റിപ്പോര്‍ട്ട് ഈ മാസം തന്നെ സമര്‍പ്പിക്കും
ആറായിരത്തോളം കുടുംബങ്ങള്‍ക്ക് നിയമാനുസൃതമായി നിലനില്ക്കുന്ന പട്ടയം നല്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതായി ജനീഷ് കുമാര്‍ എംഎല്‍എ
പത്തനംതിട്ട: മലയോര മേഖലയിലെ ആറായിരത്തോളം കൈവശ കര്‍ഷകര്‍ക്ക് പട്ടയം വിതരണം ചെയ്യുന്നതിന്റെ ഭാഗമായുള്ള കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഫീല്‍ഡ് പരിശോധനയ്ക്കായി കേന്ദ്ര സംഘമെത്തി. ആദ്യ ദിനത്തില്‍ കോന്നി നിയോജക മണ്ഡലത്തില്‍ ചിറ്റാര്‍, സീതത്തോട്, തണ്ണിത്തോട്, കോന്നി, അരുവാപ്പുലം, കലഞ്ഞൂര്‍ പഞ്ചായത്തുകളിലാണ് പരിശോധന നടത്തിയത്. റിപ്പോര്‍ട്ട് ഈ മാസം തന്നെ കൈമാറും.
ബംഗളുരുവിലെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ റീജിയണല്‍ ഓഫീസിലെ അസിസ്റ്റന്‍ഡ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ബി.എന്‍. അഞ്ജന്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്ക് എത്തിയത്. സ്ഥല പരിശോധനയ്‌ക്കൊപ്പം ജനപ്രതിനിധികളുടെയും, പൊതുജനങ്ങളുടെയും അഭിപ്രായങ്ങളും സ്വീകരിച്ചു.പരിശോധന നടത്താനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എയുടെ അഭ്യര്‍ഥന പ്രകാരം തിരുവനന്തപുരത്ത് റവന്യൂ – വനം വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തില്‍ തീരുമാനിച്ചിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയും, റവന്യൂ-വനം വകുപ്പ് മന്ത്രിമാരും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തില്‍ നടത്തിയ ഇടപെടലിനെ തുടര്‍ന്നാണ് പരിശോധന വേഗത്തില്‍ നടത്തിയത്.കോന്നി നിയോജക മണ്ഡലത്തില്‍ ചിറ്റാര്‍, സീതത്തോട്, തണ്ണിത്തോട്, കോന്നിതാഴം, കലഞ്ഞൂര്‍, അരുവാപ്പുലം എന്നീ വില്ലേജുകളിലെ കൈവശകര്‍ഷകര്‍ക്കാണ് പട്ടയം ലഭിക്കാനുള്ളത്. 1980 മുതല്‍ മലയോര കര്‍ഷകര്‍ പട്ടയത്തിനായി പ്രക്ഷോഭത്തിലാണ്. അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ ആയ ശേഷം നിയമാനുസരണമുള്ള ഉപാധിരഹിത പട്ടയം വിതരണം ചെയ്യണമെന്ന ആവശ്യം നിയമസഭയില്‍ നിരന്തരമായി ഉന്നയിച്ചിരുന്നു.2016ല്‍ ചിറ്റാറില്‍ നടന്ന പട്ടയമേളയില്‍ വനം വകുപ്പിന്റെ അനുമതി വാങ്ങാതെ 40 പട്ടയങ്ങള്‍ തയാറാക്കി വിതരണം ചെയ്‌തെങ്കിലും, അവ നിയമവിരുദ്ധമാണെന്നു കണ്ട് പിന്നീട് റദ്ദാക്കി. തുടര്‍ന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ഉപാധിരഹിത പട്ടയവിതരണത്തിനായി നടപടി ആരംഭിക്കുകയും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാനായി സമീപിക്കുകയും ചെയ്തു. സീതത്തോട് പഞ്ചായത്തിന്റെ പഴയ കെട്ടിടത്തില്‍ എംഎല്‍എ മുന്‍ കൈ എടുത്ത് സ്‌പെഷ്യല്‍ റവന്യൂ പട്ടയം ഓഫീസും പ്രവര്‍ത്തനം ആരംഭിച്ച് പട്ടയം നല്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കി. വനം, റവന്യു വകുപ്പുകളുടെ ജോയിന്റ് വെരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തികരിക്കുകയും ചെയ്തു. പത്തനംതിട്ട ജില്ലാ കളക്ടര്‍, റാന്നി, കോന്നി വനം ഡിവിഷന്‍ ഓഫീസര്‍മാര്‍ എന്നിവര്‍ തയാറാക്കിയ വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരില്‍ സമര്‍പ്പിച്ചതിനെ തുടര്‍ന്ന് സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരത്തോടെ കേന്ദ്ര ഗവണ്‍മെന്റിന്റെ അനുമതിക്കായി നല്‍കുകയും ചെയ്തു.ഫുഡ് പ്രൊഡക്ഷന്‍ ഏരിയായിലെ കൈവശക്കാര്‍ക്ക് 1964ലെ ഭൂമി പതിവു ചട്ടപ്രകാരവും, 1977 ജനുവരി ഒന്നിനു മുന്‍പ് വനഭൂമി കൈവശപ്പെടുത്തിയവര്‍ക്ക് 1993 ലെ സ്‌പെഷ്യല്‍ റൂള്‍ പ്രകാരവുമാണ് പട്ടയം നല്‌കേണ്ടത്. പട്ടയം നല്കുമ്പോള്‍ ഭൂമിക്ക് പകരം ഭൂമിയും, വൃക്ഷങ്ങള്‍ക്ക് പകരം വൃക്ഷങ്ങളും നല്‌കേണ്ടതുണ്ട്. പരിഹാരവനവല്ക്കരണ നടപടികള്‍ കേന്ദ്ര ഉദ്യോഗസ്ഥര്‍ക്ക് ബോധ്യമായിട്ടുണ്ട്. കോന്നിയുടെ മലയോര മേഖലയില്‍ പട്ടയം നല്കുന്നതിന് പരിഹാര വനവത്കരണത്തിനായി ഇടുക്കി ജില്ലയിലാണ് ഭൂമി കണ്ടെത്തിയിട്ടുള്ളത്. കമ്പക്കല്ലിലെ നീലക്കുറിഞ്ഞി സാങ്ങ്ചറിയ്ക്കായി മാറ്റി വച്ചിട്ടുള്ള 8000 ഏക്കര്‍ ഭൂമിയിലാണ് പരിഹാര വനവത്കരണം നടപ്പാക്കുക. മരങ്ങള്‍ക്ക് പകരമായി വനം വകുപ്പ് പ്ലാന്റേഷനുകളും സംഘം സന്ദര്‍ശിച്ചു.ബംഗളുരുവിലെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ റീജിയണല്‍ ഓഫീസ് സന്ദര്‍ശന റിപ്പോര്‍ട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനു കൈമാറും. ഇതോടെ നിയമാനുസൃതമായ പട്ടയം നല്കാനുള്ള കേന്ദ്ര അനുമതി ലഭ്യമാകും. കേന്ദ്ര സംഘത്തിന്റെ സന്ദര്‍ശനം പൂര്‍ത്തിയായതോടെ മലയോര കുടുംബങ്ങള്‍ക്ക് നിയമാനുസൃത പട്ടയം നല്കാനുള്ള നടപടികള്‍ അവസാന ഘട്ടത്തിലായെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. തുടര്‍ നടപടികളും വേഗത്തിലാക്കാന്‍ നിരന്തര ഇടപെടല്‍ നടത്തുമെന്നും എംഎല്‍എ പറഞ്ഞു.