ചങ്ങനാശേരി – കുട്ടനാട് പിക്‌നിക്ക് അവിസ്മരണീയമായി
ആന്റണി ഫ്രാന്‍സീസ് വടക്കേവീട്
ചിക്കാഗോ: സഹവസിക്കാനും സഹകരിക്കാനും സഹജീവികളെ പരിഗണിക്കാനും തയാറായാല്‍ പരിമിത വിഭവങ്ങളുടെ പരമാവധി ഉപയോഗം സാധ്യമാക്കാന്‍ സാധിക്കും എന്ന് തെളിയിച്ച ചങ്ങനാശേരി – കുട്ടനാട് പിക്‌നിക്ക് അവിസ്മരണീയമായി.
അക്കരപ്പച്ച നോക്കിയിരിക്കാതെയും അനാരോഗ്യകരമായ മത്സരങ്ങള്‍ക്ക് നിന്നുകൊടുക്കാതെയും ആര്‍ജിച്ച കഴിവുകള്‍ ഉപയോഗിച്ച് അവശേഷിക്കുന്ന സ്വപ്നങ്ങളിലേക്കുള്ള ഒരു തീര്‍ത്ഥാടനമായിരുന്നു ചിക്കാഗോയില്‍ സ്ഥിരതാമസക്കാരായ ചങ്ങനാശേരി – കുട്ടനാട് നിവാസികളും, ചങ്ങനാശേരി എസ്ബി- അസംപ്ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ചിക്കാഗോ ചാപ്റ്റര്‍ അംഗങ്ങളും അഭ്യുദയകാംക്ഷികളും സെപ്റ്റംബര്‍ പതിനൊന്നിനു പകല്‍ മോര്‍ട്ടന്‍ഗ്രോവിലുള്ള ലിന്‍സ് വുഡ് പാര്‍ക്കിലേക്ക് നടത്തിയ ചങ്ങനാശേരി – കുട്ടനാട് പിക്‌നിക്കിലേക്കുള്ള ചുവടുവയ്പുകള്‍.
രാവിലെ പത്തിന് പിക്‌നിക്ക് ആരംഭിച്ചു. ജോസഫ് നെല്ലുവേലി പിക്‌നിക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. മനോജ് തോമസ്, സണ്ണി വള്ളിക്കളം, ബിജി കൊല്ലാപുരം എന്നിവര്‍ യഥാക്രമം സ്വാഗതവും, ആശംസയും, നന്ദിയും പറഞ്ഞു.
കൂട്ടായ്മയുടെ വൈവിധ്യത, ജനസാന്നിധ്യം, അനുകൂലമായ കാലാവസ്ഥ, വിഭവസമൃദ്ധമായ ഭക്ഷണ പാനീയങ്ങള്‍, പ്രായഭേദമെന്യേ വിവിധ മത്സര വിനോദ പരിപാടികള്‍ എന്നിവ പങ്കെടുത്ത ഏവരേയും കൂടുതല്‍ ആസ്വാദ്യജനകവും സജീവവുമാക്കിക്കൊണ്ട് അവിസ്മരണീയ അനുഭവം സമ്മാനിച്ചു.
ജനസേവനത്തിലൂടെ ലോക സേവനമെന്ന മഹത്തായ ആശയവും സൗഹൃദ കൂട്ടായ്മയും സഹജീവികളോടുള്ള പരസ്പര ബഹുമാനവും അംഗീകാരവും എന്ന വലിയ ലക്ഷ്യത്തിലേക്ക് യാത്ര ചെയ്യുകയുമെന്നതുമാണ് നമ്മുടെ ഈ പിക്‌നിക്കിന്റെ പ്രധാനപ്പെട്ട ഉദ്ദേശലക്ഷ്യങ്ങള്‍.
പ്രാദേശികമായ വൈവിധ്യങ്ങളും വൈരുദ്ധ്യങ്ങളുമാണ് അതതു പ്രദേശവാസികളുടെ ഊടും ഉറപ്പും എന്ന യാഥാര്‍ത്ഥ്യം ചങ്ങനാശേരി- കുട്ടനാട് നിവാസികള്‍ ഈ സൗഹൃദ കൂട്ടായ്മയിലൂടെ തിരിച്ചറിഞ്ഞു.
ആഗ്രഹവും ആര്‍ജ്ജവവും നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവും കൂടെയുള്ള ഏതാനും വ്യക്തികള്‍ കാര്യദര്‍ശികളായി പിക്‌നിക്ക് നടത്തുന്നതിനുവേണ്ടി അണിനിരന്നപ്പോള്‍ വലിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാനും യാഥാര്‍ത്ഥ്യമാക്കുവാനും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ സാധിച്ചു. പിക്‌നിക്കിന്റെ വന്‍ വിജയത്തിന്റെ പിന്നിലെ രഹസ്യവും അതുതന്നെ.
സ്വന്തം പരിമിതികള്‍ക്കുള്ളില്‍ നിന്നു പ്രവര്‍ത്തിക്കാനുള്ള ക്ഷമയും മനസാന്നിധ്യവുമാണ് പ്രവര്‍ത്തന വേദികളേയും കര്‍മ്മരംഗത്തേയും വിശിഷ്ടമാക്കുന്നതെന്ന് ഈ പിക്‌നിക്കിന്റെ വിജയകരമായ നടത്തിപ്പിലൂടെ ഒരിക്കല്‍ക്കൂടി തെളിയിച്ചു.
കാര്യദര്‍ശികളായി ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ വ്യക്തികളുടേയും മനസില്‍ ബാക്കിയായതു ചാരിതാര്‍ത്ഥ്യം മാത്രമാണെന്നതു തീര്‍ച്ചയാണ്.
പിക്‌നിക്ക് വൈകുന്നേരം ആറു മണിക്ക് പര്യവസാനിച്ചു. പിക്‌നിക്കിന്റെ വിജയത്തിനു നേതൃത്വം നല്‍കിയവര്‍: മനോജ് തോമസ് (ജനറല്‍ കോര്‍ഡിനേറ്റര്‍), കോര്‍ഡിനേറ്റേഴ്‌സായ ബിജി കൊല്ലാപുരം, ബോബന്‍ കളത്തില്‍, സെബാസ്റ്റ്യന്‍ വാഴേപ്പറമ്പില്‍, ഷിബു അഗസ്റ്റിന്‍, ജോഷി വള്ളിക്കളം, ജോജോ വെങ്ങാന്തറ, രാജന്‍ തലവടി, സാലിച്ചന്‍ തായങ്കരി, സണ്ണി വള്ളിക്കളം, ആന്റണി ഫ്രാന്‍സീസ് എന്നിവരാണ്.