പത്തനംതിട്ട ജില്ലയിലെ കുടിവെള്ള പ്രശ്നങ്ങള്‍ ശാശ്വതമായി പരിഹരിക്കും: മന്ത്രി റോഷി അഗസ്റ്റിന്‍

Spread the love

post

പത്തനംതിട്ട: ജില്ലയിലെ കുടിവെള്ള പ്രശ്നങ്ങള്‍ ശാശ്വതമായി പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. പത്തനംതിട്ട നഗരസഭാ പ്രദേശത്തെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് പുതിയ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന്റെ നിര്‍മാണ ഉദ്ഘാടനം പത്തനംതിട്ട നഗരസഭ സ്റ്റേഡിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 2024 ഓടു കൂടി സംസ്ഥാനത്തെ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്തെ എല്ലാവര്‍ക്കും കുടിവെള്ളം ലഭ്യമാക്കും. ജലവിഭവ വകുപ്പ് മറ്റു വകുപ്പുകളുമായി സഹകരിച്ച് വലിയ മാറ്റങ്ങള്‍ക്കാണ് ശ്രമിക്കുന്നത്. പത്തനംതിട്ട നഗരസഭാ പ്രദേശത്തെ കുടിവെള്ള ദൗര്‍ലഭ്യത്തിന് പരിഹാരമായി 25 എംഎല്‍ഡി ജലം ലഭ്യമാക്കുമെന്നും 3500 മീറ്റര്‍ പൈപ്പ് പുതുതായി സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. നഗരസഭാ പ്രദേശത്തെ ജനങ്ങളുടെ ദീര്‍ഘനാളായുള്ള ആവശ്യത്തിന്റെ സാക്ഷാത്കാരമാണ് സാധ്യമായതെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആറന്മുള നിയോജക മണ്ഡലത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനുള്ള പ്രവര്‍ത്തനത്തിന്റെ തുടക്കമാണിത്. ലോകം കോവിഡില്‍പ്പെട്ട് സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും അവയൊന്നും വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കാത്ത രീതിയിലാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം. ഒക്ടോബര്‍ മൂന്നാം ആഴ്ചയില്‍ പത്തനംതിട്ട അബാന്‍ ഫ്ളൈഓവര്‍ നിര്‍മാണോദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിക്കുമെന്നും മന്ത്രി പറഞ്ഞു.കിഫ്ബി വഴിയുള്ള 11.18 കോടി രൂപയുടേതാണ് പുതിയ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന പദ്ധതി. പൈപ്പുകളുടെ കാലപ്പഴക്കം കാരണം പത്തനംതിട്ട നഗരസഭാ പ്രദേശത്തെ ജലവിതരണത്തിന് പലപ്പോഴും തടസം നേരിട്ടിരുന്നു. പഴയ പൈപ്പുകള്‍ മാറ്റി പുതിയ 500 എംഎം മുതല്‍ 200 എംഎം വരെയുള്ള 21,450 മീറ്റര്‍ ഡിഐ പൈപ്പുകളും കണക്ഷന്‍ നല്‍കുന്നതിനായി 110 എംഎമിന്റെ 6000 മീറ്റര്‍ പൈപ്പുകളും പുതിയതായി സ്ഥാപിക്കും.കല്ലറക്കടവ് കിണറില്‍ ശേഖരിക്കുന്ന ജലം പമ്പ് ചെയ്ത് പാമ്പൂരിപ്പാറയില്‍ സ്ഥാപിച്ചിട്ടുളള ക്ലാരിഫില്‍റ്റര്‍ പ്ലാന്റില്‍ ശേഖരിച്ച് ആവശ്യമായ ശുദ്ധീകരണം നടത്തി, പാമ്പൂരിപ്പാറയില്‍ തന്നെയുളള ഉന്നതജല സംഭരണിയില്‍ എത്തിച്ച് അവിടെനിന്നും ഗ്രാവിറ്റി വഴി കരിമ്പനാക്കുഴി സംപില്‍ എത്തിച്ച് അവിടെ നിന്നും പമ്പ് ചെയ്തു മണ്ണാറമല ഉന്നതതല ടാങ്കില്‍ എത്തിക്കും. ഗ്രാവിറ്റിയില്‍ നിന്നും ഒരു ബ്രാഞ്ച് ലൈന്‍ ഒറ്റുകല്‍ സംപിലേക്കും ഒന്ന് തെക്കാവ് ഭൂതലടാങ്കിലേക്കും കുമ്പഴ നെടുമനാല്‍ സംപിലേക്കും ശേഖരിച്ച് അവിടങ്ങളില്‍ നിന്നും വിവിധ തരം വിതരണക്കുഴലുകള്‍ വഴി നഗരസഭയുടെ മുഴുവന്‍ പ്രദേശങ്ങളിലും കുടിവെള്ളമെത്തിക്കുകയാണ് ലക്ഷ്യം. ഒരു വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കും. മന്ത്രി വീണാ ജോര്‍ജിന്റെ നിരന്തര ശ്രമഫലമായാണ് തടസങ്ങള്‍ നീക്കി തുക കിഫ്ബി വഴി ലഭ്യമാക്കിയത്.

Author

Leave a Reply

Your email address will not be published. Required fields are marked *