നയാപൈസയുടെ ഇളവ് നല്കാത്ത സംസ്ഥാന സര്‍ക്കാരിനെ സമരങ്ങള്‍കൊണ്ട് മുട്ടുകുത്തിക്കും : കെ സുധാകരന്‍ എംപി

Spread the love

ജനരോഷത്തെ തുടര്‍ന്നും കോണ്‍ഗ്രസിന്റെ രാജ്യവ്യാപകമായ പ്രക്ഷോഭത്തെ തുടര്‍ന്നും ഇന്ധനനികുതിയില്‍ കേന്ദ്രസര്‍ക്കാര്‍ നേരിയ ഇളവ് വരുത്തിയെങ്കിലും നയാപൈസയുടെ ഇളവ് നല്കാത്ത പിണറായി സര്‍ക്കാരിനെ പ്രക്ഷോഭങ്ങള്‍കൊണ്ടും ജനകീയ സമരങ്ങള്‍കൊണ്ടും മുട്ടുകുത്തിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി.

ഇന്ധനനികുതി കുറയ്ക്കുന്നതുവരെ അരങ്ങേറാന്‍ പോകുന്ന സമരപരമ്പരകള്‍ മൂലം പിണറായി സര്‍ക്കാരിന് ഇനി ഉറക്കമില്ലാത്ത രാവുകളാണ് വരാന്‍ പോകുന്നത്. പെട്രോള്‍/ ഡീസല്‍ വിലവര്‍ധനവിനെ തുടര്‍ന്ന് 2016-21 കാലയളവില്‍ പിണറായി സര്‍ക്കാര്‍ അധിക നികുതിയിനത്തില്‍ മാത്രം 2190 കോടി രൂപ പിഴിഞ്ഞെടുത്തിട്ടാണ് കോവിഡ് കാലത്ത് ജനങ്ങള്‍ മഹാദുരിതങ്ങളില്‍ക്കൂടി കടന്നുപോകുമ്പോള്‍ നയാപൈസയുടെ ഇളവ് അനുവദിക്കാതിരിക്കുന്നത്.

സമീപകാലത്ത് 18,355 കോടിരൂപയാണ് ഇന്ധനനികുതിയിനത്തില്‍ പിണറായി സര്‍ക്കാരിനു ലഭിച്ചത്. മോദി സര്‍ക്കാര്‍ ഇന്ധനവിലയും നികുതിയും കുത്തനേ കൂട്ടിയപ്പോള്‍ അതിനോടൊപ്പം സംസ്ഥാന നികുതി കൂട്ടിയും കേന്ദ്രത്തിന്റെ കൊള്ളമുതലില്‍ പങ്കുപറ്റിയുമാണ് സംസ്ഥാന സര്‍ക്കാര്‍ ഇത്രയും തുക പോക്കറ്റിലാക്കിയത്. കൊള്ളമുതലില്‍ നിന്ന് നയാപൈസ പാവപ്പെട്ടവര്‍ക്കു നല്കാന്‍ കഴിയാത്ത വിധം പിണറായിയുടെ ഹൃദയം കഠിനമായിരിക്കുന്നു. അധികാരം ഇവരെ മത്തുപിടിപ്പിച്ചിരിക്കുകയാണ്.

ഹെലിക്കോപ്റ്റര്‍ വാങ്ങാനും കൊലയാളികള്‍ക്കുവേണ്ടിയും പാര്‍ട്ടിക്കാര്‍ക്കുവേണ്ടിയും ഖജനാവില്‍ നിന്ന് കോടാനുകോടി ചെലവഴിക്കുമ്പോഴാണ് ജനങ്ങളെ പുറംകാല്‍ കൊണ്ടു തൊഴിക്കുന്ന സമീപനം സ്വീകരിച്ചിരിക്കുന്നത്.ജനങ്ങള്‍ ഇവരെ പുറംകാല്‍ കൊണ്ട് തോണ്ടിയെറിയുന്നത് സമീപ ഭാവിയില്‍ കേരളം കാണുമെന്ന് സുധാകരന്‍ പറഞ്ഞു.

കോവിഡിനെ തുടര്‍ന്ന് വരുമാനം നഷ്ടമായി തീ തിന്നുകഴിയുന്ന ജനതയ്ക്ക് തെല്ലെങ്കിലും ആശ്വാസം നല്‍കാനുള്ള ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനുണ്ട്. ഇന്ധനവില വര്‍ധനവിനെതിരെ തുടര്‍ച്ചയായ സമരങ്ങളും ഹര്‍ത്താലുകളും നടത്തിയ സിപിഎമ്മാണ് നികുതി കുറയ്ക്കണ്ടെന്ന് സംസ്ഥാന സര്‍ക്കാരിനെ ഉപദേശിക്കുന്നത്. ഇതില്‍ നിന്ന് തന്നെ ജനങ്ങളോടുള്ള സിപിഎമ്മിന്റെ ആത്മാര്‍ത്ഥത ഇല്ലായ്മ വ്യക്തമാണെന്നും സുധാകരന്‍ പറഞ്ഞു.

2014- 15ല്‍ മോദിസര്‍ക്കാരിന്റെ കാലത്ത് ഇന്ധനനികുതിയിനനത്തില്‍ 72,000 കോടി രൂപയാണു ലഭിച്ചതെങ്കില്‍ 2020-21 കാലയളവില്‍ 3.50 ലക്ഷം കോടിയാണ് കേന്ദ്രത്തിനു ലഭിച്ചത്. രാജ്യം കോവിഡ് കാലത്ത് കണ്ട ഏറ്റവും വലിയ കൊള്ളയായിരുന്നു ഇത്. ക്രൂഡ് ഓയില്‍ വില താഴ്ന്നു നിന്നപ്പോള്‍ കേന്ദ്ര പെട്രോള്‍ നികുതി 9.48 രൂപയായിരുന്നത് 32.9 രൂപയും ഡീസല്‍ നികുതി 3.56 രൂപയായിരുന്നത് 31.8 രൂപയുമാക്കിയാണ് ജനങ്ങളെ വീര്‍പ്പുമുട്ടിച്ചത്. ഉപതെരഞ്ഞുപ്പുകളിലെ തോല്‍വി മൂലം ഇതില്‍ നിന്നാണ് നക്കാപ്പിച്ച സമാശ്വാസം നല്കാന്‍ കേന്ദ്രം തയാറായത്.

ജനങ്ങള്‍ക്ക് കാര്യമായ പ്രയോജനം കിട്ടുന്ന രീതിയില്‍ നികുതിയിളവ് നല്കാന്‍ കേന്ദ്രം തയാറാകണമെന്നു സുധാകരന്‍ ആവശ്യപ്പെട്ടു.

Author

Leave a Reply

Your email address will not be published. Required fields are marked *