ജോ ബൈഡന്‍ – ഫ്രാന്‍സിസ് പാപ്പ കൂടിക്കാഴ്ച ഒക്ടോബര്‍ 29നെന്ന് റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ വത്തിക്കാനിലെ അപ്പസ്‌തോലിക കൊട്ടാരത്തിലെത്തി ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിക്കുമെന്ന് വീണ്ടും റിപ്പോര്‍ട്ട്. വത്തിക്കാനില്‍ നിന്നുള്ള ഉടവിടങ്ങളെ ഉദ്ധരിച്ച് കാത്തലിക് ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൂടിക്കാഴ്ച നടന്നാല്‍ പ്രസിഡന്‍റ് പദവിയിലെത്തിയ ശേഷം ബൈഡന്‍റെ ആദ്യ സന്ദര്‍ശനമാകും ഇത്. പ്രസിഡന്‍റ് ആകുന്നതിന് മുന്‍പ് മൂന്നു തവണ ബൈഡന്‍ പാപ്പയെ സന്ദര്‍ശിച്ചിരിന്നു. Picture

ഒക്ടോബര്‍ അവസാനം ബൈഡന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി യൂറോപ്പില്‍ കൂടിക്കാഴ്ച നടത്തുമെന്ന് സെപ്റ്റംബര്‍ 22ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയിരിന്നു. ഇതിനോട് അനുബന്ധിച്ച് അദ്ദേഹം വത്തിക്കാനില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ വത്തിക്കാന്‍ ഔദ്യോഗികമായി വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. സാധാരണഗതിയില്‍ രാഷ്ട്രത്തലവന്മാരുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വത്തിക്കാന്‍ മുന്‍കൂട്ടി പുറത്തുവിടാറില്ല. കൂടിക്കാഴ്ചകള്‍ നടക്കുന്നതിന് ദിവസങ്ങള്‍ക്കുമുമ്പ് ഇതേക്കുറിച്ച് സൂചനകള്‍ നല്‍കുകയാണ് പതിവ്. ബൈഡന്‍ വത്തിക്കാനില്‍ എത്തിയാല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായും വത്തിക്കാന്‍ സ്‌റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയട്രോ പരോളിനുമായും വത്തിക്കാന്‍ വിദേശകാര്യസെക്രട്ടറി ആര്‍ച്ച് ബിഷപ്പ് പോള്‍ ഗല്ലാഗറുമായും കൂടിക്കാഴ്ചകള്‍ നടത്തും.

നേരത്തെ, ജൂണ്‍ 15നു നടന്ന യുറോപ്യന്‍ യൂണിയന്‍ സമ്മേളനത്തിനോട് അനുബന്ധിച്ച് ബൈഡന്‍ പാപ്പയെ സന്ദര്‍ശിക്കുമെന്ന് ഇത്തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും അന്ന് സന്ദര്‍ശനം നടന്നിരിന്നില്ല. അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനു ശേഷം ജോ ബൈഡന്‍ വിജയിച്ചതിന് പിന്നാലെ പാപ്പയും ബൈഡനും തമ്മില്‍ ടെലിഫോണില്‍ സംസാരിച്ചിരിന്നു. ജോണ്‍ എഫ്. കെന്നഡിക്കു ശേഷം അമേരിക്കന്‍ പ്രസിഡന്റാകുന്ന കത്തോലിക്കനാണ് ബൈഡന്‍. അതേസമയം ഗര്‍ഭഛിദ്ര അനുകൂല നിലപാടിന്റെ പേരില്‍ അമേരിക്കന്‍ മെത്രാന്‍മാരില്‍ നിന്ന്! വിമര്‍ശനം ഏറ്റുവാങ്ങിയ വ്യക്തികൂടിയാണ് ബൈഡന്‍. അധികാരത്തിലേറിയ ശേഷം ഗര്‍ഭഛിദ്ര അനുകൂല നിലപാടുകള്‍ അദ്ദേഹം സ്വീകരിച്ചിരിന്നു.

Leave a Reply

Your email address will not be published. Required fields are marked *