കേരള കെട്ടിട നിർമാണ തൊഴിലാളി ക്ഷേമനിധിയിൽ നിന്ന് അനർഹരെ കണ്ടെത്തി ഒഴിവാക്കാൻ തീരുമാനം ;തീരുമാനത്തെ പിന്തുണച്ച് നിർമാണ മേഖലയിലെ തൊഴിലാളി സംഘടനകൾ
കേരള കെട്ടിട നിർമാണ തൊഴിലാളി ക്ഷേമനിധിയിൽ നിന്ന് അനർഹരെ കണ്ടെത്തി ഒഴിവാക്കാൻ തീരുമാനം. തൊഴിൽ മന്ത്രി വി ശിവൻകുട്ടി വിളിച്ചു ചേർത്ത നിർമാണ മേഖലയിലെ തൊഴിലാളി സംഘടനകളുടെ യോഗത്തിൽ ആണ് തീരുമാനമെടുത്തത്. ഈ തീരുമാനത്തെ തൊഴിലാളി സംഘടനകൾ ഒന്നടങ്കം പിന്തുണച്ചു. അനർഹരെ ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതിനായി തൊഴിലാളികളുടെ ആധാർ അധിഷ്ഠിത ഡാറ്റാബേസ് തയ്യാറാക്കും .
നിർമാണ ക്ഷേമനിധി ബോർഡ് സാമ്പത്തിക പ്രതിസന്ധിയിലാണ് എന്ന് മന്ത്രി ചൂണ്ടിക്കാട്ടി. 3.18 ലക്ഷം പേർക്ക് പെൻഷൻ നൽകുന്നതിന്
പ്രതിമാസം 50 കോടി രൂപ ചിലവാകും. ഈ പശ്ചാത്തലത്തിൽ കേരള കെട്ടിട നിർമാണ തൊഴിലാളി ക്ഷേമനിധിയിലേക്കുള്ള സെസ് പിരിവ് ഊർജിതമാക്കണം. സെസ് പിരിവ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി നടത്താൻ ആണ് തീരുമാനം.
നിലവിലുള്ള സെസ് കുടിശ്ശിക പിടിച്ചെടുക്കാൻ തൊഴിൽവകുപ്പ് നടപടി സ്വീകരിക്കും . ആയതിനു വേണ്ടി സെസ് അദാലത്തുകൾ സംഘടിപ്പിക്കാനും റവന്യൂ റിക്കവറി ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു. നിർമാണ മേഖലയിലെ അതിഥി തൊഴിലാളികളെ ക്ഷേമ ബോർഡിൽ ഉൾപ്പെടുത്താനുള്ള നടപടികളും ആരംഭിക്കും.
ലേബർ കമ്മീഷണർ ഡോ : എസ് ചിത്ര ഐ എ എസ് , കേരള ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ബോർഡ് ചെയർമാൻ വി ശശികുമാർ, ആർ ചന്ദ്രശേഖരൻ, കെ പി സഹദേവൻ, കോനിക്കര പ്രഭാകരൻ,വിജയൻ കുനുശ്ശേരി, തുടങ്ങി വിവിധ തൊഴിലാളി സംഘടനാ നേതാക്കൾ പങ്കെടുത്തു.