താലിബാനെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍

Picture

വാഷിങ്ടണ്‍: അഫ്ഗാന്‍ ഭരിക്കുന്ന താലിബാനെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് യു.എസിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന സെനറ്റര്‍മാര്‍ രംഗത്ത്. താലിബാന്‍ മന്ത്രിസഭയിലെ 14 അംഗങ്ങള്‍ യു.എന്‍ ഭീകരപ്പട്ടികയില്‍ ഉണ്ടെന്നത് ചൂണ്ടിക്കാട്ടിയാണിത്. താലിബാന്‍ സര്‍ക്കാരിനെ അംഗീകരിക്കുന്ന രാജ്യങ്ങള്‍ക്കെതിരെ ഉപരോധം ചുമത്താനും സെനറ്റര്‍മാര്‍ ആവശ്യപ്പെട്ടു.

സെനറ്റര്‍മാരായ മാര്‍കോ റൂബിയോ, ടോമി ടുബര്‍വില്ലെ, മൂര്‍ കാപിറ്റോ, ഡാന്‍ സുള്ളിവന്‍,ടോം ടില്ലിസ്,സിന്‍തിയ ലുമ്മിസ് എന്നിവരാണ് പ്രമേയം അവതരിപ്പിച്ചത്. പ്രമേയം കോണ്‍ഗ്രസ് പാസാക്കുകയും നിയമമാവുകയും ചെയ്താല്‍ താലിബാന് സഹായം ചെയ്യുന്നവര്‍ക്കെതിരെ ഉപരോധം ചുമത്താന്‍ കഴിയും. താലിബാന്‍ ഭരിക്കുന്ന അഫ്ഗാന്‍ ലോകരാജ്യങ്ങള്‍ക്ക് ഭീഷണിയാണെന്നും റൂബിയോ പറഞ്ഞു.

അതിനിടെ ഇന്നു മുതല്‍ അഫ്ഗാനിലെ സ്കൂളുകള്‍ തുറക്കാന്‍ ഉത്തരവിട്ട് താലിബാന്‍ ഭരണകൂടം. ആറുമുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന ആണ്‍കുട്ടികളോടും പുരുഷ അധ്യാപകരോടും വിദ്യാലയങ്ങളിലെത്താനാണ് ആവശ്യപ്പെട്ടത്.

എന്നാല്‍ പെണ്‍കുട്ടികള്‍ എന്തുചെയ്യണമെന്ന് താലിബാന്‍ വ്യക്തമാക്കിയിട്ടില്ല. നേരത്തേ ഒന്നുമുതല്‍ ആറു വരെയുള്ള ക്ലാസുകളിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം താലിബാന്‍ പുനരാരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അഫ്ഗാനിലെ ചില പ്രവിശ്യകളില്‍ സ്ത്രീകളെ ജോലിക്കു പോകാനും അനുവദിക്കുന്നില്ല.

Leave Comment