കൈറ്റിന് പുതിയ ആസ്ഥാന മന്ദിരം നിർമ്മിക്കും – വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടി

Spread the love

മികച്ച ‘സ്കൂള്‍ വിക്കി’ പേജിന് ഒന്നര ലക്ഷം രൂപ സമ്മാനം.

പൊതുവിദ്യാഭ്യാസ മേഖലയിലെ ഡിജിറ്റല്‍ ഇടപെടല്‍ ശക്തിപ്പെടുത്തുന്നതിന് കൂടുതല്‍ സംവിധാനങ്ങളോടെ കൈറ്റിന് പുതിയ ആസ്ഥാനമന്ദിരം തിരുവനന്തപുരം വലിയശാലയില്‍ നി‍ർമ്മിക്കാന്‍ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. വി. ശിവന്‍കുട്ടി പറഞ്ഞു. കൈറ്റ് വിക്ടേഴ്സിലെ പത്തു പുത്തന്‍ പരമ്പരകളുടെയും ‘തിരികെ വിദ്യാലയത്തിലേക്ക്’ ഫോട്ടോഗ്രഫി അവാർ‍ഡ് വിതരണത്തിന്റെയും ഉദ്ഘാടനം നി‍ർവഹിക്കുകയായിരുന്നു മന്ത്രി. പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ടും അതുവഴി ഊന്നല്‍ നല്‍കുന്ന മൂല്യങ്ങളും ലിംഗസമത്വവും ശാസ്ത്രീയ സമീപനവുമെല്ലാം ഉയർത്തിപ്പിടിക്കുന്ന തരത്തില്‍ കൈറ്റ് വിക്ടേഴ്സ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളിലൂടെ പൊതുവിദ്യാഭ്യാസ വകുപ്പ് നിരവധി പോഷണ പരിപാടികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മികച്ച രീതിയില്‍ സ്കൂള്‍വിക്കിയില്‍ തങ്ങളുടെ പേജുകള്‍ തയ്യാറാക്കുന്ന സ്കൂളുകള്‍ക്ക് സംസ്ഥാനതലത്തില്‍ ഒന്നാം സമ്മാനം 1.5 ലക്ഷം രൂപയും രണ്ടും മൂന്നും സമ്മാനങ്ങള്‍ 1 ലക്ഷവും 75000/- രൂപ വീതവും നല്‍കുന്ന കാര്യവും ചടങ്ങില്‍ മന്ത്രി പ്രഖ്യാപിച്ചു. ഇതിനുപുറമെ ജില്ലാതലത്തിലും സമ്മാനങ്ങളുണ്ടാകും.‍ ജനുവരി 31 വരെയുള്ള പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചായിരിക്കും സ്കൂളുകള്‍ക്ക് ഈ അവാര്‍ഡുകള്‍ നല്‍കുന്നതെന്നും ഇതിന്റെ വിശദാംശങ്ങള്‍ കൈറ്റ് പ്രത്യേകം പുറപ്പെടുവിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൈറ്റ് വിക്ടേഴ്സിലെ പുതു പരമ്പരകളുടെ അവതാരകർ കൂടിയായ മുന്‍ ധനമന്ത്രി ഡോ. ടി.എം.തോമസ് ഐസക്, ചീഫ് സെക്രട്ടറി ഡോ. വി.പി.ജോയ്, കോവിഡ് വിദഗ്ദ്ധ സമിതി അധ്യക്ഷന്‍ ‍ഡോ. ബി. ഇക‍്ബാല്‍, ശാസ്ത്ര പ്രചാരകന്‍ ഡോ. വൈശാഖന്‍ തമ്പി, യുവ എഴുത്തുകാരി നേഹ ഡി തമ്പാന്‍, കൈറ്റ് സി.ഇ.ഒ കെ അന്‍വ‍ർ സാദത്ത്, കെ. മനോജ് കുമാ‍‍‍ർ എന്നിവർ ചടങ്ങില്‍ സംബന്ധിച്ചു.

സ്കൂള്‍ വിക്കിയില്‍ ചിത്രങ്ങള്‍ അപ്‍ലോഡ് ചെയ്യുന്ന ‘തിരികെ വിദ്യാലയത്തിലേക്ക്’ ഫോട്ടോഗ്രഫി മത്സരത്തില്‍ വിജയികളായ എം.എം.എം. ജി.എച്ച്.എസ് കാപ്പിസെറ്റ്, വയനാട് (ഒന്ന്), സെന്റ് മേരീസ് എച്ച്.എസ്.എസ് മൊറാക്കാല, എറണാകുളം (രണ്ട്), ഐ.യു.എച്ച്.എസ്.എസ് പറപ്പൂ‍‍ർ, മലപ്പുറം, എസ്.എഫ്.എ എച്ച്.എസ്.എസ് അർത്തുങ്കല്‍, ആലപ്പുഴ (മൂന്ന്) സ്കൂളുകള്‍ക്ക് ചടങ്ങില്‍ വച്ച് പൊതുവിദ്യാഭ്യാസ മന്ത്രി അവാർഡുകള്‍ വിതരണം ചെയ്തു.

കേരളം – മണ്ണും മനുഷ്യനും, ശാസ്ത്രവും ചിന്തയും, മഹാമാരികള്‍, ജീവന്റെ തുടിപ്പ്, ശാസ്ത്രവിചാരം, മഞ്ചാടി, എങ്ങനെ എങ്ങനെ എങ്ങനെ?, കളിയും കാര്യവും, ചരിത്രം തിരുത്തിയ തന്മാത്രകള്‍, ഇക്യൂബ് സ്റ്റോറീസ് എന്നിവയാണ് കൈറ്റ് വിക്ടേഴ്സില്‍ ഇന്നു മുതല്‍ ‍ ആരംഭിക്കുന്ന പുതിയ പരമ്പരകള്‍.

Author

Leave a Reply

Your email address will not be published. Required fields are marked *