നാര്‍ക്കോട്ടിസത്തിനും ഭീകരവാദത്തിനുമെതിരെ ദേശീയതല ക്യാംപെയ്ന്‍ ആരംഭിക്കും: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

Spread the love

Chevalier Adv.V C Sebastian Catholic Bishops Conference of India - CBCI Laity Council Secretary - Malayalam Daily News

ന്യൂഡല്‍ഹി: രാജ്യത്തുടനീളം അതിരൂക്ഷമാകുന്ന നാര്‍ക്കോട്ടിസത്തിനും ജനങ്ങളെ ആശങ്കയിലാഴ്ത്തുന്ന ഭീകരവാദത്തിനുമെതിരെ പൊതുസമൂഹ മനഃസാക്ഷി ഉണര്‍ത്തുവാന്‍ ദേശീയ തലത്തില്‍ ‘സേവ് ദ പീപ്പിള്‍’ ക്യാംപെയ്ന്‍ സംഘടിപ്പിക്കുമെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

വിദ്യാര്‍ത്ഥികളും യുവജനങ്ങളുമുള്‍പ്പെടെ സമൂഹത്തിന്റെ വിവിധ മേഖലകളിലും തലങ്ങളിലുമുള്ളവര്‍ ഈ ദേശീയ പ്രചരണ ബോധവല്‍ക്കരണ പരിപാടികളില്‍ പങ്കാളികളാകും. സര്‍ക്കാര്‍ സംവിധാനങ്ങളെയും നിയമവ്യവസ്ഥകളെപ്പോലും നിര്‍വീര്യമാക്കുന്ന തലങ്ങളിലേയ്ക്ക് സംഘടിത ഭീകരവാദവും നാര്‍ക്കോട്ടിസവും സമൂഹത്തിന്റെ സമസ്തമേഖലകളിലും സ്വാധീനമുറപ്പിക്കുന്നതിന്റെ അപായസൂചനകള്‍ രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്നുയരുന്നത് നിസാരവല്‍ക്കരിക്കരുത്.

വിവിധ മത രാഷ്ട്രീയ വിഭാഗങ്ങളും സാമൂഹ്യ സാംസ്‌കാരിക പ്രസ്ഥാനങ്ങളും സാമൂഹ്യതിന്മകള്‍ക്കെതിരെയുള്ള ഈ ബോധവല്‍ക്കരണ പ്രക്രിയകളില്‍ പങ്കുചേരും. ഉന്നത വിദ്യാഭ്യാസ മേഖലകളിലേയ്ക്ക് വ്യാപിച്ചുകൊണ്ടിരിക്കുന്ന തീവ്രവാദ പ്രസ്ഥാനങ്ങളുടെ അജണ്ടകളെക്കുറിച്ച് ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതിനോടകം പങ്കുവെച്ച ആശങ്കകള്‍ ഗൗരവമേറിയതാണ്.

ഒക്‌ടോബര്‍ 1 മുതല്‍ ഡിസംബര്‍ 31 വരെ മൂന്നുമാസക്കാലം ദേശീയതലം മുതല്‍ കുടുംബങ്ങള്‍ വരെയുള്ള ബോധവല്‍ക്കരണപദ്ധതികളാണ് ‘സേവ് ദ പീപ്പിളി’ലൂടെ ലെയ്റ്റി കൗണ്‍സില്‍ ലക്ഷ്യമിടുന്നത്. കോവിഡ് നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും മാനിച്ച്, വര്‍ദ്ധിച്ചവരുന്ന നാര്‍ക്കോട്ടിസത്തിനും ഭീകരവാദത്തിനുമെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള പ്രചരണം, ടാബ്ലോകള്‍, സെമിനാറുകള്‍, ചര്‍ച്ചകള്‍, കുടുംബസന്ദര്‍ശനങ്ങള്‍, പ്രാദേശിക തലങ്ങളിലുള്ള ജനകീയ കൂട്ടായ്മകള്‍ എന്നിവ സംഘടിപ്പിക്കുന്നതാണ്.

സിബിസിഐ ലെയ്റ്റി കൗണ്‍സിലിന്റെ ഇന്ത്യയിലെ 14 റീജിയണുകളും ഈ ആശയം മുന്‍നിര്‍ത്തി വ്യത്യസ്ഥങ്ങളായ ജനകീയ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. ഇന്ത്യയിലെ 174 കത്തോലിക്കാ രൂപതകളും വിവിധ അല്മായ പ്രസ്ഥാനങ്ങളും, വിവിധ ക്രൈസ്തവ സഭാസമൂഹങ്ങളും സഹകരിച്ച് വിവിധ മതവിഭാഗങ്ങളെയും ജനപ്രതിനിധികളെയും രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക തലങ്ങളിലുള്ളവരെയും പങ്കുചേര്‍ത്ത് ദേശീയതയും മതസൗഹാര്‍ദ്ദവും നിലനിര്‍ത്തി ഉയര്‍ത്തിക്കാട്ടുന്നതിനോടൊപ്പം ജനങ്ങളുടെ ജീവനും ജീവിതത്തിനും നിലനില്‍പ്പിനും വെല്ലുവിളിയുയര്‍ത്തുന്ന നാര്‍ക്കോട്ടിസത്തിനും ഭീകരവാദത്തിനുമെതിരെ പ്രചരണവും പ്രതിജ്ഞയുമെടുക്കും.

ഭാവിതലമുറയെ ഭീകരപ്രവര്‍ത്തനങ്ങളുടെ ഇരകളാക്കുന്ന ക്രൂരതയ്‌ക്കെതിരെ വിവിധ യുവജനപ്രസ്ഥാനങ്ങളും വിവിധ വിദ്യാഭ്യാസ ഏജന്‍സികളുമായി ചേര്‍ന്ന് യുവജനസംരക്ഷണം ഉറപ്പുവരുത്തുന്ന ‘യൂത്ത് ആക്ഷന്‍’ പദ്ധതിയും നടപ്പിലാക്കുമെന്ന് വി,സി.സെബാസ്റ്റ്യന്‍ അറിയിച്ചു.

Chevalier Adv V C Sebastian
Secretary, Council for Laity
Catholic Bishops’ Conference of  India (CBCI)
New Delhi

 

Author

Leave a Reply

Your email address will not be published. Required fields are marked *