സിപിഐയുടെ അടിമത്വം ലജ്ജാകരം : കെ സുധാകരന്‍ എംപി

Spread the love

എസ്എഫ് ഐ സഖാക്കള്‍ എഐഎസ്എഫ് നേതാക്കളെ മര്‍ദ്ദിക്കുകയും വനിതാ നേതാവിനെ ജാതീയമായി അധിക്ഷേപിക്കുകയും ചെയ്ത ശേഷം മുഖ്യമന്ത്രിയുടെ പോലീസ് എഐഎസ്എഫ് നേതാക്കള്‍ക്കെതിരെ കേസെടുത്തിട്ടും അതിനെ ചോദ്യം ചെയ്യാന്‍ തന്റേടം കാണിക്കാത്ത അടിമത്വത്തിന്റെ ഉടമകളായി സിപിഐ നേതൃത്വം മാറിപ്പോയതില്‍ കേരളം ലജ്ജിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.

മുന്നണിയിലും സര്‍ക്കാരിലും മുമ്പൊരിക്കല്‍ തിരുത്തല്‍ ശക്തിയായിരുന്ന സിപിഐ,കേരള കോണ്‍ഗ്രസിന്റെ വരവോടെ ആട്ടും തുപ്പും സ്ഥിരം ഏറ്റുവാങ്ങുന്ന നാണംകെട്ട പ്രസ്ഥാനമായി അധഃപതിച്ചു. സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ പിണറായി വിജയന്റെ നിഴലായും മാറിയെന്നും സുധാകരന്‍ പരിഹസിച്ചു.

എഐഎസ്എഫ് നേതാക്കളെ കള്ളക്കേസില്‍ കുടുക്കിയിട്ട് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പ്രതിഷേധം രേഖപ്പെടുത്താനുള്ള തന്റേടം പോലും സിപിഐ മന്ത്രിമാര്‍ക്ക് ഇല്ലാതെ പോയത് കേരളത്തെ അത്ഭുതപ്പെടുത്തുന്നതാണെന്നും സുധാകാരന്‍ പറഞ്ഞു.

സിപിഎമ്മിന്റെ സ്ത്രീ സംരക്ഷണ വാദം വെറും തട്ടിപ്പാണെന്നും കാലത്തിനനുസരിച്ച് കെട്ടുന്ന കോലം മാത്രമാണതെന്നും കേരളീയ സമൂഹത്തിന് വ്യക്തമായി. വാളയാറിലും പാലത്തായിലും തിരുവനന്തപുരത്ത് ചോരക്കുഞ്ഞിനായി പോരാട്ടം നടത്തുന്ന അമ്മയുടെ കാര്യത്തിലായാലും സിപിഎം ഒരിക്കലും ഇരയോടൊപ്പമായിരുന്നില്ല. സ്ത്രീപിഡകരായി പാര്‍ട്ടി നേതാക്കള്‍ വരുമ്പോള്‍ സ്ത്രീ സുരക്ഷയിലും ഇരയ്ക്ക് നീതി ഉറപ്പാക്കുന്ന കാര്യത്തിലും സിപിഎമ്മിന് ഇരട്ടത്താപ്പും ഇരട്ട നീതിയുമാണ്.

സമീപകാലത്ത് അടൂര്‍, പാലക്കാട് തുടങ്ങിയ നിരവധി സ്ഥലങ്ങളില്‍ സിപിഐ പ്രവര്‍ത്തകര്‍ സിപിഎം ഗുണ്ടകളില്‍ നിന്ന് ഭീകരമര്‍ദനം ഏറ്റുവാങ്ങി അടിമകളെപ്പോലെ ജീവിക്കുന്നു. അവിടെയെല്ലാം പോലീസ് നോക്കുകുത്തിയായി സിപിഎമ്മിന്റെ താല്‍പ്പര്യങ്ങളെ സംരക്ഷിക്കുന്നു.സിപിഐയ്ക്ക് പങ്കാളിത്തമുള്ള മന്ത്രിസഭയാണെങ്കിലും പോലീസിന്റെ പൂര്‍ണ സംരക്ഷണം സിപിഎമ്മുകാര്‍ക്ക് മാത്രമാണ് ലഭിക്കുന്നത്. എത്രനാള്‍ സിപിഐയ്ക്ക് ഇങ്ങനെ ദാസ്യവേല ചെയ്ത് സിപിഎമ്മിനൊപ്പം നില്‍ക്കാന്‍ സാധിക്കുമെന്നത് കാലം തെളിയിക്കട്ടെയെന്നും സുധാകരന്‍ പറഞ്ഞു.
.

Author

Leave a Reply

Your email address will not be published. Required fields are marked *