മന്ത്രിമാരുടെ യോഗം എന്നാല്‍ വലിയ കോണ്‍ഫറന്‍സ് ഹാളാണ് എല്ലാവരുടേയും മനസില്‍ ഓടിവരിക. എന്നാല്‍ ഒരു മന്ത്രി തറയിലിരുന്ന് യോഗം കൂടുക എന്നത് അപൂര്‍വമായ കാഴ്ചയാണ്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അട്ടപ്പാടിയില്‍ തറയിലിരുന്നാണ് ഔദ്യോഗിക യോഗം കൂടിയത്. വെള്ളാമലി ഊരിലെ അറുപത്തി നാലാം നമ്പര്‍ അങ്കണവാടിയിലാണ് യോഗം നടന്നത്.
അട്ടപ്പാടിയില്‍ ശിശുമരണങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ ഫീല്‍ഡുതല പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കാണുന്നതിനാണ് മന്ത്രി എത്തിയത്. വിവിധ ആശുപത്രികളും ഊരുകളും സന്ദര്‍ശിച്ചതിന് പിന്നാലെയാണ് അട്ടപ്പാടിയിലെ വിവിധ പ്രദേശങ്ങളിലെ അങ്കണവാടി പ്രവര്‍ത്തകരുടെ യോഗം പെട്ടന്ന് വിളിച്ചു കൂട്ടിയത്. 30 ഓളം അങ്കണവാടി പ്രവര്‍ത്തകര്‍, സിഡിപിഒമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
അവിടെ രണ്ട് വലിയ കസേരകള്‍ മാത്രമാണുണ്ടായിരുന്നത്. ബാക്കിയെല്ലാം കുട്ടികളുടെ ചെറിയ കസേരകളായിരുന്നു. മന്ത്രിയ്ക്കായി അങ്കണവാടി ജീവനക്കാര്‍ ഒരു കസേരയിട്ടു. ബാക്കിയുള്ളവര്‍ തറയിലിരിക്കുന്നതിനാല്‍ മന്ത്രിയും സ്‌നേഹപൂര്‍വം ആ കസേര നിരസിച്ച് തറയില്‍ തന്നെ ഇരിക്കുകയായിരുന്നു. തങ്ങളിലൊരാളായി മന്ത്രിയും ഒപ്പം ഇരുന്നപ്പോള്‍ അങ്കണവാടി പ്രവര്‍ത്തകര്‍ക്കും സന്തോഷമായി. ഒരു മണിക്കൂറോളം മീറ്റിംഗ് നീണ്ടു. അങ്കണവാടി പ്രവര്‍ത്തകര്‍ പറയുന്ന എല്ലാ കാര്യങ്ങളും ശ്രദ്ധയോടെ കേട്ട ശേഷം നടപടികളും ശിപാര്‍ശ ചെയ്താണ് മന്ത്രി യോഗം അവസാനിപ്പിച്ചത്.
ശരിക്കും വ്യത്യസ്തമായ അനുഭവമായിരുന്നു ഈ യോഗമെന്ന് മന്ത്രി വീണാ ജോര്‍ജ് യോഗത്തിനിടെ പറഞ്ഞു. ഒപ്പം ഇരുന്ന് പ്രശ്‌നങ്ങള്‍ കേട്ടപ്പോള്‍ ഒരു ഔദ്യോഗിക യോഗമായി തോന്നിയില്ല. വല്ലാത്തൊരു അടുപ്പം എല്ലാവരോടും തോന്നിയതായി മന്ത്രി പറഞ്ഞു.