മന്ത്രി ഇടപെട്ടു; കൊടുങ്ങല്ലൂർ- ചന്തപ്പുര ബൈപ്പാസിന് ശാപമോക്ഷം

Spread the love

തൃശ്ശൂർ: വർഷക്കാലം സമ്മാനിച്ച ദുരിതത്തിൽ നിന്ന് കൊടുങ്ങല്ലൂർ- ചന്തപ്പുര ബൈപ്പാസിന് ശാപമോക്ഷം. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നിർദ്ദേശത്തെ തുടർന്ന് ബൈപ്പാസ് സർവീസ് റോഡുകളിൽ രൂപം കൊണ്ടിരുന്ന കുഴികൾ ദേശീയപാത അധികൃതരുടെ നേതൃത്വത്തിൽ അടച്ചു. ചന്തപ്പുര മുതൽ കോട്ടപ്പുറം വരെ നീളുന്ന ബൈപ്പാസിൽ മഴക്കാലം ആരംഭിച്ചതിനെ തുടർന്നാണ് രണ്ട് ഭാഗത്തുമുള്ള സർവ്വീസ് റോഡുകളിൽ കുഴികൾ രൂപപ്പെട്ടത്.

മൂന്നരക്കിലോമീറ്റർ ദൂരത്തിൽ രൂപം കൊണ്ട വലിയ കുഴികളിൽ വീണ് യാത്രികർക്ക് അപകടം പറ്റുക പതിവായിരുന്നു. ഇതാണ് സംസ്ഥാന പൊതുമരാമത്ത് വകുപ്പിലെ ദേശീയ പാത അധികൃതരുടെ നേതൃത്വത്തിൽ ടെണ്ടർ വിളിച്ച് കരാർ നൽകി അടക്കാൻ ആരംഭിച്ചത്.

കൊടുങ്ങല്ലൂർ ദേശീയപാത എക്സിക്യൂട്ടീവ് എൻജിനീയറുടെ മേൽനോട്ടത്തിലായിരുന്ന ഈ ബൈപ്പാസ് അടുത്ത കാലത്താണ് കേന്ദ്രസർക്കാരിന്റെ അധീനതയിലുള്ള നാഷണൽ ഹൈവേ അതോറിറ്റിക്ക് കൈമാറിയത്. മഴക്കാലത്തിന് മുമ്പ് ചെയ്ത് തീർക്കേണ്ട റോഡ് അറ്റകുറ്റപ്പണികൾ ചെയ്യുന്നതിന് നേരത്തെ തന്നെ നഗരസഭ അധികൃതരും അഡ്വ.വി ആർ സുനിൽകുമാർ എം എൽ എയും അതോറിറ്റിയുമായി നിരന്തരമായി ബന്ധപ്പെട്ടിട്ടും ഫലമുണ്ടായിരുന്നില്ല. മഴപെയ്ത് തുടങ്ങിയതോടെ ബൈപ്പാസിൽ വ്യാപകമായി കുഴികൾ ഉണ്ടാകുകയും ഒട്ടേറെ വാഹനാപകടങ്ങൾക്ക് ഇടയാക്കുകയും ചെയ്തിരുന്നു.

വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും പ്രക്ഷോഭങ്ങൾ നടത്തി യിട്ടും കുഴിയടക്കാൻ അധികൃതരുടെ ഭാഗത്തു നിന്ന് നടപടികളുണ്ടായില്ല. തുടർന്നാണ് എം എൽ യും നഗരസഭാധികൃതരും പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയസുമായി ബന്ധപ്പെട്ടത്. മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് കുഴികളടക്കാൻ എൻ എച്ച് അതോറിറ്റി 34 ലക്ഷം രൂപ സംസ്ഥാന ദേശീയപാത എക്സിക്യൂട്ടീവ് എൻജിനിയറുടെ അക്കൗണ്ടിൽ ഡെപ്പോസിറ്റ് ചെയ്ത് പണികൾ ആരംഭിക്കുവാൻ ആവശ്യപ്പെടുകയായിരുന്നു.

വ്യാഴാഴ്ച രാവിലെ ചന്തപ്പുര ജംഗ്ഷനിൽ ആരംഭിച്ച കുഴിയടക്കൽ ജോലികൾ നിരീക്ഷിക്കുന്നതിന് അഡ്വ വി ആർ സുനിൽകുമാർ, കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സൺ എം യു. ഷിനിജ, വൈസ് ചെയർമാൻ കെ ആർ ജൈത്രൻ എന്നിവർ സ്ഥലത്ത് സന്നിഹിതരായിരുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *