംഖല ഇത്രയും നന്നാക്കിയത് കൊണ്ടാണ് സബ്‌സിഡി നല്‍കാന്‍ കഴിയുന്നത്. വൈദ്യുതി മേഖല സ്വകാര്യവത്ക്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നയം സാധാരണകാരന് സബ്‌സിഡിയായി വൈദ്യുതി ലഭിക്കുന്നത് ഇല്ലാതാക്കുമെന്നും മന്ത്രി പറഞ്ഞു.

പട്ടാമ്പി കിഴായൂരില്‍ രണ്ട് ഏക്കര്‍ സ്ഥലത്ത് 20.6 കോടി രൂപ ചെലവിലാണ് 110 കെ.വി.സബ് സ്റ്റേഷന്‍ നിര്‍മിച്ചത്. പട്ടാമ്പി, മുതുതല, ഓങ്ങല്ലൂര്‍ പ്രദേശങ്ങളിലെ വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പദ്ധതിയിലൂടെ പരിഹാരമാവും. 50,000ത്തോളം പേര്‍ക്കാണ് പദ്ധതിയുടെ ഗുണം ലഭ്യാമക്കുക. 2019 ഡിസംബറിലാണ് പദ്ധതി പ്രവര്‍ത്തികള്‍ക്ക് തുടക്കം കുറച്ചത്. രണ്ട് വര്‍ഷത്തിനകം തന്നെ പദ്ധതി കമ്മീഷന്‍ ചെയ്യാനും കഴിഞ്ഞു.

പട്ടാമ്പി ഗവ.യു.പി.സ്‌കൂളില്‍ നടന്ന പരിപാടിയില്‍ മുഹമ്മദ് മുഹസിന്‍ എം.എല്‍.എ.അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ കെ.ബിനുമോള്‍, പട്ടാമ്പി നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഒ.ലക്ഷമികുട്ടി, വൈസ് ചെയര്‍മാന്‍ ടി.പി.ഷാജി, കെ.എസ്.ഇ.ബി.എല്‍.ചെയര്‍മാന്‍ ഡോ.ബി.അശോക്, കെ.എസ്.ഇ.ബി.എല്‍. ഡയറക്ടര്‍ സിജി ജോസ്, ചീഫ് എന്‍ജിനീയര്‍ ജെ.സുനില്‍ജോയ്, മറ്റു ജനപ്രതിനിധികള്‍, വിവിധ രാഷ്രടീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *