5 മെഡിക്കല്‍ കോളേജുകളില്‍ 14.09 കോടി രൂപയുടെ 15 പദ്ധതികള്‍
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകള്‍ കേന്ദ്രീകരിച്ച് ഗവേഷണം വര്‍ധിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഗവേഷണത്തിനായി മെഡിക്കല്‍ കോളേജുകളിലെ ഭൗതിക സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. ഡേറ്റ കൃത്യമായി ശേഖരിക്കുന്ന സംസ്ഥാനമാണ് കേരളം. അത് ഗവേഷണത്തിന് ഉപയോഗിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതാണ്. മെഡിക്കല്‍ കോളേജുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാനായി ഘട്ടംഘട്ടമായുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. ഇതുകൂടാതെ അടുത്ത 5 വര്‍ഷത്തിനുള്ളില്‍ മെഡിക്കല്‍ കോളേജുകളെ റാങ്കിംഗില്‍ മുന്‍നിരയില്‍ എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടന്നു വരുന്നതായും മന്ത്രി വ്യക്തമാക്കി. സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി 5 മെഡിക്കല്‍ കോളേജുകളിലെ 14.09 കോടി രൂപയുടെ 15 പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ആരോഗ്യ വിദ്യാഭ്യാസ മേഖലയിലും സംസ്ഥാനം മുന്നില്‍ തന്നെയാണ്. മികച്ച ചികിത്സ, മെഡിക്കല്‍ വിദ്യാഭ്യാസം, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവയോടൊപ്പം തന്നെ ആശുപത്രികളുടെ വികസനവും മുന്നോട്ട് കൊണ്ട് പോകാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മെഡിക്കല്‍ കോളേജുകളില്‍ എമര്‍ജന്‍സി മെഡിസിന്‍ ഉള്‍പ്പെടെ വിദഗ്ധ ചികിത്സ ഉറപ്പാക്കും.
സംസ്ഥാനത്തെ ആശുപത്രികള്‍ മാതൃശിശു സൗഹൃദമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. നവജാത ശിശുക്കള്‍ക്ക് മുലപ്പാല്‍ നല്‍കുന്നതിന്റെ പ്രസക്തി ഏറെയാണ്. പക്ഷെ ഇക്കാര്യത്തില്‍ പലരും പിന്നോട്ട് പോകുന്ന അവസ്ഥയാണുള്ളത്. ഇതിനെതിരെ ശക്തമായ ബോധവത്ക്കരണമാണ് ആവശ്യം. കുട്ടികള്‍ക്ക് മുലപ്പാല്‍ ഉറപ്പാക്കുന്നതിനായാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ 38.62 ലക്ഷം രൂപ ചെലവഴിച്ച് സ്ഥാപിച്ച കോംബ്രഹെന്‍സീവ് ലാക്‌റ്റേഷന്‍ മാനേജ്‌മെന്റ് സെന്റര്‍ സജ്ജമാക്കിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ബിഎസ്എല്‍ ലെവല്‍ 3 ലാബ് ഒരു വര്‍ഷത്തിനകം സജ്ജമാക്കും. പെരിഫെറല്‍ ആശുപത്രികളെ മെച്ചപ്പെടുത്തുന്നതാണ്.
ആരോഗ്യ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്. ഇതിനിടയ്ക്ക് ഉണ്ടായ കോവിഡ്, സിക വൈറസ്, നിപ വൈറസ് തുടങ്ങിയ വലിയ വെല്ലുവിളികളെ ശക്തമായി പ്രതിരോധിക്കാന്‍ ആരോഗ്യ വകുപ്പിനായി. ശക്തമായ പ്രവര്‍ത്തനങ്ങളിലൂടെ സംസ്ഥാനത്ത് സിക്ക വൈറസ് രോഗം നിയന്ത്രണവിധേയമാക്കി. ഇപ്പോള്‍ വലുതായി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ല. സംസ്ഥാനത്ത് ഇതുവരെ 74 സിക്ക വൈറസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇവരാരും തന്നെ ചികിത്സയിലില്ല.
നിപ വൈറസിനെതിരായ പ്രതിരോധത്തില്‍ ശക്തമായ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തിയത്. ഒരു ദിവസത്തിനകം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിപ ലാബ് സജ്ജമാക്കാനായി. കൃത്യമായ ആസൂത്രണത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. 75,000 പേരെ ഹൗസ് ടു ഹൗസ് സര്‍വേയിലൂടെ നിരീക്ഷിക്കുകയും പ്രതിരോധം ശക്തിപ്പെടുത്തുകയും ചെയ്തതായും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട് എന്നീ മെഡിക്കല്‍ കോളേജുകളില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനങ്ങളാണ് നടത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ 65 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച മോഡുലാര്‍ ഓപ്പറേഷന്‍ തീയറ്റര്‍, എറണാകുളം മെഡിക്കല്‍ കോളേജില്‍ 9 കോടി രൂപയുടെ വിവിധ പദ്ധതികള്‍, ഇടുക്കി മെഡിക്കല്‍ കോളേജിലെ ഓക്‌സിജന്‍ പൈപ്പ് ലൈന്‍ സിസ്റ്റം, നവീകരിച്ച ആര്‍.ടി.പി.സി.ആര്‍ ലാബ്, തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഒക്‌സിജന്‍ പ്ലാന്റ്, പുതിയ കെട്ടിടം, സ്റ്റീരിയോടാക്റ്റിക് ന്യൂറോ സര്‍ജറി ഫ്രെയിം, കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിലെ കോംബ്രഹെന്‍സീവ് ലാക്‌റ്റേഷന്‍ മാനേജ്‌മെന്റ് സെന്റര്‍ എന്നിവയുടെ ഉദ്ഘാടനങ്ങളാണ് നടന്നത്.
അതത് സ്ഥലങ്ങളിലെ മന്ത്രിമാര്‍, എം.പി.മാര്‍., എം.എല്‍.എ.മാര്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥ പ്രമുഖര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.