പത്തനംതിട്ട ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്

Spread the love

വന്ധ്യതാ ചികിത്സാ രംഗത്ത് പുതിയ ചുവടുവയ്പ്പ്

പത്തനംതിട്ട ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്

തിരുവനന്തപുരം: പത്തനംതിട്ട ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്ക് ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 10 ലക്ഷം രൂപയാണ് ഈ ക്ലിനിക്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവച്ചിരിക്കുന്നത്. ഈ ഡിസ്‌പെന്‍സറിയിലെ ഡോ. വഹീദ റഹ്മാന്റെ 15 വര്‍ഷത്തിലേറെയുള്ള ഈ രംഗത്തെ അനുഭവസമ്പത്ത് കൂടി പ്രയോജനപ്പെടുത്തിയാണ് ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്ക് സജ്ജമാക്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

വന്ധ്യതക്ക് നിലവിലുള്ള ചികിത്സാരീതികള്‍ വളരെയേറെ ചെലവേറിയതും പലപ്പോഴും ഫലം ലഭിക്കാത്തതുമാണ്. കൃത്രിമ മാര്‍ഗങ്ങള്‍ അവലംബിക്കേണ്ടി വരാത്തവരെ സംബന്ധിച്ചിടത്തോളം ആയുര്‍വേദ ചികിത്സയിലൂടെ വളരെ ആശാവഹമായ ഫലം ലഭ്യമാക്കാന്‍ കഴിയുന്നു. വന്ധ്യതയ്ക്കുള്ള മിക്ക കാരണങ്ങള്‍ക്കും ആയുര്‍വേദത്തില്‍ വ്യക്തമായ ചികിത്സയുണ്ട്. വന്ധ്യതക്ക് കാരണമാവുന്ന ജീവിതശൈലീ രോഗങ്ങളെ നിയന്ത്രിക്കുന്നതിനും ആയുര്‍വേദത്തില്‍ മാര്‍ഗങ്ങളുണ്ട്. ഇതെല്ലാം കോര്‍ത്തിണക്കി 15 വര്‍ഷത്തെ അനുഭവങ്ങളില്‍ നിന്നുമാണ് ഈ ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്ക് സജ്ജമാക്കിയിരിക്കുന്നത്.

കേരളത്തിലെ ഇപ്പോഴുള്ള കണക്കനുസരിച്ച് വലിയൊരു ശതമാനം ദമ്പതികള്‍ പലതരം വന്ധ്യതയോ അനുബന്ധ അവസ്ഥ മൂലമോ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. മാനസിക പിരിമുറുക്കം ഒരു പ്രത്യേക കാരണമായി രണ്ടുപേരിലും കണ്ടുവരുന്നു. വര്‍ധിച്ചുവരുന്ന ജീവിതശൈലീ രോഗങ്ങളും വന്ധ്യതയുടെ നിരക്ക് വര്‍ദ്ധിപ്പിക്കുന്നു. ദമ്പതികളിലെ രണ്ടു പേരെയും പ്രത്യേകം പരിശോധിച്ച് കൗണ്‍സിലിംഗ് നടത്തി ചികിത്സ നിശ്ചയിക്കുകയാണ് ആയുര്‍വേദത്തില്‍ ചെയ്യുന്നത്. യഥാര്‍ത്ഥ കാരണം കണ്ടെത്തിക്കഴിഞ്ഞാണ് ആയുര്‍വേദ ചികിത്സ നടത്തുന്നത്. ഈ ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്ക് യാഥാര്‍ത്ഥ്യമാകുന്നതോടെ ഈ പ്രദേശത്തുള്ളവര്‍ക്ക് വലിയ ആശ്വാസമാകുമെന്നും മന്ത്രി വ്യക്തമാക്കി.

പത്തനംതിട്ട ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിയിലെ ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്കിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ 25-ാം തീയതി ഉച്ചയ്ക്ക് 2 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *