കായിക രംഗത്തെ വളര്‍ച്ചയ്ക്ക് പ്രാദേശികമായ കരട് രൂപരേഖ തയ്യാറാക്കും: മന്ത്രി വി അബ്ദുറഹ്‌മാന്‍

Spread the love

ഇടുക്കി: കായിക രംഗത്ത് മികച്ച മാറ്റം കുറിക്കാനുള്ള ടാസ്‌കാണ് സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നതെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍. പ്രാദേശികമായി ലഭിക്കുന്ന രൂപരേഖ കൂടി പരിഗണിച്ച് പുതിയ കായിക നയം രൂപീകരിക്കും. അതിനായ് പ്രാദേശികമായ കരട് രേഖ തയ്യാറാക്കി സമര്‍പ്പിക്കണമെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ കായിക കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചതിന് ശേഷം കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയിരുന്നു അദ്ദേഹം. സ്റ്റേഡിയങ്ങള്‍ കളിക്കളം മാത്രമായല്ല കാണേണ്ടത്. രാജ്യ വികസനത്തിന്റെ ആദ്യ തുടക്കം ഇത്തരത്തിലുള്ള കളിക്കളങ്ങളില്‍ നിന്നാണ്. .ഇടുക്കി ജില്ലയില്‍ 45.27 കോടി രൂപയാണ് ഇത്തവണ ചിലവഴിക്കുന്നത്. ഇതിന് പുറമെ ഇടുക്കി പാക്കേജില്‍ കായിക രംഗത്തിന് പ്രത്യേക പരിഗണന നല്‍കുന്നുണ്ടന്നും മന്ത്രി പറഞ്ഞു. ഓരോ പഞ്ചായത്തിലും ഓരോ കളിക്കളം നിര്‍മിക്കുന്ന പദ്ധതി നടപ്പിലാക്കി വരുകയാണ്. ഫുട്ബോള്‍ ഫെഡറേഷനുമായി ബന്ധപ്പെട്ട് 5 ലക്ഷം കുട്ടികള്‍ക്ക് ഫുട്ബോള്‍ പരിശീലനം നല്‍കുന്ന രീതിയിലുള്ള ദീര്‍ഘ കാല പദ്ധതികളും ഇതോടൊപ്പം നടപ്പിലാക്കുന്നുണ്ട്.
അക്കാദമികളിലെ കുട്ടികളുടെ കുറവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതിന്റെ കാരണം കണ്ടെത്തണമെന്നും നിലവിലുള്ള സംവിധാനം മെച്ചപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. കരട് രേഖ തയ്യാറാക്കുമ്പോള്‍ സ്പോര്‍ട്സ് രംഗത്തെ മുന്‍ കായിക ജേതാക്കള്‍, സാമൂഹ്യ രംഗത്തെ പ്രമുഖര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തണം.കായിക മേഖലയെ ടൂറിസവുമായി ബന്ധപ്പെടുത്തി ജില്ലയുടെ വികസനത്തിന് ഉതകുന്ന പദ്ധതികള്‍ നടപ്പിലാക്കാന്‍ സാധിക്കും. ഓരോ ജില്ലയിലും പാരമ്പര്യ ഇനങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് പരിശീലനം നല്‍കും. ഇടുക്കിയില്‍ സ്റ്റേഡിയത്തിന്റെ കുറവുണ്ട്, അത് പരിഗണനയില്‍ ഉണ്ടാകും. മത്സരത്തിനുള്ള സ്പോര്‍ട്സ് മാത്രമായല്ല കായിക ക്ഷമത വര്‍ധിപ്പിക്കുന്ന പദ്ധതികളാണ് വകുപ്പ് ആസൂത്രണം ചെയ്യുന്നത്.
കായിക രംഗത്ത് മികച്ച നേട്ടം കൈവരിക്കാന്‍ സാധിക്കുന്ന ജില്ലയാണ് ഇടുക്കിയെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ജില്ലയുടെ കായിക മേഖലയിലെ സമഗ്രമായ വികസനത്തിന് മന്ത്രിയുടെ സന്ദര്‍ശനവും സാന്നിധ്യവും വളരെ വലുതാണെന്നും മന്ത്രി പറഞ്ഞു.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എംഎം മണി എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, എഡിഎം ഷൈജു പി ജേക്കബ്, കേരള സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്സിക്കുട്ടന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹന്‍കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം കെജി സത്യന്‍, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍, മറ്റു പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *