അടുത്ത വർഷത്തെ പാഠപുസ്തകങ്ങളിൽ മലയാളം അക്ഷരമാല ഉൾപ്പെടുത്തും : മന്ത്രി വി ശിവൻകുട്ടി

Spread the love

അടുത്ത വർഷത്തെ പാഠപുസ്തകങ്ങളിൽ മലയാളം അക്ഷരമാല ഉൾപ്പെടുത്തും; ലിംഗ തുല്യത ഉറപ്പുവരുത്തുന്ന യൂണിഫോമുമായി ബന്ധപ്പെട്ട പുതിയ ചിന്തകളിലേക്ക് നാം കടക്കേണ്ടിയിരിക്കുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി.

അടുത്ത വർഷത്തെ പാഠപുസ്തകങ്ങളിൽ മലയാളം അക്ഷരമാല ഉൾപ്പെടുത്തുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവൻകുട്ടി. ആധുനിക ഭാഷാ പഠന രീതിയോടൊപ്പം പാഠപുസ്തകങ്ങളിൽ മലയാളം അക്ഷരങ്ങൾ ഉൾപ്പെടുത്തുന്നതിൽ തെറ്റില്ലെന്നും മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഒരു കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച ആലപ്പുഴ പുന്നപ്ര ജെ ബി സ്കൂൾ മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു വിദ്യാഭ്യാസ മന്ത്രി.

ലിംഗ സമത്വം ഉറപ്പുവരുത്തുന്ന യൂണിഫോം സംബന്ധിച്ച് പുതിയ ചിന്തകളിലേക്ക് നാം കടക്കേണ്ടിയിരിക്കുന്നു എന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ എറണാകുളം ജില്ലയിലെ വളയൻ ചിറങ്ങര എൽ പി സ്കൂളിന്റെ മാതൃക സ്വാഗതാർഹമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

പുതിയ കരിക്കുലം കമ്മിറ്റി താമസിയാതെ രൂപീകരിക്കും. ഖാദർ കമ്മിറ്റി റിപ്പോർട്ട് ഘട്ടം ഘട്ടമായി ഒരു വർഷത്തിനുള്ളിൽ നടപ്പാക്കാനാണ് ശ്രമം. പ്രൈമറി ക്ലാസ് മുതൽ തന്നെ ലിംഗസമത്വം സംബന്ധിച്ച് ചർച്ചകൾ ഉയർന്നുവരണം.

ഉപരിപഠനത്തിന് അർഹതയുള്ള, അപേക്ഷ നൽകിയിട്ടുള്ള മുഴുവൻ വിദ്യാർഥികൾക്കും പ്ലസ് വൺ പ്രവേശനത്തിനുള്ള സംവിധാനം സർക്കാർ ഒരുക്കും. ഈ മാസം ഇരുപത്തി മൂന്നാം തീയതി പുതിയ ബാച്ച് എവിടെയൊക്കെ അനുവദിക്കണമെന്ന കാര്യത്തിൽ ആലോചനയുണ്ടാകും. ആവശ്യമായ ഇടങ്ങളിൽ പുതിയ ബാച്ചുകൾ അനുവദിക്കുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. യോഗത്തിൽ അമ്പലപ്പുഴ എം എൽ എ എച്ച് സലാം അധ്യക്ഷനായിരുന്നു. ആലപ്പുഴ എംപി എ.എം. ആരിഫ്, ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ ജി രാജേശ്വരി തുടങ്ങിയവർ യോഗത്തിൽ വിശിഷ്ടാതിഥികൾ ആയിരുന്നു.

മാവേലിക്കര നിയമസഭാ മണ്ഡലത്തിൽപ്പെട്ട തഴക്കര കുന്നം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനവും നിർവഹിച്ചു. എംഎസ് അരുൺ കുമാർ എംഎൽഎ അധ്യക്ഷനായിരുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *