ആദിവാസി മേഖലയിലെ എല്ലാ കുട്ടികൾക്കും ലാപ്ടോപ് വേഗത്തിൽ ലഭ്യമാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി
കൈറ്റ് – വിക്ടേഴ്സ് വഴിയുള്ള ഫസ്റ്റ്ബെല്‍ ഡിജിറ്റല്‍ ക്ലാസുകളുടെ തുടര്‍ച്ചയായി ഓണ്‍ലൈന്‍ പഠനം ആരംഭിക്കുന്ന സാഹചര്യത്തില്‍ ആദിവാസി മേഖലയിലെ കുട്ടികള്‍ക്ക് ലാപ്‍ടോപ്പുകള്‍ ലഭ്യമാക്കുന്നതിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു. ആദ്യഘട്ടത്തില്‍ പത്താം ക്ലാസിലെ മുഴുവന്‍ എസ്.ടി കുട്ടികള്‍ക്കുമാണ് ലാപ്‍ടോപ്പുകള്‍ ലഭ്യമാക്കുന്നത്. പൊതുപരീക്ഷ തീരുന്ന ഉടനെ പ്ലസ്‍ടു കുട്ടികള്‍ക്കും തുടര്‍ന്ന് ഘട്ടം ഘട്ടമായി മറ്റു ക്ലാസുകളിലെ കുട്ടികള്‍ക്കും ലാപ്‍ടോപ്പുകള്‍ ലഭ്യമാക്കും.
ആദിവാസി മേഖലയിലെ കുട്ടികള്‍ക്ക് അതതു സ്കൂളുകള്‍ വഴി ലൈബ്രറി പുസ്തകങ്ങള്‍ വിതരണം ചെയ്യുന്ന മാതൃകയില്‍ ലാപ്‍ടോപ്പുകള്‍ ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ഉത്തരവില്‍ നിഷ്കര്‍ഷിച്ചിട്ടുള്ളത്.
കൈറ്റിന്റെ തിരുവനന്തപുരം ജില്ലാ ഓഫീസില്‍ വെച്ച് നടന്ന സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ഡയറക്ടര്‍ കെ. ജീവന്‍ ബാബു, കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് എന്നിവര്‍ പങ്കെടുത്തു. തിരുവനന്തപുരം ജില്ലയിലെ ജി.എച്ച്.എസ് ഉത്തരംകോട് പ്രഥമാധ്യാപിക സി.ആര്‍. ശിവപ്രിയയ്ക്ക് ലാപ്‍ടോപ്പ്
നല്‍കിക്കൊണ്ടാണ് മന്ത്രി വിതരണോദ്ഘാടനം നടത്തിയത്.