ന്യൂയോർക്ക് മലയാളി സ്പോർട്സ് ക്ലബ്ബ് വാർഷിക യോഗം ഡിസംബർ 10 വെള്ളിയാഴ്ച

ന്യൂയോർക്ക് : പ്രവാസി ജീവിതത്തിലും ഗൃഹാതുരത്വം നിലനിർത്തി സ്പോർട്സ് പ്രേമികളായ ന്യൂയോർക്കിലെ അമേരിക്കൻ മലയാളികൾ തങ്ങളുടെ കായിക വിനോദലോകം പടുത്തുയർത്തുവാൻ 34 വര്ഷം മുൻപ് രൂപം കൊടുത്ത സ്പോർട്സ് ക്ലബ്ബായ ന്യൂയോർക്ക് മലയാളി സ്പോർട്സ് ക്ലബ്ബിന്റെ 2021-ലെ വാർഷിക ആഘോഷം നടത്തപ്പെടുന്നു. 10-നു വെള്ളിയാഴ്ച വൈകിട്ട് 6.30 മുതൽ ഹെംസ്റ്റെഡിലുള്ള ക്നാനായ ചർച്ച് ആഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്ന വാർഷിക ആഘോഷം ന്യൂയോർക്കിലെ മലയാളി സെനറ്റർ കെവിൻ തോമസ് ഉദ്ഘാടനം ചെയ്യുന്നതാണ്. ന്യൂയോർക്ക് സിറ്റി ഡിസ്ട്രിക്ട്-23 കൌൺസിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ട ലിൻഡ ലീയും മറ്റു രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സ്പോർട്സ് രംഗങ്ങളിലുള്ള വിശിഷ്ട വ്യക്തികളും ക്ലബ്ബ് കുടുംബാംഗങ്ങളും യോഗത്തിൽ പങ്കെടുക്കുന്നതാണ്.

ലോങ്ങ് ഐലൻഡ്, ക്യുൻസ് കൗണ്ടികളിലെ സ്പോർട്സ് പ്രേമികൾക്കായി സോക്കർ, ക്രിക്കറ്റ്, ബാഡ്‌മിന്റൺ, ബാസ്കറ്റ്ബാൾ, വോളിബാൾ എന്നീ ഇനങ്ങളിലായി ടീമുകളെ രൂപീകരിക്കാനും അമേരിക്കയിലെയും കാനഡായിലെയും വിവിധ സംസ്ഥാനങ്ങളിൽ നടത്തപ്പെട്ട മത്സരങ്ങളിൽ ടീമുകളെ പങ്കെടുപ്പിച്ചു വിജയം കൈവരിക്കാനും ഇതിനോടകം ഈ ക്ലബ്ബിനു സാധിച്ചു.

1984-ൽ ക്വീൻസിലുള്ള അലി പോണ്ട് പാർക്കിൽ സ്പോർട്സ് സ്നേഹികളായ ഏതാനും മലയാളി യുവാക്കൾ ഫുട്ബോൾ കളിക്കുവാൻ ഒത്തുചേരുകയും പിന്നീട് ആ കൂടിച്ചേരൽ 1987-ൽ ഒരു സ്പോർട്സ് ക്ലബ്ബായി രൂപീകരിക്കപ്പെടുകയും ചെയ്തു. ക്ലബ്ബായി രൂപീകരിക്കപ്പെട്ട ആദ്യ വർഷം തന്നെ സ്ഥാപക പ്രസിഡൻറ് ജോൺ ജേക്കബിന്റെ (വത്സലൻ) നേതൃത്വത്തിൽ സോക്കർ വാർഷിക മത്സരങ്ങൾക്കായി “കൈരളി ട്രോഫി” ഏർപ്പെടുത്തുകയും ആദ്യ സോക്കർ മത്സരത്തിനു ന്യൂയോർക്കിൽ ആതിഥേയത്വം വഹിക്കുകയും ചെയ്തു. ആഗോള പാൻഡെമിക്ക് കോവിഡ് -19 മൂലം 2020 -ൽ മാത്രം മുടക്കം സംഭവിച്ച വാർഷിക കൈരളി ട്രോഫി സോക്കർ മത്സരത്തിന്റെ 33-മത് മത്സരം റോക്കുവിൽസെന്ററിൽ വച്ചു 2021 ഒക്ടോബർ മാസം നടത്തപ്പെട്ടു. നിലവിലുള്ള ക്ലബ്ബ് പ്രസിഡന്റ് സജി തോമസിന്റെ നേതൃത്വത്തിൽ നടത്തിയ ഈ മത്സരം ക്ലബ്ബിന്റെ ഇത്രയും നീണ്ട വര്ഷങ്ങളിലെ പ്രവർത്തന മികവിന്റെ സാക്ഷ്യം കൂടിയാണ്. വാശിയേറിയ സോക്കർ മത്സരത്തിൽ ഫിലാഡൽഫിയ ടീമിനെ 2-0 ഗോളിന് തോൽപ്പിച്ച് ആതിഥേയ ക്ലബ്ബിന്റേതായ NYMSC Islanders ടീം കൈരളി ട്രോഫി കരസ്ഥമാക്കി.

ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്കു സിറ്റി കൗൺസിൽമാൻമാരുടെയും അസ്സംബ്ലിമാൻമാരുടെയും ഡിപ്പാർട്ടമെന്റ് ഓഫ് എഡ്യൂക്കേഷന്റെയും ന്യൂയോർക്ക് സിറ്റി ഡിപ്പാർട്ടമെന്റ് ഓഫ് യൂത്ത് ആൻഡ് കമ്മ്യൂണിറ്റി ഡിവിഷന്റെയും നിരന്തരമായ സഹായ സഹകരണങ്ങൾ ലഭിക്കുന്നത് പ്രത്യേകം സ്ലാഖനീയമാണ്. ക്യുൻസിലെയും ലോങ്ങ് ഐലണ്ടിലെയും വിവിധ സ്കൂൾ ഗ്രൗണ്ടുകൾ സ്പോർട്സ് പരിശീലനങ്ങൾക്കായി ലഭിച്ചുകൊണ്ടിരിക്കുന്നത് പ്രോത്സാഹജനകമാണ്. ക്യുൻസിലുള്ള ക്രീഡുമോർ സൈയാട്രിക് സെന്ററിലെ ബിൽഡിങ് 18-ലെ ജിമ്മും വിവിധ സ്പോർട്സ് പരിശീലനങ്ങൾക്കായി ക്ലബ്ബ് ഉപയോഗിച്ച് വരുന്നു. സ്പോർട്സ് സ്നേഹികളായ മലയാളികൾ ആർക്കും ക്ലബ്ബിൽ അംഗത്വം നൽകുന്നതാണ്.

നിലവിൽ ക്ലബ്ബ് പ്രെസിഡന്റായി സജി തോമസും സെക്രട്ടറിയായി സക്കറിയ മാത്യുവും പ്രവർത്തിക്കുന്നു. മറ്റു ഭാരവാഹികൾ – വൈസ്പ്രസിഡന്റുമാർ – റെജി ജോർജ്, രാജു പറമ്പിൽ, രഘു നൈനാൻ. ജോയിൻറ് സെക്രട്ടറി – സിങ് നായർ, ട്രഷറർ – മാത്യു ചെറുവള്ളിൽ. കമ്മറ്റി അംഗങ്ങൾ – ബിജു മാത്യു, സുജിത് ഡേവിഡ്, മാത്യു ഫിലിപ്പ്, വർഗീസ് മാത്യു, ജെയ്സൺ സജി. അഡ്വൈസറി ബോർഡ് അംഗങ്ങൾ – ചാക്കോ ഈപ്പൻ, സാനി അമ്പൂക്കൻ, ജേക്കബ് വർക്കി, റോബി വര്ഗീസ്, ഷിബു തരകൻ. ഓഡിറ്റർ – ബിജു ചാക്കോ. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക – 646-591-8465.

റിപ്പോർട്ട്  :   മാത്യുക്കുട്ടി ഈശോ

Leave Comment