പാര്‍ട്ടിക്കെതിരെ പ്രചാരണം നടത്തിയാല്‍ നടപടി : കെ സുധാകരന്‍


സമൂഹമാധ്യമങ്ങളില്‍ നേതാക്കള്‍ക്കെതിരെ വ്യക്തിഹത്യയും പാര്‍ട്ടിക്ക് എതിരെ അനാവശ്യ പ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായ അച്ചടക്ക നടപടി എടുക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.

കെ.പി.സി.സി, ഡി.സി.സി യോഗങ്ങള്‍ ചേരുമ്പോള്‍ രഹസ്യങ്ങള്‍ ചോരുന്ന സ്വഭാവമുണ്ടെന്ന് കെ.സുധാകരന്‍ പറഞ്ഞു. ഇത്തരത്തില്‍ മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തി കൊടുക്കുന്നത് നേതാക്കള്‍ തിരുത്തണമെന്നും അല്ലാത്തപക്ഷം അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കെ.പി.സി.സി നിര്‍വാഹക സമിതി യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ കേസുകളില്‍ പ്രതികളാകുന്നവരുടെ സംരക്ഷണം പാര്‍ട്ടി ഉറപ്പാക്കാന്‍ ജില്ലകളില്‍ ലീഗല്‍ എയ്ഡ് സെല്ലുകള്‍ രൂപീകരിച്ച് നിയമസഹായം നല്‍കും. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ വികസന സമിതി രൂപീകരിക്കും. കോണ്‍ഗ്രസ് യൂണിറ്റി കമ്മറ്റി (സി.യു.സി) രൂപീകരണവുമായി ബന്ധപ്പെട് മണ്ഡലം തലത്തിലുള്ള നേതാക്കള്‍ക്കും രാഷ്ട്രീയ പഠന ക്ലാസ് നല്‍കും.കോണ്‍ഗ്രസിന്റെ വിവിധ സെല്ലുകള്‍ ജില്ലാ കമ്മിറ്റി വരെ പരിമിതപ്പെടുത്തും. താഴെ തട്ടുകളില്‍ സെല്‍കമ്മിറ്റി രൂപീകരണം ഉണ്ടാകില്ല. ഇന്ദിരാഗാന്ധിയുടെ ജന്മദിനമായ നവംബര്‍ 19 ന് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ വിപുലമായി ആചരിക്കും. ബംഗ്ലാദേശ് മോചനത്തിന്റെ അമ്പതാം വാര്‍ഷികത്തിന്റെ ഭാഗമായി നവംബര്‍ 22 ന് എ.ഐ.സി.സി യുടെ അഭ്യര്‍ത്ഥന പ്രകാരം തിരുവനന്തപുരുത്ത് സെമിനാര്‍ സംഘടിപ്പിക്കും. സച്ചിന്‍ പൈലറ്റ് സെമിനാര്‍ ഉദ്ഘാടനം ചെയ്യുമെന്നും കെ.സുധാകരന്‍ പറഞ്ഞു.

എ.െഎ.സി.സി പ്രഖ്യാപിച്ച പാര്‍ട്ടി പുന:സംഘടന അവര്‍ ആവശ്യപ്പെടാതെ മാറ്റിവെക്കില്ലെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി സുധാകരന്‍ പറഞ്ഞു. അത്തരത്തില്‍ ഒരാവശ്യം എ.െഎ.സി.സി യുടെ ഭാഗത്ത്‌നിന്ന് ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പുന:സംഘടനയുമായി മുന്നോട്ടുപോകാന്‍ ഹൈകമാന്‍ഡ് ആണ് നിര്‍േദശിച്ചിട്ടുള്ളത്. നിര്‍ത്തിവെക്കാന്‍ അവര്‍ ആവശ്യെപ്പട്ടിട്ടില്ല. പാര്‍ട്ടിയില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്തുന്നത് കെ.പി.സി.സി അല്ല. അതിന് വേറെ സംവിധാനം ഉണ്ട്. ജില്ലകളിലെ കാര്യങ്ങള്‍ വ്യക്തമായി അറിയാവുന്നത് ഡി.സി.സി പ്രസിഡന്റുമാരാണ്. അവരെല്ലാം പുന:സംഘടന പൂര്‍ത്തീകരിക്കണമെന്ന് ആവശ്യെപ്പട്ടിട്ടുണ്ട്. അതിനാല്‍ അവശേഷിക്കുന്ന പുന:സംഘടനയുമായി പാര്‍ട്ടി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

Leave Comment