മിഷിഗൺ.: മിഷിഗൺ ഹൈസ്ക്കൂളിൽ പതിനഞ്ചുകാരനായ വിദ്യാർഥി ചൊവ്വാഴ്ച ഉച്ചയോടെ നടത്തിയ വെടിവയ്പ്പിൽ മൂന്ന് സഹപാഠികൾ കൊല്ലപ്പെടുകയും, എട്ടു പേർക്കു പരിക്കേൽക്കുകയും ചെയ്തു. പരുക്കേറ്റവരിൽ ഒരു അധ്യാപകനും ഉൾപ്പെടുന്നു. 16 വയസ്സുള്ള ഒരാൺകുട്ടിയും 17ഉം, 14ഉം വയസ്സുള്ള രണ്ടു പെൺകുട്ടികളുമാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 15 വയസ്സുള്ള വിദ്യാർഥിയെ അറസ്റ്റു ചെയ്തതായി ഒക്ക്‌ലാന്റ് കൗണ്ടി അണ്ടർ ഷെറിഫ് മൈക്കിൾ ജി. മെക്കബി പറഞ്ഞു.
വിദ്യാർഥി സഹപാഠികൾക്കു നേരെ നിരവധി തവണ വെടിവച്ചതായും, സംഭവസ്ഥലത്തു നിന്ന് ഒരു സെമി ആട്ടോമാറ്റിക് തോക്കും തിരകളും
കണ്ടെത്തിയതായും ഷെറിഫ് പറഞ്ഞു. വിദ്യാർഥിയുടെ മാതാപിതാക്കളും മൈക്കിൾ ജി മെക്കബിയും ആക്രമണം നടത്തിയ വിദ്യാർഥിയെ സന്ദർശിച്ചു. മാതാപിതാക്കളുടെ അനുമതി ലഭിച്ചതിനുശേഷം മാത്രമേ വിദ്യാർഥിയെ പൊലീസിനു ചോദ്യം ചെയ്യാനാകൂ.
ഗവർണർ ഗ്രച്ചൻ വിറ്റ്മർ സംഭവത്തിൽ കൊല്ലപ്പെടുകയും പരുക്കേൽക്കുകയും ചെയ്തവരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്നതിനു ശക്തമായ നപടികൾ സ്വീകരിക്കുമെന്ന് ഉറപ്പു നൽകുകയും ചെയ്തു.