ചിക്കാഗോ: സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് നാഷണല്‍ പ്രസിഡന്റ് സിജില്‍ പാലയ്ക്കലോടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ സഭയ്ക്കും സഭാ അധ്യക്ഷനുമെതിരേയുള്ള വിമര്‍ശനങ്ങളും സംഭവവികാസങ്ങളും വിശദമായി ചര്‍ച്ച ചെയ്തു.
മാര്‍ കല്ലറങ്ങാട്ട് പിതാവിന്റെ ദീര്‍ഘവീക്ഷണവും, അവസരോചിതമായ ഇടപെടലും ഈ കാലഘട്ടത്തിനും സാഹചര്യങ്ങള്‍ക്കും യോജിച്ചതാണെന്ന് നാഷണല്‍ സെക്രട്ടറിയും ഗ്ലോബല്‍ സെക്രട്ടറിയുമായ മേഴ്‌സി കുര്യാക്കോസ് പറയുകയുണ്ടായി.
പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിതാവിന് ഐക്യദാര്‍ഢ്യവും വിധേയത്വവും പ്രഖ്യാപിച്ച് എസ്.എം.സി.സി ഗ്ലോബല്‍ ചെയര്‍മാനും ഗ്ലോബല്‍ വൈസ് പ്രസിഡന്റുമായ ജോര്‍ജുകുട്ടി പുല്ലാപ്പള്ളി സംസാരിച്ചു.
സഭയുടേയും സഭാ മക്കളുടേയും ഉന്നതിയില്‍ തടസ്സമാകുന്ന പ്രവര്‍ത്തികളെ ശക്തമായി നേരിടുമെന്നു വൈസ് പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍ അറിയിച്ചു. സഭയ്ക്കും സഭാധികാരികള്‍ക്കുമെതിരേയുള്ള തെറ്റായ വിമര്‍ശനങ്ങള്‍ അവസാനിപ്പിക്കണമെന്ന് ട്രഷറര്‍ ജോസ് സെബാസ്റ്റ്യന്‍ ആവശ്യപ്പെടുകയുണ്ടായി.
മാര്‍ കല്ലറങ്ങാട്ട് പിതാവിന്റെ ദീര്‍ഘവീക്ഷണത്തിനും, അവസരോചിതമായ ഇടപെടലിനും ദൈവത്തിന് നന്ദി പറയുന്ന യോഗ തീരുമാനങ്ങള്‍ ഇന്ത്യയിലും കേരളത്തിലുമുള്ള ഭരണാധികാരികളെ രേഖാമൂലം അറിയിക്കുമെന്ന് പ്രസിഡന്റ് സിജില്‍ പാലയ്ക്കലോടി അറിയിച്ചു.
എല്‍സി വിതയത്തില്‍, മാത്യു തോയലില്‍, മാത്യു ചാക്കോ കൊച്ചുപുരയ്ക്കല്‍, ജോസഫ് പയ്യപ്പള്ളില്‍, ജിയോ കടവേലില്‍, കുര്യാക്കോസ് ചാക്കോ എന്നിവരും പിതാവിന് ഐക്യദാര്‍ഢ്യം അറിയിക്കുകയും യോഗത്തില്‍ പങ്കുചേരുകയുമുണ്ടായി. മേഴ്‌സി കുര്യാക്കോസ് ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്.