വനം വകുപ്പിലെ നഷ്ടപരിഹാര കേസുകള്‍ കാലതാമസം കൂടാതെ തീര്‍പ്പാക്കും

Spread the love

post

കൊല്ലം: വനം വകുപ്പില്‍ വിവിധ കേസുകളിലായി നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ള കേസുകള്‍ കാലതാമസം കൂടാതെ തീര്‍പ്പാക്കുമെന്ന് വനം വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രന്‍. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വനമേഖലയോട് ചേര്‍ന്ന പ്രദേശങ്ങളിലെ ജനപ്രതിനധികളുടേയും ഉന്നത ഉദ്യോഗസ്ഥരുടേയും യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ഏറ്റവും പഴയ കേസുകള്‍ക്ക് മുന്‍ഗണന നല്‍കിയാകും നഷ്ടപരിഹാരം നല്‍കുക. കാര്‍ഷിക വിളകള്‍ക്കുള്ള നഷ്ടപരിഹാര തുക കൂട്ടണം എന്ന ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കും. വനമേഖലയില്‍ നിന്നുള്ളവരുടെ പുനരധിവാസത്തിനുള്ള തുകയും കലോചിതമായി പരിഷ്‌കരിക്കുന്നത് പരിഗണനയിലാണ്.

അപകടരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു നീക്കുന്നതിന് നടപടി സ്വീകരിക്കും. വനമേഖലയിലെ റോഡുകള്‍ മെച്ചപ്പെടുത്തന്നതിനും മുന്‍കൈയെടുക്കും. പട്ടയം നല്‍കുന്നതില്‍ സംയുക്ത പരിശോധന പൂര്‍ത്തിയായ മേഖലകള്‍ കണക്കാക്കി തുടര്‍ നടപടി സ്വീകരിക്കണം എന്ന റവന്യു വകുപ്പിനോട് ആവശ്യപ്പെടും.

വനത്തോട് ചേര്‍ന്ന ജനവാസ മേഖലയിലെ വന്യമൃഗ ഭീഷണി നിയന്ത്രിക്കുന്നതിന്  ആവശ്യമായ പ്രവര്‍ത്തനം നടത്തും. ആനയുടെ ആക്രമണം ഒഴിവാക്കാന്‍ കിടങ്ങുകള്‍ കുഴിക്കുന്നത് പോലെയുള്ള ജോലികള്‍ക്ക് തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം വിനിയോഗിക്കും. തീരദേശത്ത് കടല്‍ക്ഷോഭം തടയുന്നതിന് വനവത്കരണ പദ്ധതികള്‍ നടപ്പിലാക്കുന്നതിനും ഉദ്ദേശിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥപനങ്ങളുടെ പിന്തുണ മേഖലയിലെ പ്രശ്ന പരിഹാരത്തില്‍ സുപ്രധാനമാണ്. ജനങ്ങളുടെ പ്രശ്നങ്ങളില്‍ പരിഹാരം കാണുന്നതിനും സൗഹാര്‍ദപരമായി ഇടപെടുന്നതിലും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രത്യേകം ശ്രദ്ധിക്കണം എന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

എം. എല്‍. എ മാരായ പി. എസ്. സുപാല്‍, സി. ആര്‍. മഹേഷ്, ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍, കൊല്ലം ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് സഞ്ജയന്‍ കുമാര്‍, കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് നീതുലക്ഷ്മി, എ. ഡി. എം. എന്‍. സാജിതാ ബീഗം, പുനലൂര്‍ ആര്‍. ഡി. ഒ. ബി. ശശികുമാര്‍, അസിസ്റ്റന്റ് കലക്ടര്‍ ഡോ. അരുണ്‍ എസ്. നായര്‍, മറ്റു ജനപ്രതിനിധികള്‍, വനം-റവന്യു വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *