ബിഹാര്‍: കിഴക്കേ ഇന്ത്യന്‍ സംസ്ഥാനമായ ബിഹാറിലെ ഗയയില്‍ ക്രൂരമായ ആസിഡ് ആക്രമണത്തിനിരയായി ചികിത്സയിലായിരുന്ന പതിനാലുകാരനായ ദളിത് ക്രൈസ്തവ ബാലന്‍ നിതീഷ് കുമാര്‍ ഒടുവില്‍ നിത്യതയിലേക്ക് യാത്രയായി. ഞായറാഴ്ച പട്നായിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. പ്രമുഖ ദേശീയ മാധ്യമമായ ദ ടെലിഗ്രാഫാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏതാനും ദിവസങ്ങളായി നിതീഷിന്റെ ആരോഗ്യനില ഗുരുതരമായിരിന്നു. ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന് ശേഷം തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്ന മരണപ്പെട്ട ബാലന്റെ കുടുംബത്തിന്റെ പരാതി ഗയാ പോലീസോ, പട്ന പോലീസോ ഫയല്‍ ചെയ്തില്ലെന്നും ദി ടെലിഗ്രാഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 11ന് നിതീഷ് പച്ചക്കറി മേടിക്കുവാന്‍ കടയില്‍ പോകുന്ന വഴിക്ക് മോട്ടോര്‍ സൈക്കളില്‍ എത്തിയ 3 പേര്‍ ആസിഡ് ഒഴിക്കുകയായിരുന്നുവെന്നാണ് നിതീഷിന്റെ സഹോദരനായ സഞ്ജീത്ത് കുമാർ പറയുന്നത്. ഹിന്ദുസ്ഥാനി അവാം മോര്‍ച്ച സെക്കുലര്‍ നേതാവും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ജിതന്‍ റാം മാഞ്ചിയുടെ ഗ്രാമമായ മാഹ്കര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വെച്ചാണ് ആക്രമണം സംഭവിച്ചത്. ഇതൊരു ആത്മഹത്യയായി ചിത്രീകരിക്കുവാനാണ് പ്രാദേശിക പോലീസും, കുട്ടിയെ ചികിത്സിച്ച ആശുപത്രിയും ശ്രമിക്കുന്നതെന്നും പോസ്റ്റ് മോര്‍ട്ടം ചെയ്യാതെ ബോഡി വിട്ടുനല്‍കിയതു സംശയാസ്പദമാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ശേഷം ഹിന്ദുത്വവാദികള്‍ ഉള്‍പ്പെടെ പ്രദേശവാസികളില്‍ ചിലര്‍ ദേവാലയത്തില്‍ പോകരുതെന്ന് വിലക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും നിതീഷ് കുമാറിന്റെ പിതാവ് രവിദാസ് പോലീസില്‍ പരാതി നല്‍കിയെങ്കിലും ആക്രമണത്തിന് മുന്‍പോ പിന്‍പോ പോലീസ് കേസ് രെജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ടെലിഗ്രാഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. നിതീഷ് കുമാര്‍ ആശുപത്രിയിലായിരിക്കുമ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി ‘ടെലിഗ്രാഫ്’ രവിദാസിന്റെ കുടുംബത്തെ ബന്ധപ്പെട്ടെങ്കിലും ഭീതിനിമിത്തം അവര്‍ തങ്ങളുടെ മതത്തേക്കുറിച്ച് പറയുന്നതിനോ കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നതിനോ വിസമ്മതിക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടിലുണ്ട്. നിതീഷിന്റെ മരണത്തിന് ശേഷമായിരുന്നു അവര്‍ മാധ്യമങ്ങളോട് സംസാരിക്കുവാന്‍ തയ്യാറായത്.
നിതീഷ് കുമാറിന്റെ ശരീരത്തിൽ 65% പൊള്ളലേറ്റിരിന്നുവെന്നും ഇതിൽ 15 ശതമാനം ആഴത്തിലുള്ളതാണെന്നും അതിജീവന സാധ്യത കുറവാണെന്നും ഡോക്ടര്‍മാര്‍ നേരത്തെ അറിയിച്ചിരിന്നു. ദേവാലയത്തിലെ ശുശ്രൂഷകള്‍ക്ക് വേണ്ടി സജീവമായി സഹകരിച്ചിരിന്ന ആളായിരുന്നു നിതീഷ് കുമാർ. എന്നാൽ ഇവരുടെ കുടുംബം കഴിയുന്ന പ്രദേശത്ത് ശക്തമായ ക്രൈസ്തവ വിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ടായിരിന്നുവെന്നാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച ഉച്ചകഴിഞ്ഞു നിതീഷിന്റെ മൃതദേഹം അടക്കം ചെയ്തു. മകന്റെ ആകസ്മിക വേര്‍പാടില്‍ നിതീഷിന്റെ അമ്മ പലവട്ടം അബോധാവസ്ഥയിലായെന്നും ടെലിഗ്രാഫ് റിപ്പോര്‍ട്ടില്‍ പറയുന്നു.
കടപ്പാട് :പ്രവാചക ശബ്ദം