ഡിട്രോയിറ്റ്: മലയാളികളുടെ മഹാ മാമാങ്കമായ ഡി. എം. എ. ഓണാഘോഷങ്ങളുടെ ഭാഗമായി രണ്ടു സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് ആയിരം ഡോളര്‍ വീതം വാര്‍ഷിക സ്‌കോളര്‍ഷിപ് നല്‍കുന്ന പുതിയൊരു വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിക്ക് തുടക്കം കുറിച്ചു.
അക്കാദമിക് മികവിനോടൊപ്പം സാമൂഹ്യ പ്രതിബദ്ധതയും കലാസാംസ്കാരിക നൈപുണ്യങ്ങളും വിലയിരുത്തി വിജയികളെ തെരഞ്ഞെടുക്കുന്ന നവീന രീതിയാണ് ഈ സ്‌കോളര്‍ഷിപ്പിലൂടെ സംഘടന ലക്ഷ്യമിടുന്നത്. അസോസിയേഷന്‍ അംഗങ്ങളുടെ കലാ സാംസ്കാരിക പരിപോഷണത്തോടൊപ്പം സഹായം അര്‍ഹിക്കുന്ന സഹജീവികള്‍ക്കായി നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന ഡി. എം. എ. അടുത്ത തലമുറയില്‍ നിന്നും മാതൃകയായ പഠിതാവിനോടൊപ്പം സഹജീവികളോട് സഹാനുഭൂതിയും ആര്‍ദ്രതയും പുലര്‍ത്തുന്ന ഒരു വിദ്യാര്‍ത്ഥി സമൂഹത്തെക്കൂടിയാണ് ഈ പ്രോത്സാഹനത്തിലൂടെ വിഭാവനം ചെയ്യുന്നത്.
സാമൂഹ്യ രംഗത്തും കലാ രംഗത്തും അക്കാദമിക് മേഖലയിലും ഒരേപോലെ സജീവമായിട്ടുള്ള മുപ്പതോളം അപേക്ഷകരില്‍ നിന്നാണ് തുടക്കം എന്നനിലയില്‍ ഉയര്‍ന്ന നിലവാരം ഉറപ്പാക്കിയ ആവണി വിനോദ്,ഡെറിക് ദിനു ഡാനിയല്‍ എന്നി പ്രതിഭകളെ കണ്ടെത്തി ഷോളര്ഷിപ് നല്‍കി ആദരിച്ചത്.
സംഘടനാ നേതൃത്വത്തിലും അക്കാദമിക് മേഖലയിലും ശ്രദ്ധേയരായിട്ടുള്ള ജിജി പോള്‍, മാത്യു ചെരുവില്‍, മധു നായര്‍, പ്രൊ: റെനി റോജന്‍, ഡോ: ദീപ്തി നായര്‍ എന്നിവരടങ്ങിയ വിധിനിര്‍ണ്ണയ സമിതിയാണ് വിജയികളെ കണ്ടെത്തിയത്.
വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഈ സ്‌കോളര്ഷിപ്പിന്റെ ആനുകൂല്യം എത്തിക്കാന്‍ ശ്രമിക്കുമെന്ന് വ്യക്തമാക്കിയ പ്രസിഡന്റ് നോബിള്‍ തോമസ് സെക്രട്ടറി റോജന്‍ തോമസ് ട്രഷറര്‍ സഞ്ജു കോയിത്തറ എന്നിവര്‍ ഇപ്രാവശ്യത്തെ സ്‌കോളര്‍ഷിപ് തുക സംഭാവനയായി നല്‍കിയ കോശി ജോര്‍ജിനെയും പോള്‍ ഫാമിലി ഫൗണ്ടേഷനെയും പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.