കെ-റെയില്‍ കേരളത്തിന്‍റെ ഭാവിയ്ക്കുവേണ്ടിയുള്ള പ്രധാന പദ്ധതിയെന്നു കണ്ട് പിന്തുണ നല്‍കണമെന്ന് പാര്‍ലമെന്‍റ് ശീതകാല സമ്മേളനത്തിന് മുന്നോടിയായി ചേര്‍ന്ന എം.പിമാരുടെ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. സംസ്ഥാനത്തിന് ഒഴിച്ചുകൂടാനാവാത്ത പദ്ധതിയാണിത്. നാടിന്‍റെ വികസനത്തിന് പ്രധാന പങ്ക് വഹിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് ചിലര്‍ക്കുണ്ടായ സംശയങ്ങള്‍ ദൂരീകരിക്കുമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു.
പ്രദേശങ്ങളെ അടിസ്ഥാനമാക്കി കൂടുതല്‍ മുന്നറിയിപ്പ് നല്‍കാനുള്ള സാങ്കേതിക സംവിധാനത്തോടെ കാലാവസ്ഥാ പ്രവചനം സാധ്യമാക്കണം. വയനാട്, കോഴിക്കോട് അതിര്‍ത്തിയില്‍ ഒരു ഡോപ്ലര്‍ റഡാര്‍ സ്ഥാപിക്കണമെന്ന ദീര്‍ഘകാല ആവശ്യം കേന്ദ്രം പരിഗണിക്കണം. നിലവിലുള്ള രണ്ട് റഡാറുകളും മുഴുവന്‍ സമയവും സംസ്ഥാനത്തിന് വിവരങ്ങള്‍ നല്‍കുന്ന രീതിയില്‍ സജ്ജീകരിക്കണം. ജില്ലാതലത്തില്‍ കാലാവസ്ഥാ വിദഗ്ധരുടെ സേവനം ലഭ്യമാക്കണം. ചുഴലിക്കാറ്റ് മുന്നറിയിപ്പ് സംവിധാനം കാര്യക്ഷമമാക്കണം.
നാടിന്‍റെ വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ പറ്റുന്ന തരത്തില്‍ എംപിമാര്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ക്കുമേല്‍ തുടര്‍ച്ചയായ കടന്നുകയറ്റം ഉണ്ടാകുന്നു. സംസ്ഥാന താത്പര്യങ്ങള്‍ കേന്ദ്രം പരിഗണിക്കുന്നില്ല. രാജ്യത്തിന്‍റെ പൊതുവായ സാമ്പത്തികവിഭവങ്ങളില്‍ സംസ്ഥാനങ്ങള്‍ക്കുള്ള അവകാശം പരിമിതപ്പെടുത്തുന്നു. വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് തടസ്സമുണ്ടാക്കുന്നു. ജനാധിപത്യവ്യവസ്ഥയെ തന്നെ ദോഷകരമായി ബാധിക്കുന്ന സാഹചര്യമുണ്ടാവുന്നു. കേന്ദ്ര ഭരണകക്ഷി നേതൃത്വം കൊടുക്കുന്ന സംസ്ഥാനങ്ങള്‍ പോലും ഇത്തരം പ്രശ്നങ്ങള്‍ ഉന്നയിക്കുകയാണ്.
ജി എസ് ടി കുടിശ്ശിക, വാക്സിനേഷന്‍ ഉത്തരവാദിത്വം എന്നിവ കേന്ദ്രം ഏറ്റെടുത്തത് നമ്മുടെ കൂട്ടായ ശ്രമഫലമായാണ്. ഭക്ഷ്യധാന്യ പ്രശ്നം, റബ്ബര്‍ വിലസ്ഥിരത, തീരസംരക്ഷണം, പ്രവാസി പുനരധിവാസപ്രശ്നം എന്നിവയെല്ലാം കേന്ദ്രത്തിന് നേരിട്ട് ഉത്തരവാദിത്വമുള്ള വിഷയങ്ങളാണ്. ഇതിലൊക്കെ സംസ്ഥാന താത്പര്യം വേണ്ടവിധം പരിഗണിക്കുന്നില്ല.
തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികള്‍ക്കുള്ള ഭരണാനുമതി 2021 ഫെബ്രുവരി 11 ന് സര്‍ക്കാര്‍ ലഭ്യമാക്കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്‍റെ അനുമതി ത്വരിതപ്പെടുത്താന്‍ എംപിമാര്‍ ശ്രമിക്കണം. ശബരി റെയില്‍പദ്ധതി പുനരുജ്ജീവിപ്പിക്കാന്‍ ഇടപെടണം.
കാഞ്ഞങ്ങാട് – കാണിയൂര്‍ റെയില്‍പാതയുടെ മൊത്തം ചിലവിന്‍റെ 50 ശതമാനം കേരളം വഹിക്കുമെന്ന് അറിയിച്ചതാണ്. പാത യാഥാര്‍ത്ഥ്യമാക്കാന്‍ ഇടപെടണം. കാക്കനാട് മെട്രോ റെയില്‍ എക്സ്റ്റന്‍ഷന് കേന്ദ്രമന്ത്രി സഭയുടെ അംഗീകാരം കാത്തിരിക്കുകയാണ്.
കോഴിക്കോട് വിമാനത്താവള വികസനത്തിനുള്ള സ്ഥലമെടുപ്പ്, വലിയ വിമാനങ്ങള്‍ ഇറക്കല്‍ എന്നീ കാര്യങ്ങളില്‍ ഒന്നിച്ചു നീങ്ങണം. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിദേശ വിമാനക്കമ്പനികളുടെ സര്‍വീസുകള്‍ അടിയന്തിരമായി അനുവദിക്കണം. ബേക്കല്‍ എയര്‍സ്ട്രിപ്പിനുള്ള അനുമതിയും തേടണം.
തലസ്ഥാന നഗരിയുമായി ബന്ധപ്പെട്ട് പാരിപ്പള്ളി – വിഴിഞ്ഞം ഔട്ടര്‍ റിംഗ് റോഡിന് ഭാരത്മാല ഫെയ്സ് 1 ല്‍ ഉള്‍പ്പെടുത്തി അനുമതി നല്‍കണമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പദ്ധതിക്ക് ദേശീയപാതാ അതോറിറ്റി നേരത്തെ നല്‍കാന്‍ തയ്യാറായിരുന്ന
50 ശതമാനം ഓഹരി നല്‍കണം.
കിനാനൂരില്‍ നിര്‍ദ്ദിഷ്ട എയിംസ് സ്ഥാപിക്കുന്നതിന് 200 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്ന നടപടി പുരോഗമിക്കുകയാണ്. എയിംസിന് അനുമതി ലഭ്യമാക്കാന്‍ ഇടപെടണം. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലും സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷന്‍ പദ്ധതി നടപ്പാക്കാന്‍ ആവശ്യമായ നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്തണം.
പ്രകൃതിദുരന്തം മൂലം തകര്‍ന്ന റോഡുകള്‍ക്ക് അനുവദിക്കുന്ന ധനസഹായം അപര്യാപ്തമാണ്. അതിനാല്‍ ഇതുമായി ബന്ധപ്പെട്ട് നിലവിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുതുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
യോഗത്തില്‍ എം.പി.മാർക്ക് പുറമെ മന്ത്രിമാർ, ചീഫ് സെക്രട്ടറി, വിവിധ വകുപ്പ് സെക്രട്ടറിമാര്‍ പങ്കെടുത്തു.