രമേശ് ചെന്നിത്തലയുടെ വാര്‍ത്താ സമ്മേളനം
( 1-09-21)
സ്പ്രിംഗ്‌ളര്‍: മുഖ്യമന്ത്രിയെയും ശിവശങ്കരനെയും വെള്ള പൂശാനുള്ള ഉദ്യോഗസ്ഥ തല റിപ്പോര്‍ട്ട് തള്ളണം, ജുഡീഷ്യല്‍ അന്വേഷണം നടത്തണം: രമേശ് ചെന്നിത്തല
തിരുവനന്തപുരം: സ്പ്രിംഗളര്‍ ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും ഐ.ടി സെക്രട്ടറിയായിരുന്ന ശിവശങ്കരനെയും വെള്ളപൂശുന്നതിനും രക്ഷപ്പെടുത്തുന്നതിനും വേണ്ടി തയ്യാറാക്കിയ ശശിധരന്‍ നായര്‍ കമ്മിറ്റി റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞ് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
സ്പ്രിംഗളര്‍ ഇടപാടിനെപ്പറ്റി ആദ്യം അന്വേഷിച്ച കേന്ദ്ര സര്‍ക്കാരിന്റെ മുന്‍ഐ.ടി സെക്രട്ടറിയും വ്യോമയാന സെക്രട്ടറിയുമായ മാധവന്‍ നമ്പ്യാരും രാജ്യത്തെ അറിയപ്പെടുന്ന സൈബര്‍ സുരക്ഷാ വിദഗ്ധനുമായ ഡോ.ഗുല്‍ഷന്‍ റായിയും അടങ്ങുന്ന സമിതി ഈ ഇടപാടിനെപ്പറ്റി പ്രതിപക്ഷ നേതാവെന്ന നിലയ്ക്ക് അന്ന് ഞാന്‍ ചൂണ്ടിക്കാട്ടിയ വസ്തുതകള്‍ അക്ഷരം പ്രതി ശരി വച്ചിരുന്നു.ആ റിപ്പോര്‍ട്ട് അട്ടിമറിക്കുന്നതിനും സര്‍ക്കാരിന്റെ മുഖം രക്ഷിക്കുന്നതിനുമാണ് നിയമ സെക്രട്ടറി ശശിധരന്‍ നായരുടെ നേതൃത്വത്തില്‍ രണ്ടാമതൊരു ഉദ്യോഗസ്ഥ തല സമിതിയെ വച്ചത്. ഈ ഉദ്യോഗസ്ഥ തല സമിതിക്ക് മാധവന്‍ നമ്പ്യാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പരിശോധിക്കാനുള്ള യാതൊരു യോഗ്യതയുമില്ല.
റിപ്പോര്‍ട്ട് അട്ടിമറിക്കുന്നതിനും സര്‍ക്കാരിനെ വെള്ള പൂശുന്നതിനും അവര്‍ ശ്രമിച്ചെങ്കിലും പ്രതിപക്ഷം പുറത്തു കൊണ്ടു വന്ന വസ്തുതകളെ ശരിവയ്ക്കാന്‍ അവരും നിര്‍ബന്ധിതരായിരിക്കുന്നു.
നടപടിക്രമങ്ങള്‍ പാലിക്കാതെയും നിയമങ്ങള്‍ കാറ്റില്‍ പറത്തിയും ആരെയും അറിയിക്കാതെ പരമരഹസ്യവുമായാണ് സ്പിംഗളര്‍ എന്ന അമേരിക്കന്‍ കമ്പനിയുമായി കരാര്‍ ഒപ്പിട്ടതെന്ന പ്രതിപക്ഷത്തിന്റെ മുഖ്യ ആരോപണം അതേ പടി ഉദ്യാഗസ്ഥ സമിതിയും ശരിവച്ചിരിക്കുകയാണ്.
നടപടിക്രമങ്ങള്‍ പാലിക്കാതെയും ഡാറ്റയുടെ സുരക്ഷ ഉറപ്പ് വരുത്താതെയും വീട്ടു കാര്യം പോലെ തന്നിഷ്ടപ്രകാരമാണ് ഐ.ടി പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരുന്ന ശിവശങ്കരന്‍ കരാര്‍ ഒപ്പിട്ടതെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥ സമിതി പക്ഷേ ശിവശങ്കരന്‍ കുറ്റക്കാരനല്ല എന്ന് വിധിച്ചത് വിചിത്രമാണ്.
ശിവശങ്കരന്‍ തെറ്റു ചെയ്തു , പക്ഷേ കുറ്റക്കാരനല്ല എന്നാണ് ഉദ്യോഗസ്ഥ സമിതി പറയുന്നത്. അത് വിചിത്രമാണ്. അപ്പോള്‍ പിന്നെകുറ്റക്കാരന്‍ ആരാണ്?
ശിവശങ്കരനെ മാത്രമല്ല, മുഖ്യമന്ത്രിയെയും രക്ഷിക്കാനുള്ള ഗൂഢമായ നീക്കമാണ് ഉദ്യോഗസ്ഥ സമിതി നടത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയെ ഒന്നും അറിയിച്ചിരുന്നില്ലെന്നും അദ്ദേഹം ഒന്നും അറിഞ്ഞിരുന്നില്ലെന്നും കമ്മിറ്റി പറയുന്നത് സാമാന്യ ബോധമുള്ള ആരും വിശ്വസക്കില്ല.
മുഖ്യമന്ത്രിയെ അറിയിക്കാതെ അദ്ദേഹത്തിന്റെ വലംകൈ ആയിരുന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറി ഒരു അമേരിക്കന്‍ കുത്തക കമ്പനിയുമായി ഇത്രയും വലിയ ഒരു കരാറില്‍ ഒപ്പിടില്ല എന്നത് പകല്‍ പോലെ വ്യക്തമാണ്.
ചീഫ് സെക്രട്ടറിയെപ്പോലും അറിയിക്കാതെ മുഖ്യമന്ത്രിയെ മാത്രം എല്ലാ കാര്യങ്ങളും അറിയിച്ചാണ് കരാര്‍ ഒപ്പിട്ടത്.
മുഖ്യമന്ത്രി എല്ലാ കാര്യങ്ങളും അറിഞ്ഞിരുന്നു. അതിനാലാണ് ഈ കൊള്ള വിവരം ഞാന്‍ പുറത്തു കൊണ്ടു വന്നപ്പോള്‍ മുഖ്യമന്ത്രി ശിവശങ്കരനെ വഴി വിട്ട് ന്യായീകരിച്ചത്. സത്യസന്ധനായ ഉദ്യോഗസ്ഥനാണ് ശിവശങ്കരനെന്നും അദ്ദേഹത്തിന്റെ ആത്മവീര്യം കെടുത്തരുതെന്നും മുഖ്യമന്ത്രി പറഞ്ഞത് അദ്ദേഹം എല്ലാം അറിഞ്ഞിരുന്നതിനാലാണ്.
കോവിഡിന്റെ മറവില്‍ കേരളീയരുടെ ആരോഗ്യ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിക്ക് വിറ്റ് കാശാക്കാനാനുള്ള ഹീനമായ പദ്ധതിയാണ് പ്രതിപക്ഷം പൊളിച്ചത്.
മുന്‍ഐ.ടി സെക്രട്ടറി മാധവന്‍ നന്വ്യാരുടെയും സൈബര്‍ സുരക്ഷാ വിദഗ്ധന്‍ ഗുല്‍ഷന്‍ റായ് എന്നിവരുടെയും കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ കുറ്റക്കാര്‍ക്കെതിരെ നിയമാനുസൃതമായ നടപടിയാണ് എടുക്കേണ്ടത്.
അതിന് പകരം യാതൊരു യോഗ്യതയുമില്ലാത്ത ഒരു ഉദ്യോഗസ്ഥ തല സമിതിയെ പടച്ചുണ്ടാക്കി സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനുള്ള റിപ്പോര്‍ട്ട് എഴുതി വാങ്ങാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്.
1.80 ലക്ഷം കേരളീയരുടെ ആരോഗ്യ വിവരം സ്പരിംഗളറിന്റെ കൈവശം എത്തിക്കഴിഞ്ഞിരുന്നു എന്നും അത് ദുരുപയോഗപ്പെടുത്തില്ല എന്ന് ഉറപ്പു പറയാനാവില്ലെന്നുമാണ് മാധവന്‍ നമ്പ്യാര്‍ കമ്മിറ്റി കണ്ടെത്തിയത്.
ഇത് ഗുരുതരമായ കാര്യമാണ്.
ഉദ്യോഗസ്ഥ സമിതിയുടെ റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞ ശേഷം മാധവന്‍ നമ്പ്യാര്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ശനമായനിയമ പടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം.
ഈ നിഗൂഢമായ കരാറിന്റെ പിന്നിലെ സത്യാവസ്ഥ മുഴുവന്‍ പുറത്തു കൊണ്ടു വരുന്നതിനായി ജുഡീഷ്യ്ല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാവണം എന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.