സഫായി കർമചാരികളുടെ പുനരധിവാസത്തിനായി 85 ൽ പരം സ്വയംതൊഴിൽ പദ്ധതികൾ

Spread the love

സഫായി കർമചാരി ദേശീയ കമ്മീഷൻ അംഗം ഡോ. പി. പി. വാവ
ജില്ലയിൽ സന്ദർശനം നടത്തി

A Alexander IAS 2020

ആലപ്പുഴ : ദേശീയ സഫായി കർമചാരി കമ്മീഷൻ ഫൈനാൻഷ്യൽ കോർപറേഷൻ വഴി കാർഷിക, വ്യവസായ, സേവന മേഖലകളിൽ  പട്ടുനൂൽപ്പുഴു വളർത്തൽ, ഓട്ടോമൊബൈൽ വർക്ക്‌ ഷോപ്പുകൾ, സ്റ്റീൽ ഫർണിച്ചർ, തയ്യൽ, ഓട്ടോ റിക്ഷ എന്നിങ്ങനെ 85 ൽ പരം സ്വയംതൊഴിൽ പദ്ധതികൾ സഫായി കർമചാരികളുടെ ക്ഷേമത്തിനായി ആവിഷ്കരിച്ചിട്ടുണ്ടെന്ന് സഫായി കർമചാരികൾക്കായുള്ള ദേശീയ കമ്മീഷൻ അംഗം ഡോ. പി. പി. വാവ പറഞ്ഞു. ആലപ്പുഴ ഗസ്റ്റ് ഹൗസിൽ ചേർന്ന ജില്ലയിലെ ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതു ശുചിത്വമിഷൻ, കേരളത്തിലെ ഈ പദ്ധതികളുടെ നടത്തിപ്പ് ഏജൻസിയായ കേരള പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ, ലീഡ് ബാങ്കായ എസ്ബിഐ എന്നിവരെ അറിയിച്ചിട്ടുണ്ടെന്നും ഈ പദ്ധതികൾക്ക്  ഗ്യാരണ്ടി സർട്ടിഫിക്കറ്റോ, ഈടോ ആവശ്യമില്ലെന്ന കേന്ദ്ര ഗവൺമെന്റ് നിർദ്ദേശവും കമ്മീഷന്‍ നല്‍കി. ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ടെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
പട്ടികജാതി പട്ടികവർഗ്ഗ ഡെവലപ്മെന്റ് കോർപറേഷൻ, ലീഡ് ബാങ്കായ എസ് ബി ഐയിൽ സമർപ്പിക്കുന്ന സ്വയം തൊഴിലിനു വേണ്ടിയുള്ള അപേക്ഷകൾ ബാങ്കുകൾ പാസാക്കി ഡൽഹിയിലുള്ള സഫായി കർമചാരി ഫിനാൻഷ്യൽ ഡെവലപ്മെന്റ് കോർപറേഷനെ അറിയിക്കണം. തുടർന്ന് വായ്പയുടെ 50 ശതമാനം തുക സബ്സിഡിയായി മാർജിൻ മണിക്ക് പകരമായി കോർപറേഷൻ ബാങ്കിലേക്ക് അയക്കുമെന്നും അദ്ദേഹം അറിയിച്ചു. സഫായി കർമചാരികൾക്ക് തൊഴിൽ സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനായി സാങ്കേതിക വൈദഗ്ധ്യം ആവശ്യമുള്ള തൊഴിലുകൾ അവരെ പരിശീലിപ്പിക്കുന്നതിനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പരിശീലന കാലത്ത് സഫായി കർമചാരികളുടെ ആശ്രിതർക്ക് ഒരു മാസം 1500 രൂപയും മാനുവൽ സ്‌കാവഞ്ചഴ്സിന്റെ ആശ്രിതർക്ക് 3000 രൂപയും സ്റ്റൈപ്പന്റ് അനുവദിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രീ പ്രൈമറി തലം മുതൽ ഉന്നത വിദ്യഭ്യാസം വരെ (പ്രൊഫഷണൽ കോഴ്സുകൾക്ക് ഉൾപ്പെടെ ) അഞ്ചു ശതമാനം സീറ്റുകൾ സഫായി കർമചാരികളുടെ മക്കൾക്കായി സംവരണം ഉറപ്പാക്കും.

എല്ലാ സഫായി കർമചാരി തൊഴിലാളികളെയും ‘പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത്’ ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങൾ ആക്കണമെന്നും അവരെ മൂന്നു മാസത്തിലൊരിക്കൽ വിദഗ്ധ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കണം എന്നും അദ്ദേഹം പറഞ്ഞു. സഫായി കർമചാരി തൊഴിലാളികൾക്ക് കോവിഡ് 19 വാക്‌സിൻ രണ്ടു ഡോസും സൗജന്യമായി നൽകുവാൻ നടപടികൾ സ്വീകരിക്കണമെന്നും ജോലിസമയത്ത് അവരുടെ ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതിനായുള്ള ഉപകരണങ്ങൾ നൽകുന്നതിന് അതത് നഗരസഭ അധികാരികൾ ശ്രദ്ധിക്കണമെന്നും, ശുചിത്വ തൊഴിലാളികളുടെ സാമൂഹിക, ആരോഗ്യ സുരക്ഷയിൽ വിട്ടുവീഴ്ച പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
സഫായി കർമചാരികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും അത്തരത്തിലുള്ള പദ്ധതികൾക്ക് ജില്ലാ ഭരണകൂടത്തിന്റെ എല്ലാവിധ സഹകരണവും സഹായങ്ങളും ഉണ്ടായിരിക്കുമെന്നും ജില്ലാ കളക്ടർ എ. അലക്സാണ്ടർ പറഞ്ഞു.

യോഗത്തിൽ സഫായി കർമചാരി സ്റ്റേറ്റ് കോഡിനേറ്റർ അഡ്വ. ഗോപി കൊച്ചുരാമൻ, ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ പി. വി. ജയകുമാരി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ എസ്. ശ്രീകുമാർ, എസ് ബി ഐ ലീഡ് ബാങ്ക് പ്രതിനിധി എ.എ. ജോൺ, ജില്ലാ സാമൂഹ്യനീതി ഓഫീസർ എ.ഒ. അബീൻ മറ്റു ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

 

Author

Leave a Reply

Your email address will not be published. Required fields are marked *