മാറുന്ന കേരളത്തിലെ തൊഴിൽ അന്തരീക്ഷം വെളിപ്പെടുത്തുന്ന ” തൊഴിൽ കണക്കുകൾ ഒറ്റനോട്ടത്തിൽ” പ്രകാശനം ചെയ്ത് മന്ത്രി വി ശിവൻകുട്ടി.
സംസ്ഥാനത്തെ തൊഴിലുടമ – തൊഴിലാളി സൗഹൃദ അന്തരീക്ഷം കൂടുതൽ മെച്ചപ്പെടുന്നുവെന്ന് വ്യക്തമാക്കി തൊഴിൽ വകുപ്പിന്റെ പഠനം. “തൊഴിൽ കണക്കുകൾ ഒറ്റനോട്ടത്തിൽ ” എന്ന പഠനമാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. പഠനത്തിന്റെ പുസ്തകരൂപം തൊഴിൽ മന്ത്രി വി ശിവൻകുട്ടി ലേബർ കമ്മീഷണർ എസ് ചിത്ര ഐ എ എസിന് നൽകി നിർവഹിച്ചു.
രജിസ്റ്റർ ചെയ്ത പ്ലാന്റഷനുകളുടെ എണ്ണത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ 2.89 ശതമാനം വർദ്ധനവുണ്ടായിട്ടുണ്ട്. തോട്ടം മേഖലയിൽ അസുഖ ആനുകൂല്യം നേടിയവരുടെ എണ്ണത്തിൽ കഴിഞ്ഞ 5 വർഷത്തിനുള്ളിൽ 25.32 ശതമാനം വർധനവുണ്ടായി. തോട്ടം മേഖലയിൽ പ്രസവാനുകൂല്യം ആയി സ്ത്രീകൾക്ക് അഞ്ചുവർഷത്തിനിടെ 152.98 ശതമാനം അധിക തുക ആനുകൂല്യമായി നൽകി എന്നും പഠനം വെളിപ്പെടുത്തുന്നു.
കുറഞ്ഞ വേതനം നിശ്ചയിച്ചിട്ടുള്ള 80 തൊഴിൽ ഷെഡ്യൂളുകളും ഈ പ്രസിദ്ധീകരണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിവിധ തൊഴിൽ നിയമങ്ങൾ സംബന്ധിച്ച റിപ്പോർട്ടുകളും വിശദമായ അവലോകനവും പ്രസിദ്ധീകരണത്തിലുണ്ട്. ലേബർ കമ്മിഷണറേറ്റിലെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗമാണ് പ്രസിദ്ധീകരണം തയ്യാറാക്കിയത്. തൊഴിൽ വകുപ്പിന്റെ തൊഴിൽ ക്ഷേമ രംഗം എന്ന മാഗസിന്റെ പുതിയ പതിപ്പിന്റെ പ്രകാശനവും മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു.