
കഴക്കൂട്ടം – കാരോട് ബൈപ്പാസിലെ ടോൾപിരിവ് നിർത്തിവെക്കണം; കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് മന്ത്രി വി ശിവൻകുട്ടി;വിഷയത്തിൽ ഇടപെട്ട് പരിഹാരം ഉണ്ടാക്കണമെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരനോടും ശശി തരൂർ എംപിയോടും മന്ത്രി ആവശ്യപ്പെട്ടു*

പണി പൂർത്തിയാകാത്ത ദേശീയ പാത 66 ലെ കഴക്കൂട്ടം – കാരോട് ബൈപ്പാസിൽ തിരുവല്ലത്ത് ടോൾ പിരിക്കുന്നത് നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് നേമം നിയോജക മണ്ഡലം എം എൽ എയും പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രിയുമായ വി ശിവൻകുട്ടി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ചു. കോവളം മുതൽ കാരോട് വരെയുള്ള 21 കിലോമീറ്റർ റോഡ് നിർമാണം പകുതിപോലും പൂർത്തിയാക്കിയിട്ടില്ല. ടോൾ പ്ലാസക്ക് സമീപം താമസിക്കുന്നവരുടെ ആശങ്കകൾ ഇനിയും പരിഹരിച്ചിട്ടില്ല. നിത്യവും യാത്രചെയ്യുന്ന പ്രദേശത്തുള്ളവർക്ക് മറ്റ് സൗകര്യങ്ങളും ഏർപ്പാടാക്കിയിട്ടില്ലെന്ന് മന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.

ജനങ്ങളുടെ പ്രതിഷേധം കേന്ദ്ര സർക്കാർ കണ്ടില്ലെന്ന് നടിക്കരുത് എന്ന് മന്ത്രി വി ശിവൻകുട്ടി പ്രസ്താവനയിൽ പറഞ്ഞു. ഒരാഴ്ചയായി പ്രദേശത്ത് ജനകീയസമരങ്ങൾ നടക്കുകയാണ്. വിഷയത്തിൽ കേന്ദ്രസഹമന്ത്രി വി മുരളീധരനും തിരുവനന്തപുരം എംപി ശശി തരൂരും ഇടപെട്ട് പരിഹാരം ഉണ്ടാക്കാൻ ശ്രമിക്കണം. തിരുവല്ലം – കൊല്ലംതറ ഭാഗത്തെ ടോൾ ബൂത്തിൽ നിന്ന് 4 കിലോമീറ്റർ ഭാഗം മാത്രമാണ് ഇപ്പോൾ ഗതാഗതയോഗ്യമായിട്ടുള്ളത്. ജനവാസ മേഖലയിലൂടെയാണ് ദേശീയപാത കടന്നു പോകുന്നത്. പ്രദേശവാസികൾക്ക് അത്യാവശ്യ സർവീസുകൾക്ക് പോലും ടോൾ നൽകേണ്ട അവസ്ഥയാണ് ഉള്ളത്. അമിതമായ തുകയാണ് ടോൾ ആയി നൽകേണ്ടിവരുന്നത്.
അശാസ്ത്രീയമായാണ് ടോൾ ബൂത്തുകൾ സ്ഥാപിച്ചിട്ടുള്ളത്. മഴ പെയ്താൽ പ്രദേശത്ത് വെള്ളക്കെട്ട് ഉണ്ടാകുകയാണ്. ഈ വിഷയത്തിൽ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ സ്വീകരിക്കുന്ന നടപടികൾ ജനവിരുദ്ധമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.