പാര്‍ട്ടിക്ക് പണം നല്‍കാത്തതിന്റെ പേരില്‍ കൊല്ലത്ത് പ്രവാസി സംരഭകനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പോലീസ് കേസെടുക്കാന്‍ പ്രവാസികാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍.
കേരളത്തിലെ വ്യവസായ സംരംഭകരെ ആട്ടിയോടിക്കുകയും കുത്തുപാള എടുപ്പിക്കുകയും അവരെ വര്‍ഗശത്രുക്കളായി കാണുകയും ചെയ്യുന്ന സിപിഎമ്മിന്റെ വര്‍ഗസ്വഭാവത്തിന്റെ പ്രതിഫലനമാണ് ഒരിക്കല്‍ക്കൂടി കൊല്ലത്ത് ബ്രാഞ്ച് സെക്രട്ടറി പ്രകടിപ്പിച്ചത്.കോവിഡ് പ്രതിസന്ധിക്കിടയിലും ചവറ മുഖംമൂടിക്കലില്‍ പത്തുകോടി ചെലവാക്കി നിര്‍മ്മിച്ച പ്രവാസിയുടെ കണ്‍വെന്‍ഷന്‍ സെന്ററില്‍ കൊടികുത്തി സംരംഭം തടസ്സപ്പെടുത്തുമെന്നാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഭീഷണി. വ്യവസായങ്ങള്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഏകജാലക സംവിധാനമെന്നാല്‍ സിപിഎമ്മിനു ഫണ്ട് നല്‍കുക എന്നാണ് അര്‍ത്ഥം. അതുകൊണ്ടാണ് കേരളത്തില്‍ നിന്ന് വ്യവസായികള്‍ പലായനം ചെയ്യുന്നത്. പ്രവാസി വ്യവസായിയെ ഭീഷണിപ്പെടുത്തിയ ബ്രാഞ്ച് സെക്രട്ടറിയെ സംരക്ഷിക്കുന്ന നിലപടാണ് കൊല്ലത്തെ സിപിഎം നേതൃത്വത്തിന്. ഈ സംഭവം വിവാദമായിട്ടും മാധ്യമങ്ങള്‍ വാര്‍ത്തനല്‍കിയിട്ടും ശ്രദ്ധയില്‍പ്പെട്ടില്ലെന്നാണ് തൊഴില്‍വകുപ്പ് മന്ത്രികൂടിയായ ശിവന്‍കുട്ടിയുടെ പ്രതികരണം. ഈ സമീപനം ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ സിപിഎം നേതാക്കള്‍ക്ക് പ്രചോദനം നല്‍കുന്നത് കൂടിയാണെന്നും ഹസന്‍ പറഞ്ഞു.
എത്രയോ സംരഭകരെയാണ് സിപിഎം കുത്തുപാള എടുപ്പിച്ചത്. കേരളം നേരിടുന്ന അതിരൂക്ഷമായ തൊഴിലില്ലായ്മയുടെ പ്രധാന കാരണം ഇതാണ്.ലാളിത്യവും സത്യസന്ധതയും നിലനിര്‍ത്തണമെന്ന് സിപിഎം സംസ്ഥാനകമ്മിറ്റി നിര്‍ദ്ദേശം നല്‍കിയപ്പോഴാണ് സംഭാവന നല്‍കാത്തതിന്റെ പേരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഭീഷണി മുഴങ്ങിയത്. സിപിഎമ്മിന് പണം നല്‍കിയാല്‍ എല്ലാം ശരിയാക്കാം അല്ലെങ്കില്‍ എല്ലാം നശിപ്പിക്കും എന്നാണ് ശബ്ദസന്ദേശത്തിലെ ഉള്ളടക്കം. ഇത് നിര്‍ഭാഗ്യകരമാണെന്നും ഹസന്‍ പറഞ്ഞു.
കണ്ണൂര്‍ ബക്കളത്ത് പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യ ഉണ്ടായപ്പോള്‍ അതിന് കാരണക്കാരായ മുനിസിപ്പല്‍ ചെയര്‍മാനെതിരെ നടപടി സ്വീകരിക്കാതിരുന്നതിനാലാണ് ഇത്തരം സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുന്നത്. മുഖ്യമന്ത്രി ഒരു വശത്ത് പ്രവാസികളോട് നീക്ഷേപം ആവശ്യപ്പെടുകയും സംരംഭകര്‍ക്ക് എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തുകയും ചെയ്യുമെന്ന് ആഹ്വാനം നടത്തുമ്പോള്‍ മറുവശത്ത് ഭരണത്തിന്റെ തണലില്‍ സിപിഎം നേതാക്കള്‍ പ്രവാസി സംരംഭകര്‍ക്കെതിരെ ധാര്‍ഷ്ട്യത്തോടുള്ള പെരുമാറ്റവും ഭീഷണിപ്പെടുത്തലും തുടരുകയാണ്. കൊല്ലത്ത് നടന്നത് ഒറ്റപ്പെട്ട സംഭവമായി ഒരിക്കലും കാണാന്‍ കഴിയില്ല. പ്രവാസി നിക്ഷേപം കേരളത്തില്‍ ഇനിയും ഉണ്ടാകണമെന്ന് മുഖ്യമന്ത്രി ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നെങ്കില്‍ ഇത്തരം വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട സിപിഎം നേതാക്കള്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കാന്‍ തയ്യാറാകണമെന്നും ഹസന്‍ ആവശ്യപ്പെട്ടു.
പ്രവാസികളെ ദ്രോഹിക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരുപോലെയാണ്. കേരളത്തില്‍ വന്ന് പോകുന്ന പ്രവാസികളില്‍ നിന്നും വിമാനത്താവളത്തിലെ റാപ്പിഡ് കോവിഡ് ടെസ്റ്റിന്റെ പേരില്‍ തോന്നിയ ഫീസാണ് ഈടാക്കുന്നത്. ഉയര്‍ന്ന വിമാന ടിക്കറ്റ് നിരക്ക് നല്‍കിയാണ് പ്രവാസി നാട്ടിലേക്ക് വരുന്നതും മടങ്ങുന്നതും. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടും അത് ചെവിക്കൊള്ളാനോ പ്രവാസികള്‍ക്ക് ആശ്വാസം എത്തിക്കാനോ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകാത്തത് ദൗര്‍ഭാഗ്യകരമാണ്. സര്‍ക്കാരിന്റെ പ്രവാസി ക്ഷേമം വെറും വാക്കുകളില്‍ മാത്രമാണെന്നതിന് ഉദാഹരമാണിത്. വിദേശനാണ്യം നേടിത്തരുന്ന പ്രവാസികള്‍ നാടിന്റെ നട്ടെല്ലാണെന്ന ഭംഗിവാക്കല്ല പ്രവാസികള്‍ക്ക് വേണ്ടത്.അവരുടെ ദുരിതങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കും കൈത്താങ്ങ് എത്തിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ പറഞ്ഞു.