തെരഞ്ഞെടുപ്പിലൂടെ അര്‍ഹിക്കുന്നവരുടെ കൈകളില്‍ പാര്‍ട്ടി എത്തും : കെ സുധാകരന്‍ എംപി

Spread the love

കോണ്‍ഗ്രസില്‍ നടക്കുന്ന സംഘടനാ തെരഞ്ഞെടുപ്പ് അര്‍ഹിക്കുന്നവരുടെ കൈകളിലേക്ക് പാര്‍ട്ടിയെ എത്തിക്കുമെന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.
തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചാണ് താന്‍ നേതൃത്വത്തിലെത്തിയത്. അര്‍ഹിക്കുന്നവര്‍ക്ക് അവസരങ്ങളുടെ വാതായനം തുറന്നിടുകയാണെന്ന് അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് അംഗത്വവിതരണം രണ്ടാംഘട്ടത്തിന്റെ പൂവാറില്‍ നടന്ന സംസ്ഥാന തലപരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസിന്റെ പ്രോജ്വലമായ ചരിത്രം തമസ്‌കരിക്കുന്നതില്‍ ബിജെപി സര്‍ക്കാരും സംഘപരിവാര്‍ ശക്തികളും വ്യാപൃതരാണ്. മഹാത്മഗാന്ധിയെപ്പോലും അവര്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു. പാഠപുസ്തകങ്ങളില്‍ നിന്നും കോളജുകളില്‍ നിന്നും അവര്‍ കോണ്‍ഗ്രസിന്റെ ചരിത്രം പിഴുതെറിയുകയാണ്. പുതിയ തലമുറ കോണ്‍ഗ്രസിനെ അറിയാതെ വളരുന്ന സാഹചര്യമാണുള്ളത്. അതുകൊണ്ട് കോണ്‍ഗ്രസിനെക്കുറിച്ച് പുതുതലമുറയെ പഠിപ്പിക്കാന്‍ മുതിര്‍ന്നവര്‍ തയാറാകണമെന്നു സുധാകന്‍ ആവശ്യപ്പെട്ടു.

ഇന്ത്യയെ ഏഴര ദശാബ്ദം മുന്നോട്ടുകൊണ്ടുപോയത് കോണ്‍ഗ്രസ് എന്ന വികാരമാണ്. 1947ല്‍ ഇന്ത്യ സ്വാതന്ത്യം പ്രാപിച്ചപ്പോള്‍ ഈ രാജ്യം വൈകാതെ തകരുമെന്നു പ്രവചിച്ചവരാണ് ഏറെയും. എന്നാല്‍ കോണ്‍ഗ്രസ് ആവിഷ്‌കരിച്ച ജനാധിപത്യ മതേതരത്വ ആശയങ്ങള്‍ ഇന്ത്യന്‍ ജനതയെ കൂട്ടിയോജിപ്പിച്ച് ഇപ്പോള്‍ ലോകത്തിലെ തന്നെ പ്രബലശക്തിയാക്കിയെന്നു സുധാകരന്‍ പറഞ്ഞു.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യവും വികസനവും വളര്‍ച്ചയും കൊണ്ടുവന്ന കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അംഗത്വമെടുക്കുന്നത് ആത്മാഭിമാനം ഉയര്‍ത്തുന്ന തീരുമാനമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ അംഗത്വവിതരണം ഉദ്ഘാടനം ചെയ്തു ചൂണ്ടിക്കാട്ടി. മത്സ്യത്തൊഴിലാളി ഗ്രിഗോറിക്ക് നല്‍കിയാണ് സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചത്. കോവളം നിയോജകമണ്ഡലത്തിലെ നിരവധി പ്രവര്‍ത്തകര്‍ക്ക് അംഗത്വം നല്കി.

കെപിസിസി വൈസ് പ്രസിഡന്റ് എന്‍. ശക്തന്‍, ട്രഷറര്‍ പ്രതാപ ചന്ദ്രന്‍ , ജനല്‍ സെക്രട്ടറിമാരായ ജി.സുബോധന്‍, മരിയാപുരം ശ്രീകുമാര്‍ , ഡിസിസി പ്രസിഡന്റ് പാലോട് രവി , എം. വിന്‍സന്റ് എം എല്‍ എ, മുന്‍ ഡി സി സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Author

Leave a Reply

Your email address will not be published. Required fields are marked *