വിനോദ സഞ്ചാര മേഖലയിലെ കോവളത്തിന്റെ നഷ്ടപ്രതാപം തിരിച്ചുപിടിക്കും : മന്ത്രി പി.എ. മുഹമ്മദ് റിയാസ്

Spread the love

post

തിരുവനന്തപുരം: ലോക ടൂറിസം ഭൂപടത്തില്‍ കേരളത്തെ ആദ്യമായി അടയാളപ്പെടുത്തിയ കോവളം ബീച്ചിന്‍റെ നഷ്ട പ്രതാപം തിരിച്ചുപിടിക്കാന്‍ ടൂറിസം വകുപ്പ് പ്രതിജ്ഞാബദ്ധമാണെന്നു ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കോവളം ടൂറിസം വികസന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക ടൂറിസം മേഖലയില്‍ കോവിഡ് വലിയ പ്രതിസന്ധി തീര്‍ത്തിരിക്കുകയാണെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ഇത് കോവളത്തെയും ബാധിച്ചിട്ടുണ്ട്. കോവളം ടൂറിസത്തിന്‍റെ സുവര്‍ണ്ണകാലം തിരിച്ചുപിടിക്കാന്‍ കഴിയണം. കോവളത്തേക്കു വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനുള്ള നടപടികൾ ടൂറിസം വകുപ്പ് അടിയന്തര പ്രാധാന്യം നൽകി നിര്‍വ്വഹിക്കും.

കോവളത്തെ ടൂറിസം നിര്‍മാണ പ്രവൃത്തികളില്‍ ഗ്രീന്‍ പ്രോട്ടോക്കോളും ടൂറിസം മാന്വലും നിര്‍ബന്ധമാക്കും. കോവളത്തെ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പരാതികള്‍ സമയബന്ധിതമായി പരിഹരിക്കാനും യോഗത്തില്‍ തീരുമാനമായി.

കോവളം തീരത്തെ തെരുവ് വിളക്കുകള്‍ ഓഗസ്റ്റ് 10 നകം അറ്റകുറ്റപ്പണി പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനക്ഷമമാക്കും. ടൈലിങ് പ്രവര്‍ത്തികള്‍ ഓഗസ്റ്റ് 15 നകം പൂര്‍ത്തീകരിക്കും. അടിസ്ഥാന സൗകര്യ വികസനത്തില്‍ ഉള്ള സ്ഥലപരിമിതി മറികടക്കാന്‍ സ്വകാര്യ മേഖല ഉള്‍പ്പെടെയുള്ളവരുമായി ആവശ്യമായ ചര്‍ച്ചകള്‍ നടത്തി പ്രശ്ന പരിഹാരം കണ്ടെത്തും. സെക്യൂരിറ്റി സംവിധാനം വിപുലപ്പെടുത്തുന്നതിന് ഉത്തരവാദിത്ത ടൂറിസം മേഖലയുമായി കൈകോര്‍ക്കും. വൈദ്യുത ലൈനുകളും മറ്റും കേബിളുകളും ഉള്‍പ്പെടെ അണ്ടര്‍ ഗ്രൗണ്ടാക്കും. ടൂറിസം മേഖലയിലെ സാംസ്കാരിക പദ്ധതിയായിരുന്ന “ഗ്രാമം പരിപാടി” പുനരാവിഷ്കരിച്ച് നവീനമായി നടപ്പിലാക്കും. ലൈറ്റ് ഹൗസ് ഭാഗത്തെ വികസനപ്രവര്‍ത്തനങ്ങള്‍ കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ അധീനതിയില്‍പെട്ട ഭൂമികൂടി ഉള്‍പ്പെട്ടതിനാല്‍ അതുമായി ബന്ധപ്പെട്ടവരുടെ യോഗം ഉടൻ വിളിച്ചു ചേര്‍ക്കാനും തീരുമാനമായി.

Author

Leave a Reply

Your email address will not be published. Required fields are marked *