കുട്ടികളെ സംരക്ഷിക്കാം ; ശുചീകരണത്തിൽ പങ്കാളിയാകാം; സംഘടനകളോട് പൊതുവിദ്യാഭ്യാസ മന്ത്രിയുടെ അഭ്യർഥന

Spread the love
പ്ലസ് വൺ പരീക്ഷക്ക് മുന്നോടിയായി സെപ്റ്റംബർ 2,3,4 തീയതികളിൽ പൊതുജന പങ്കാളിത്തത്തോടെ ക്ലാസ് മുറികളും സ്കൂളുകളും ശുചീകരിക്കും. പ്രധാനമായും അണുനശീകരണ പ്രവർത്തനങ്ങളാണ് നടത്തുക. ഓൺലൈൻ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് രൂപീകരിച്ച തദ്ദേശഭരണ സ്ഥാപന പ്രതിനിധി ചെയർമാനും സ്കൂൾ പ്രിൻസിപ്പൽ കൺവീനറുമായ സമിതി ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.എംഎൽഎമാർ ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അഭ്യർത്ഥിച്ചു.
ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 4 വരെ മാതൃകാ പരീക്ഷകൾ നടത്തും. കുട്ടികൾക്ക് ചോദ്യപേപ്പർ അതാത് ദിവസം രാവിലെ ഹയർസെക്കൻഡറി പോർട്ടൽ വഴി നൽകും. കുട്ടികൾക്ക് വീട്ടിൽ ഇരുന്ന് പരീക്ഷയെഴുതാം. പരീക്ഷക്കു ശേഷം അധ്യാപകരോട് ഓൺലൈനിൽ സംശയ ദൂരീകരണവും നടത്താം.
പരീക്ഷയുമായി ബന്ധപ്പെട്ട് ആർഡി ഡി മാർ, എ ഡിമാർ, ജില്ലാ കോ-ഓഡിനേറ്റർമാർ, അസിസ്റ്റന്റ് കോ -ഓർഡിനേറ്റർമാർ എന്നിവർ പങ്കെടുക്കുന്ന യോഗം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി നാളെ (28-08-2021) രാവിലെ 10.30 ന് വിളിച്ചു ചേർത്തിട്ടുണ്ട്. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിൽ എല്ലാ സ്കൂളുകളിലേയും ചീഫ് സൂപ്രണ്ടുമാരുടെ യോഗം ഓൺലൈനായി ചേർന്നിരുന്നു.
മൊത്തം 2027 കേന്ദ്രങ്ങളിൽ ആണ് പരീക്ഷ നടക്കുന്നത്.ഗൾഫിൽ എട്ട് കേന്ദ്രങ്ങളിലും ലക്ഷദ്വീപിൽ ഒമ്പത് കേന്ദ്രത്തിലും മാഹിയിൽ ആറ് കേന്ദ്രങ്ങളിലും പരീക്ഷ നടക്കുന്നുണ്ട്.
കോവിഡ് ബാധിച്ച കുട്ടികൾക്ക് പരീക്ഷ എഴുതാൻ പ്രത്യേക ക്ലാസ് മുറികൾ ഒരുക്കും. ഈ കുട്ടികളുടെ ഉത്തരക്കടലാസുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രത്യേകം കവറുകളിലാക്കി സൂക്ഷിക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *