മെഡിക്കൽ കോളജ് ആശുപത്രിയിൽ 5 കോടി രൂപ ചെലവിൽ ഹൗസിങ്ങ് ബോർഡ് ആശ്വാസ കേന്ദ്രം

– നിർമാണം സെപ്റ്റംബർ മൂന്നിന് ആരംഭിക്കും
– മൂന്നു നിലകളിലായി 5000 ചതുരശ്രയടി കെട്ടിടം
– 72 ഡോർമെറ്ററികളും 34 മുറികളും ശുചിമുറികളും പാർക്കിംഗ് സൗകര്യവും

ആലപ്പുഴ: വണ്ടാനം ടി.ഡി. മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളുടെ കൂട്ടിരിപ്പുകാർക്ക് ആശ്വാസമേകാൻ അഞ്ചു കോടി രൂപ ചെലവിൽ ഹൗസിങ്ങ് ബോർഡ് ആശ്വാസ കേന്ദ്രം നിർമിക്കുമെന്ന് എച്ച്. സലാം എം.എൽ.എ. ഇതുമായി ബന്ധപ്പെട്ട് ആശുപത്രി കോൺഫറൻസ് ഹാളിൽ ചേർന്ന ആലോചന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആശുപത്രി അങ്കണത്തിൽ  മൂന്നുനിലകളിലായി 15000 ചതുരശ്രയടിയിലാണ് ആശ്വാസകേന്ദ്രം നിർമിക്കുക. 50 സെന്റ് സ്ഥലമാണ് ഇതിനായി ലഭ്യമാക്കിയത്. നിർമാണം സെപ്റ്റംബർ മൂന്നിന് തുടങ്ങും. 10 മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കും. താഴത്തെ നിലയിൽ 10 മുറികളും ഒരോ മുറിക്കും ശുചി മുറികളുമുണ്ടാകും. ഇതോടൊപ്പം 24 കിടക്കകളുള്ള ഡോർമെറ്ററികളും നിർമിക്കും. ഒന്നാം നിലയിലും രണ്ടാം നിലയിലുമായി 12 മുറികൾ വീതവും ഒപ്പം ശുചിമുറികളും ഡോർമെറ്ററികളുമുണ്ടാകും. ആകെ 72 ഡോർമെറ്ററികളും 34 മുറികളും ശുചിമുറികളുമാണ് നിർമിക്കുക. രോഗികളുടെ കൂട്ടിരിപ്പുകാരിൽ നിന്നും ബന്ധുക്കളിൽ നിന്നും മിതമായ നിരക്കിലുള്ള വാടക ഈടാക്കും. വാഹന പാർക്കിങ് സൗകര്യവുമുണ്ടാകും. ഹൗസിങ് ബോർഡിന്റെ പ്ലാൻ ഫണ്ടിൽ നിന്നുള്ള പണം ചെലവഴിച്ചാണ് നിർമാണം. രോഗികളുടെ കൂട്ടിരിപ്പുകാർക്കും ബന്ധുക്കൾക്കും ആശുപത്രിയിൽ താമസിക്കാൻ സൗകര്യമില്ലാത്തതിനാൽ നിലവിൽ വരാന്തകളിലും ഇടനാഴികളിലുമായാണ് വിശ്രമ സൗകര്യം കണ്ടെത്തിയിരുന്നത്. ഇത് ആശുപത്രിയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചിരുന്നു.

യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷയായി. ഹൗസിങ് ബോർഡ് എക്‌സിക്യൂട്ടീവ് എൻജിനീയർ ജെ. റെക്‌സ് പദ്ധതി വിശദീകരിച്ചു. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.കെ. ശശികല, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബാ രാകേഷ്, ജില്ലാ പഞ്ചായത്തംഗം പി. അഞ്ജു, ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. പ്രദീപ്തി സജിത്ത്, പഞ്ചായത്തംഗം സുനിത പ്രദീപ്, ആശുപത്രി സൂപ്രണ്ട് ഡോ. സജീവ് ജോർജ്ജ് പുളിക്കൽ, ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. അബ്ദുൾ സലാം, ആർ എം.ഒ. ഡോ. നോനാം ചെല്ലപ്പൻ, ഹൗസിങ് ബോർഡ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ സജീവൻ, അസിസ്റ്റൻറ് എൻനീയർ ഹാഷിം എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *