മെഡിക്കല്‍ കോളേജില്‍ ഒരു മാസത്തെ സ്റ്റെന്റ് സ്റ്റോക്കുണ്ട്
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാത്ത് ലാബില്‍ അടിയന്തിര കേസുകള്‍ ഉള്‍പ്പെടെ മുടങ്ങിയെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സ്റ്റെന്റിന്റെ സ്റ്റോക്കറിയാന്‍ ആരോഗ്യ വകുപ്പ് വീണാ ജോര്‍ജ് മെഡിക്കല്‍ കോളേജ് കാത്ത് ലാബില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി.
ഇന്നലെ മെഡിക്കല്‍ കോളേജ് പുതിയ ഐസിയു സന്ദര്‍ശിച്ചിരുന്നു. ഈ സമയത്ത് മെഡിക്കല്‍ കോളേജിലെ സ്റ്റെന്റിന്റെ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ പ്രിന്‍സിപ്പാളില്‍ നിന്നും സൂപ്രണ്ടില്‍ നിന്നും ചോദിച്ചറിഞ്ഞിരുന്നു. കൂടാതെ ഇന്നലെ വൈകുന്നേരം മെഡിക്കല്‍ കോളേജ് അധികൃതരെ മന്ത്രിയോഫീസില്‍ വിളിച്ച് വരുത്തി ചര്‍ച്ച നടത്തി. ഇതുകൂടാതെയാണ് ഇന്ന് രാവിലെ മന്ത്രി നേരിട്ട് മെഡിക്കല്‍ കോളേജ് കാത്ത് ലാബില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയത്. ആദ്യമായാണ് ഒരു മന്ത്രി മെഡിക്കല്‍ കോളേജില്‍ നേരിട്ടെത്തി സ്റ്റെന്റിന്റെ സ്റ്റോക്ക് പരിശോധിച്ചത്.
കാത്ത് ലാബ് പ്രൊസീജിയറിനാവശ്യമായ സ്റ്റെന്റുകളും ഗൈഡ് വയറും ബലൂണും നിലവില്‍ അവശ്യമായത് ഉണ്ടെന്ന് മന്ത്രി ഉറപ്പുവരുത്തി. മാത്രമല്ല ഒരുമാസത്തിലധികം ഉപയോഗിക്കാന്‍ കഴിയുന്ന സ്റ്റെന്റുകള്‍ സ്റ്റോക്കുണ്ട്. ഗൈഡ് വയറിന്റെ കുറവ് ഇന്ന് തന്നെ നികത്താനുള്ള കര്‍ശന നിര്‍ദേശം നല്‍കി. അടിയന്തര ശസ്ത്രക്രിയകള്‍ ഒന്നും മുടങ്ങിയിട്ടില്ല. മാത്രമല്ല നിലവില്‍ അടിയന്തര കേസുകള്‍ ഉള്‍പ്പെടെയുള്ളവ തടസമില്ലാതെ നടക്കുന്നുണ്ട്.
മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഓഫീസ് സന്ദര്‍ശിച്ച് ഓഫീസുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. കാര്‍ഡിയോളജി വിഭാഗത്തിലെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ടെക്‌നീഷ്യന്‍മാര്‍, മറ്റ് ജീവനക്കാര്‍ എന്നിവരുമായും മന്ത്രി സംസാരിച്ചു. ഇവയുടെ വിതരണം മുടങ്ങുന്നില്ലെന്ന് ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ജോ. ഡയക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആശങ്ക പരത്തുന്ന പ്രചാരണങ്ങള്‍ നടത്തരുതെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.
മന്ത്രിയോടൊപ്പം മെഡിക്കല്‍ വിദ്യാഭ്യാസ ജോ. ഡയറക്ടര്‍ ഡോ. തോമസ് മാത്യുവും ഉണ്ടായിരുന്നു.
—