ഏറ്റുമാനൂരിലെ വികസനപദ്ധതികളുടെ സ്ഥലമേറ്റെടുപ്പ് വേഗത്തിലാക്കാന്‍ നടപടി

post

കോട്ടയം: ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തിലെ വിവിധ വികസന പദ്ധതികള്‍ക്കുള്ള സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കുമെന്ന് സഹകരണ-രജിസ്ട്രേഷന്‍ വകുപ്പു മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. കളക്ട്രേറ്റില്‍ നടന്ന ഏറ്റുമാനൂര്‍ നിയോജകമണ്ഡലത്തിന്റെ വികസന പദ്ധതികളുടെ അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.

അതിരമ്പുഴ ടൗണ്‍ വികസന പദ്ധതിക്കായി സ്ഥലമേറ്റെടുപ്പിനുള്ള വിലനിര്‍ണയിക്കുന്ന വിശദമായ വാല്യുവേഷന്‍ സ്റ്റേറ്റ്മെന്റ് തയാറാക്കിക്കഴിഞ്ഞു. സെപ്റ്റംബര്‍ 23 ന് ആരംഭിച്ച് 30 നുള്ളില്‍ സ്ഥലമുടമകളുടെ ഹിയറിങ് പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 93.22 കോടി രൂപ ചെലവില്‍ നടപ്പാക്കുന്ന ഏറ്റുമാനൂര്‍ നഗരസഭ ശുദ്ധജല വിതരണ പദ്ധതിയുടെ പുരോഗതി യോഗം വിലയിരുത്തി. കാണക്കാരി, മാഞ്ഞൂര്‍, അതിരമ്പുഴ പഞ്ചായത്തുകളിലെ 1.11 ലക്ഷം പേര്‍ക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതിയുടെ സ്ഥലമേറ്റെടുപ്പിനായി സെപ്റ്റംബര്‍ 30 നകം സര്‍വേ നടപടികള്‍ പൂര്‍ത്തീകരിക്കും.

പൂവത്തുംമൂട് റോ വാട്ടര്‍ പമ്പ് ഹൗസില്‍ പവര്‍ എന്‍ഹാന്‍സ്മെന്റ് നടത്തുന്നതിന് കെ.എസ്. ഇ.ബി. എസ്റ്റിമേറ്റ് നല്‍കും. വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കുന്നതിന് കെ.എസ്.ഇ.ബി.യുടെ പ്രത്യേക ഉത്തരവ് നല്‍കാമെന്ന് വൈദ്യുതി മന്ത്രി അറിയിച്ചതായി മന്ത്രി പറഞ്ഞു. പട്ടിത്താനം-മണര്‍കാട് ബൈപാസിന്റെ നിര്‍മാണ പുരോഗതി വിലയിരുത്തി. കാരിത്താസ്-അമ്മഞ്ചേരി റോഡിന്റെ ബി.എം.ബി.സി. ടാറിംഗ് അടുത്തയാഴ്ച ആരംഭിക്കും. മന്ത്രിയുടെ സാന്നിധ്യത്തില്‍ ഏറ്റുമാനൂര്‍ റിംഗ് റോഡിന്റെ സ്ഥലപരിശോധന ഞായറാഴ്ചയും പട്ടിത്താനം-മണര്‍കാട് റോഡിന്റേത് ചൊവ്വാഴ്ചയും നടക്കും.

യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ, ഏറ്റുമാനൂര്‍ നഗരസഭാധ്യക്ഷ ലൗലി ജോണ്‍, ഡെപ്യൂട്ടി കളക്ടര്‍ മുഹമ്മദ് ഷാഫി, പൊതുമരാമത്ത് റോഡ് വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പി. ശ്രീലേഖ, കെ.ആര്‍.എഫ്.ബി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പി.എസ്. റോയി, വാട്ടര്‍ അതോറിറ്റി പ്രോജക്ട് ഡിവിഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ആര്‍. രാജേഷ് ഉണ്ണിത്താന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *