തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് വിശദമായ മാര്‍ഗരേഖ തയ്യാറാക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും ആരോഗ്യമന്ത്രി വീണാജോര്‍ജും അറിയിച്ചു. ഉന്നതതല യോഗത്തിനു ശേഷമാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്. മാര്‍ഗരേഖ തയ്യാറാക്കാന്‍ വിദ്യാഭ്യാസ, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരെ ചുമതലപ്പെടുത്തി. ബയോബബിള്‍ മാതൃകയിലാവും ക്ളാസുകള്‍ ഒരുക്കുക. മറ്റു വകുപ്പുകളുമായും വിവിധ അധ്യാപക, രാഷ്ട്രീയ, യുവജന സംഘടനകളുമായും കൂടിയാലോചന നടത്തും. ഓണ്‍ലൈന്‍, ഓഫ്ലൈന്‍ ക്ളാസുകള്‍ നടത്തുമെന്ന് മന്ത്രിമാര്‍ പറഞ്ഞു.
ഫീല്‍ഡ് തലത്തില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ കൂടി ശേഖരിച്ചാവും മാര്‍ഗരേഖ തയ്യാറാക്കുക. രക്ഷിതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും ആശങ്കകള്‍ക്ക് ഇടനല്‍കാതെ പഴുതുകള്‍ അടച്ചുള്ള മാര്‍ഗരേഖയാവും തയ്യാറാക്കുക. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ വശങ്ങള്‍ വിശദമായി യോഗത്തില്‍ ചര്‍ച്ച ചെയ്തതായി മന്ത്രിമാര്‍ പറഞ്ഞു.