മന്ത്രി റോഷി അഗസ്റ്റിന്‍ ഇടപെട്ടു; സൗമ്യയ്ക്കും കുടുംബത്തിനും ഇനി കുടിവെള്ളം മുട്ടില്ല

Spread the love

post

തിരുവനന്തപുരം: ഇടുപ്പു മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയയായി വീല്‍ച്ചെയറില്‍ ജീവിതം തള്ളിനീക്കുന്ന ഗായിക സൗമ്യ പുരുഷോത്തമനും കുടുംബത്തിനും ഇനി കുടിവെള്ളം മുട്ടില്ല. കഴിഞ്ഞ ഒരു വര്‍ഷമായി കുടിവെള്ളമില്ലാതെ വിഷമിച്ച ഇവരുടെ വീട്ടില്‍ ജലവിഭവ വകുപ്പ് കുടിവെള്ളമെത്തിച്ചു. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ ഇടപെടലില്‍ നാലു ദിവസംകൊണ്ടാണ് സൗമ്യയുടെ വീട്ടില്‍ വാട്ടര്‍ അതോറിറ്റി അതിവേഗത്തില്‍ കുടിവെള്ള കണക്ഷന്‍ നല്‍കിയത്.
പേരൂര്‍ക്കട ഹിന്ദുസ്ഥാന്‍ ലാറ്റക്‌സിനു സമീപം മുക്കാല്‍ സെന്റ് ഭൂമിയിലാണു സൗമ്യയും കുടുംബവും താമസിക്കുന്നത്. കുടിവെള്ള കണക്ഷനായി അപേക്ഷ നല്‍കിയെങ്കിലും പല കാരണങ്ങളാല്‍ വൈകി. ദൂരെയുള്ള പൊതുപൈപ്പില്‍നിന്നു വെള്ളമെടുത്താണ് വീട്ടിലെ കാര്യങ്ങള്‍ നടത്തിയിരുന്നത്. കുടിവെള്ളമില്ലാത്തതുമൂലം കുടുംബം അനുഭവിക്കുന്ന ദുരവസ്ഥ സൗമ്യ ജലവിഭവ വകുപ്പ് മന്ത്രിയെ നേരില്‍ക്കണ്ടു ബോധ്യപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് വിഷയത്തില്‍ അടിയന്തര ഇടപെടല്‍ നടത്താന്‍ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു മന്ത്രി നിര്‍ദേശം നല്‍കുകയും ചെയ്തു.ഭിന്നശേഷിക്കാരായ മുഴുവന്‍ പേര്‍ക്കും സൗജന്യമായി അതിവേഗത്തില്‍ കുടിവെള്ളമെത്തിക്കുകയെന്നത് നയമായി സ്വീകരിച്ചാണു സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നു സൗമ്യയുടെ വീട് സന്ദര്‍ശിച്ച ശേഷം മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് അടിസ്ഥാന ആവശ്യങ്ങള്‍ അതിവേഗത്തില്‍ നിറവേറ്റുക എന്നതിനാണു സര്‍ക്കാര്‍ അടിയന്തര പ്രാധാന്യം നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. വീട്ടിലെത്തിയ മന്ത്രിയെ സൗമ്യ വീല്‍ച്ചെയറിലിരുന്നു പൊന്നാടയണിയിച്ചു സ്വീകരിച്ചു. മന്ത്രിക്കായി ഒരു ഗാനവും ആലപിച്ചു. വി.കെ. പ്രശാന്ത് എം.എല്‍.എ, കൗണ്‍സിലര്‍ പി. ജമീല ശ്രീധരന്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *