സ്പ്രിന്‍ക്ലര്‍ ഇടപാടിലൂടെ 1.80 ലക്ഷം പേരുടെ ഡാറ്റ അമേരിക്കാന്‍ കമ്പനിയ്ക്ക് വിറ്റുതുലയ്ക്കാന്‍ ശ്രമിച്ച പിണറായി സര്‍ക്കാര്‍ വിദഗ്ധ സമിതികളെ ഉപയോഗിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന് പകരം കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയാണ് എടുക്കേണ്ടതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി.
സ്പ്രിന്‍ക്ലര്‍ ഇടപാടിലെ ഒന്നാം പ്രതി മുഖ്യമന്ത്രിയാണ്. അതിനാലാണ് ഒന്നിന് പിറകെ ഒന്നായി വിദഗ്ധ സമിതികളുടെ മംഗളപത്രത്തിന്റെ വെളിച്ചത്തില്‍ തടിതപ്പാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നത്.കോവിഡ് വിവരവിശകലനത്തിന് സ്പ്രിന്‍ക്ലര്‍ കമ്പനിയെ ചുമതലപ്പെടുത്തിയതില്‍ ഗുരുതര വീഴ്ചയുണ്ടായിയെന്ന് മുഖ്യമന്ത്രി ചുമതലപ്പെടുത്തിയ രണ്ടു വിദഗ്ധ സമിതികളും കണ്ടെത്തിയിട്ടുണ്ട്.
നിയമ,ധന,ആരോഗ്യ,തദ്ദേശഭരണ വകുപ്പുകളുമായോ ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതിയുമായോ ചര്‍ച്ച നടത്താതെയാണ് അന്നത്തെ ഐടി പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ കരാര്‍ ഒപ്പിട്ടതെന്ന കണ്ടെത്തല്‍ മുന്‍ നിയമ സെക്രട്ടറി കെ ശശിധരന് നായരുടെ നേതൃത്വത്തിലുള്ള രണ്ടാം വിദഗ്ധ സമിതിയും ശരിവെച്ചിരിക്കുകയാണ്. ആദ്യ സമിതിയുടെ കണ്ടെത്തലില്‍ പ്രതിസ്ഥാനത്തുള്ള എം ശിവശങ്കറിനെ കുറ്റവിമുക്തമാക്കാനുള്ള ശ്രമമാണ് രണ്ടാം സമിതിയുടെ ഭാഗത്ത് നിന്നുണ്ടായത്.ഇത് മുഖ്യമന്ത്രിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും താല്‍പ്പര്യം സംരക്ഷിക്കാനാണ്. സര്‍ക്കാരിന് പ്രശംസാപത്രം നല്‍കാനുള്ള പാഴ്ശ്രമമാണ് രണ്ടാം സമിതി നടത്തിയത്. അതീവ പ്രാധാന്യമുള്ള മെഡിക്കല്‍ വിവരങ്ങള്‍ ശേഖരിക്കുമ്പോള്‍ പൗരന്റെ സ്വകാര്യത സംരക്ഷിക്കാനുള്ള ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിരുന്നില്ല.
സ്പ്രിന്‍ക്ലര്‍ ഇടപാട് പുറത്ത് വന്നത് മുതല്‍ മുഖ്യമന്ത്രി ഒളിച്ചുകളി നടത്തുകയാണ്. ആരോഗ്യ ഡേറ്റ ചോരില്ലെന്ന് സര്‍ക്കാരിന് ഉറപ്പുണ്ടോയെന്നുവരെ ഒരു ഘട്ടത്തില്‍ ഹൈക്കോടതി ചോദിച്ചിരുന്നു. ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി ഭയന്ന് ഒടുവില്‍ വിവാദ കാരറില്‍ നിന്നും സര്‍ക്കാര്‍ സ്പ്രിന്‍ക്ലറെ ഒഴിവാക്കുകയായിരുന്നു. മുഖം രക്ഷിക്കാനാണ് സര്‍ക്കാര്‍ വിദഗ്ധ സമിതി റിപ്പോര്‍ട്ട് തേടിയതെന്നും സുധാകരന് പറഞ്ഞു.