ആലപ്പുഴ: കുട്ടനാട് മംഗലം മാണിക്യ മംഗലം കായല്‍ പ്രദേശത്ത് പുറം ബണ്ടില്‍ മടകെട്ടുന്നതിന് 50 ലക്ഷം രൂപ അനുവദിച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ ഉത്തരവ്. ഭരണാനുമതി ലഭിച്ച് മാസങ്ങളായിട്ടും ധനകാര്യ അനുമതി ലഭിക്കാത്തതിനാല്‍ മടകുത്തുന്നത് വൈകുകയായിരുന്നു. തുടര്‍ന്നാണ് വിഷയത്തില്‍ മന്ത്രി ഇടപെട്ടതും അടിയന്തരമായി പദ്ധതി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തത്.
368 ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കുന്നതാണ് പദ്ധതി. ബണ്ട് പുനര്‍നിര്‍മാണം സെപ്റ്റംബറില്‍ തന്നെ പൂര്‍ത്തീകരിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. കൃഷി വകുപ്പിന്റെ കാര്‍ഷിക കലണ്ടര്‍ പ്രകാരം നവംബര്‍ രണ്ടിന് മുന്‍പായി വിതയ്‌ക്കേണ്ടതും മാര്‍ച്ചില്‍ വിളവെടുപ്പ് പൂര്‍ത്തീകരിക്കേണ്ടതുമാണ്. ഇതു നടന്നില്ലെങ്കില്‍ നൂറു കണക്കിന് കര്‍ഷകരും കര്‍ഷക തൊഴിലാളികള്‍ക്കും തൊഴില്‍ നഷ്ടമുണ്ടാവുകയും ചെയ്യുമായിരുന്നു. മന്ത്രിയുടെ ഇടപെടല്‍ മൂലം ഈ പ്രതിസന്ധിയാണ് പരിഹരിക്കപ്പെട്ടത്.