പാലക്കാട് : ജില്ലയില്‍ നെല്ലുസംഭരണം സെപ്തംബര്‍ ഒന്നിന് ആരംഭിക്കുമെന്ന് ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു. മണ്ണാര്‍ക്കാട്, അട്ടപ്പാടി ഒഴികെയുള്ള ബ്ലോക്ക് പഞ്ചായത്ത് പാടശേഖര സമിതി കണ്‍വീനര്‍മാരുമായും രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിവിധ കര്‍ഷക സംഘ പ്രതിനിധികളുമായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലും ജില്ലയിലെ എം.എല്‍.എ.മാരുമായി ഗവ. ഗസ്റ്റ് ഹൗസിലുമായി നടത്തിയ യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കെ.ഡി പ്രസേനന്‍ എം.എല്‍.എ നിയമസഭയില്‍ ജില്ലയിലെ നെല്ലുസംഭരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പരിഹാരം ആവശ്യപ്പെട്ട് ശ്രദ്ധ ക്ഷണിച്ചതിനെ തുടര്‍ന്നാണ് യോഗങ്ങള്‍ ചേര്‍ന്നത്.
ജില്ലയില്‍ ഒരാഴ്ചക്കുള്ളില്‍ കൊയ്ത്തു നടക്കാന്‍ സാധ്യതയുള്ളതും അടിയന്തര സംഭരണം ആവശ്യമുള്ളതുമായ പ്രദേശങ്ങള്‍ കണ്ടെത്തി ഊര്‍ജ്ജിത സംഭരണ നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കൃഷി വകുപ്പ് കൃഷി ഭവന്‍ മുഖേന ഇത്തരം പ്രദേശങ്ങള്‍ കണ്ടെത്തണം. സര്‍ക്കാരുമായി കരാറില്‍ ഏര്‍പ്പെട്ട പ്രസ്തുത പ്രദേശത്തെ മില്ലുടമകളുമായി പാഡി പ്രൊക്യുയര്‍മെന്റ് ഉദ്യോഗസ്ഥര്‍ സംസാരിച്ച് ഇക്കാര്യത്തില്‍ ധാരണയിലെത്തണം. രജിസ്റ്റര്‍ ചെയ്ത കര്‍ഷകരുടെ നെല്ല് സപ്ലൈകോ പൂര്‍ണമായും സംഭരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഒരു കിലോ നെല്ലിന്റെ താങ്ങുവില 28.72 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. ഇതുവരെ 27.42 രൂപയ്ക്കാണ് സപ്ലൈകോ സംഭരിച്ചിരുന്നത്. സംഭരണം സുഗമമായി നടക്കുന്നുണ്ടെന്ന് നിരീക്ഷിക്കാന്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍, പാഡി പ്രൊക്യുയര്‍മെന്റ് ഓഫീസര്‍, സപ്ലൈകോ അധികൃതര്‍ എന്നിവര്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു.
സര്‍ക്കാര്‍ എപ്പോഴും കര്‍ഷകര്‍ക്ക് ഒപ്പമാണ്. ഒരു കര്‍ഷകന്റെയും നെല്ല് ഒരിക്കലും മഴയിലും വെള്ളത്തിലും കിടക്കാതെ സര്‍ക്കാര്‍ സംരക്ഷിക്കും. കര്‍ഷകരുടെ ആവശ്യപ്രകാരം നെല്ല് നിറയ്ക്കാനുള്ള ചാക്കിന്റെ ലഭ്യതയ്ക്കായി ടെന്‍ഡര്‍ നടപടികള്‍ സ്വീകരിക്കും. മില്ലുടമകള്‍ നെല്ലിന്റെ ഈര്‍പ്പം അളക്കുന്നത് ഒഴിവാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയോ കൃഷി വകുപ്പ് മുഖേനയോ ഇതിനുള്ള സൗകര്യങ്ങള്‍ നടപ്പാക്കുന്നത് പരിഗണനയിലാണ്. കൃഷി വകുപ്പില്‍ ആവശ്യത്തിന് ജീവനക്കാരെ നിയോഗിക്കുന്നതിനും അടിയന്തര സാഹചര്യത്തില്‍ സിവില്‍ സപ്ലൈസില്‍ നിന്നും ജീവനക്കാരെ നിയോഗിക്കാനും അഗ്രികള്‍ച്ചര്‍ ബിരുദധാരികളെ താത്ക്കാലികമായി നിയമിക്കുന്നത് സംബന്ധിച്ചും കൃഷി വകുപ്പ് മന്ത്രിയുമായി കൂടി ആലോചിക്കും. സംഭരണം നടത്തി ഒരാഴ്ചക്കുള്ളില്‍ തുക കര്‍ഷകര്‍ക്ക് ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും ദേശസാത്കൃത ബാങ്ക് പ്രതിനിധികളുമായി സംസാരിച്ച് കര്‍ഷകര്‍ക്കുള്ള സംഭരണതുക കുടിശ്ശിക വരുത്താതെ തീര്‍പ്പാക്കുന്നതിനുള്ള തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഓരോ സീസണിലും നെല്ലുസംഭരണ സമയത്തുണ്ടാവുന്ന അടിയന്തര ചര്‍ച്ച ഒഴിവാക്കി അതിനായി ഒരു വ്യവസ്ഥാപിത രീതി കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും മന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ സപ്ലൈകോ സി.എം.ഡി അസ്ഗര്‍ അലി പാഷ, എ.ഡി.എം കെ. മണികണ്ഠന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പി.ആര്‍. ഷീല, ജില്ലാ ലേബര്‍ ഓഫീസര്‍, പാഡി മാര്‍ക്കറ്റിങ് ഓഫീസര്‍മാര്‍, സപ്ലൈകോ, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പാലക്കാട് ഗവ. ഗസ്റ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ മന്ത്രി കെ.കൃഷ്ണന്‍കുട്ടി, എം.എല്‍.എ.മാരായ എ.പ്രഭാകരന്‍, കെ.ഡി പ്രസേനന്‍, കെ.ബാബു, മുഹമ്മദ് മുഹ്സിന്‍, കെ.ശാന്തകുമാരി, കെ.പ്രേംകുമാര്‍, പി.പി സുമോദ് എന്നിവര്‍ പങ്കെടുത്തു.