ആശുപത്രികളില്‍ ആര്‍ദ്രതയോടെയുള്ള സേവനം ഉറപ്പാക്കും: മന്ത്രി വീണാ ജോര്‍ജ്

Spread the love

കോവിഡ് മരണങ്ങളില്‍ ഏറെയും അനുബന്ധ രോഗമുള്ളവര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ആശുപത്രികളില്‍ ആര്‍ദ്രതയോടെയുള്ള സേവനം ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആവിഷ്‌ക്കരിച്ച ആര്‍ദ്രം മിഷന്റെ ഭാഗമായി നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് നടന്നത്. ഈ അഞ്ചു വര്‍ഷക്കാലവും അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുന്നതിന് വേണ്ടിയിട്ടുള്ള പദ്ധതികളാണ് ഏറ്റെടുത്തിട്ടുള്ളത്. അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം തന്നെ ഗുണനിലവാരമുള്ള മികച്ച ചികിത്സ, മികച്ച സേവനം എന്നിവ ആശുപത്രികളില്‍ ലഭ്യമാക്കുക എന്നതും ഉത്തരവാദിത്തമാണ്. ആര്‍ദ്രമെന്ന വാക്ക് ലക്ഷ്യമിടുന്നത് പോലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയ്ക്ക് വരുന്ന ഓരോ വ്യക്തിയ്ക്കും ആര്‍ദ്രതയോടെയുള്ള സേവനം ലഭിക്കുന്നു എന്നുകൂടി ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴില്‍ വരുന്ന 158 ആരോഗ്യ സ്ഥാപനങ്ങളിലെ 16.69 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കോവിഡിനോടൊപ്പം തന്നെ പകര്‍ച്ച വ്യാധികളും ഒരു വെല്ലുവിളിയാണ്. ജീവിതശൈലി രോഗങ്ങളും അനുബന്ധ രോഗങ്ങളും ഉള്ളവര്‍ക്കിടയില്‍ കോവിഡ് മരണങ്ങള്‍ കൂടുന്നതായി കാണുന്നു. ഇത്തരത്തിലുള്ള മരണങ്ങള്‍ 60 ശതമാനത്തിന് മുകളില്‍ വരും. ജീവിതശൈലീ രോഗങ്ങളെ കുറച്ച് കൊണ്ടുവരിക എന്നത് വളരെ പ്രധാനമാണ്. ഇത് കൃത്യമായി ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോകേണ്ട കാര്യമാണ്. അതിനായി ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ഉള്‍പ്പെടെ എല്ലാവരും ഒന്നിച്ച് കൊണ്ടുള്ള വലിയ ക്യാമ്പയിനായി പ്രവര്‍ത്തിക്കണം. യുവാക്കള്‍ക്കിടയിലെ ജീവിതശൈലീ രോഗങ്ങളും ശ്രദ്ധിക്കണം. ലബോറട്ടറി നെറ്റുവര്‍ക്ക് ശാക്തീകരിച്ചുകൊണ്ട് സര്‍വയന്‍സിന്റെ ഭാഗമായി ഡേറ്റ ശേഖരിക്കും. വ്യായാവും നല്ല ഭക്ഷണവും ഉറപ്പാക്കണം. ക്ഷയരോഗം മലേറിയ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ 2025 ഓടുകൂടി കേരളത്തില്‍ നിന്നും പൂര്‍ണമായി ഒഴിവാക്കുന്നതിനുള്ള കര്‍മ്മ പദ്ധതിയും ഏറ്റെടുത്തിട്ടുണ്ട്.

ഈ 100 ദിവസങ്ങള്‍ ആരോഗ്യ മേഖലയെ സംബന്ധിച്ച് വളരെയേറെ വെല്ലുവിളികളൂടെ കടന്നുപോയ ഘട്ടമാണ്. ആ വെല്ലുവിളികള്‍ അതിന്റെ തീവ്രത കുറഞ്ഞിട്ടുണ്ടെങ്കിലും അത് പൂര്‍ണമായി അതിജീവിക്കുന്നതിന് വേണ്ടിയിട്ടുള്ള കൂട്ടായ പരിശ്രമത്തിലാണ് ഓരോരുത്തരുമുള്ളത്. കോവിഡ്, സിക്ക വൈറസ് ഏറ്റവുമൊടുവില്‍ നിപയുടെ ഒരു കേസും സംസ്ഥാനത്ത് റിപ്പോട്ട് ചെയിതിരുന്നു. പകര്‍ച്ച വ്യാധികളെ അതിജീവിക്കുന്നതിനുള്ള ഏറ്റവും മാതൃകാ പരമായിട്ടുള്ള ഐക്യത്തോടെയുള്ള പ്രവര്‍ത്തനമാണ് കേരളം നടത്തിക്കൊണ്ടിരിക്കുന്നത്.

ഈ സര്‍ക്കാര്‍ ചുമതലയേറ്റിട്ട് വളരെ കുറച്ച് ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂവെങ്കിലും പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് മുന്നോട്ട് കൊണ്ട് പോകുമ്പോഴും അതിന് സമാന്തരമായി ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടുള്ള വികസന പ്രവര്‍ത്തനങ്ങളും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും മുടങ്ങാതെ മുന്നോട്ട് കൊണ്ടു പോകുന്നതിനായുള്ള പരിശ്രമങ്ങള്‍ നല്ലരീതിയില്‍ മുന്നോട്ട് പോയിട്ടുണ്ട്. ഇതിന്റെ ഫലമായിട്ടാണ് ഈ പദ്ധതികള്‍ സാക്ഷാത്ക്കരിക്കാനായത്.

സബ് സെന്റര്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള എല്ലാ മേഖലകളിലും വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ ഈ കുറഞ്ഞ കാലത്തിനുള്ളില്‍ കഴിഞ്ഞിട്ടുണ്ട്. ഇതൊരു ടീം വര്‍ക്കാണ്. ഈ സാഹചര്യത്തില്‍ പോലും ആശുപത്രി വികസനങ്ങള്‍ക്ക് ഒട്ടും കോട്ടം തട്ടാതെയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. ഈ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച 100 ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി ജൂലൈ മാസത്തില്‍ സബ് സെന്റര്‍ മുതലുള്ള 50 ആരോഗ്യ സ്ഥാപനങ്ങളുടെ 25 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഈ പദ്ധതികളുടെ ഉദ്ഘാടനവും.

കേരളത്തിന്റെ ആരോഗ്യ മേഖലയെ സംബന്ധിച്ചടുത്തോളം ദേശീയ തലത്തില്‍ സുസ്ഥിര വികസന സൂചികയില്‍ ഒന്നാം സ്ഥാനത്താണ്. ഈ 5 വര്‍ഷം വളരെ കൃത്യമായ ലക്ഷ്യങ്ങള്‍ മുന്നില്‍ നിര്‍ത്തിക്കൊണ്ട് പ്രവര്‍ത്തിക്കുന്നതിന് വേണ്ടിയിട്ടുള്ള കര്‍മ്മ പദ്ധതികളാണ് ആവിഷ്‌ക്കരിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

126 ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകള്‍, 21 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, ഒരു സാമൂഹികാരോഗ്യ കേന്ദ്രം, 5 ജില്ലാ ആശുപത്രികള്‍, 2 ജനറല്‍ ആശുപത്രികള്‍, 2 കമ്മ്യൂണിറ്റി ഡിസെബിലിറ്റി മാനേജ്‌മെന്റ് സെന്റര്‍, ഒരു റീജിയണല്‍ ഫാമിലി വെല്‍ഫെയര്‍ സ്റ്റോര്‍ എന്നിവിടങ്ങളിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്.

അതത് സ്ഥലങ്ങളിലെ മന്ത്രിമാര്‍, എം.പി.മാര്‍., എം.എല്‍.എ.മാര്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥ പ്രമുഖര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു

Author

Leave a Reply

Your email address will not be published. Required fields are marked *