കോട്ടയം: നാളീകേര കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ചങ്ങനാശേരി നിയോജകമണ്ഡലത്തില്‍ 625 ഏക്കറില്‍ കേരഗ്രാമം പദ്ധതി നടപ്പാക്കുന്നു. തൃക്കൊടിത്താനം പഞ്ചായത്തില്‍ 350 ഏക്കറിലും പായിപ്പാട് 250 ഏക്കറിലും ചങ്ങനാശേരി നഗരസഭയില്‍ 25 ഏക്കറിലുമാണ് പദ്ധതി നടപ്പാക്കുന്നത്.
51 ലക്ഷം രൂപയാണ് ആദ്യഘട്ടത്തില്‍ ധനസഹായത്തിനായി അനുവദിച്ചിട്ടുള്ളത്. കര്‍ഷകര്‍ക്ക് മൂന്നു വര്‍ഷം തുടര്‍ച്ചയായി സഹായം ലഭ്യമാകും. ജനകീയാസൂത്രണ പദ്ധതി പ്രകാരമുള്ള തുകയും തെങ്ങുകൃഷി വികസനത്തിനായി വകയിരുത്തിയിട്ടുണ്ട്. കുറഞ്ഞത് 10 തെങ്ങുള്ള കര്‍ഷകര്‍ക്കാണ് കേരഗ്രാമം പദ്ധതിയില്‍ അംഗമാകാനാകുക. തെങ്ങിന്‍ തോട്ടങ്ങളുടെ ഉത്പാദനക്ഷമത വര്‍ധിപ്പിച്ച് കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതാണ് പദ്ധതി. ഉത്പാദനക്ഷമത കുറഞ്ഞ തെങ്ങുകള്‍ വെട്ടിമാറ്റി പുതിയ തെങ്ങിന്‍തൈ നടീല്‍, ശാസ്ത്രീയ കൃഷി രീതി പ്രോത്സാഹിപ്പിക്കല്‍, മെച്ചപ്പെട്ട രീതിയിലുളള രോഗപ്രതിരോധം, ജലസേചന സൗകര്യം ഉറപ്പാക്കല്‍, മൂല്യവര്‍ധിത ഉത്പന്ന നിര്‍മാണ സംരംഭങ്ങള്‍ക്ക് സഹായം നല്‍കല്‍, പ്രകൃതി ക്ഷോഭത്തിനെതിരേ ഇന്‍ഷുറന്‍സ് പരിരക്ഷ തുടങ്ങിയവയാണ് പദ്ധതിയിലൂടെ നടപ്പാക്കുന്നത്. ഉത്പാദനക്ഷമത കുറഞ്ഞ തെങ്ങ് വെട്ടിമാറ്റുന്നതിന് 1000 രൂപ നല്‍കും. ഒരേക്കറില്‍ പരമാവധി ഉത്പാദനക്ഷമത കുറഞ്ഞ നാലു തെങ്ങുകള്‍ വെട്ടിമാറ്റാം. ഗുണമേന്മയുള്ള തെങ്ങിന്‍തൈകള്‍ സബ്‌സിഡിയോടെ ലഭ്യമാക്കും. വളം, കീടനാശിനി എന്നിവയ്ക്കും സബ്‌സിഡി നല്‍കും. തടം നിര്‍മിക്കല്‍, വളം ഇടല്‍, കീടനാശിനി പ്രയോഗം എന്നിവയ്ക്ക് സബ്സിഡി നല്‍കും. തെങ്ങിന്റെ മുകള്‍ഭാഗം വൃത്തിയാക്കുന്നതിന് ആഗ്രോ സര്‍വീസ് സെന്ററിലെ ടെക്നീഷ്യന്‍മാരുടെ സേവനവും കേരകര്‍ഷകര്‍ക്ക് ലഭ്യമാക്കും. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ ഓരോ വാര്‍ഡുതലത്തിലും കേരസമിതി രൂപീകരിച്ചാണ് പദ്ധതി ഏകോപിപ്പിക്കുന്നത്. പ്രസിഡന്റ് അധ്യക്ഷനായി പഞ്ചായത്തുതലത്തിലും കേരസമിതിയുണ്ട്. കൃഷി ഓഫീസര്‍മാര്‍ക്കാണ് മേല്‍നോട്ട ചുമതല. വിശദവിവരത്തിന് ഫോണ്‍: 0481 2446201, 9383470664(പായിപ്പാട് കൃഷി ഭവന്‍), 0481 2443201, 9383470673 (തൃക്കൊടിത്താനം കൃഷി ഭവന്‍), 0481 2420205, 9383470671 (ചങ്ങനാശേഷി കൃഷി ഭവന്‍).