വനിത വികസന കോര്‍പറേഷന് പത്തനംതിട്ടയില്‍ ജില്ലാ ഓഫീസ്: മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും

Spread the love

വനിതകള്‍ക്കുള്ള സംരംഭങ്ങള്‍ക്ക് സ്വയംതൊഴില്‍ ലോണ്‍ മേള

തിരുവനന്തപുരം: വനിത വികസന കോര്‍പറേഷന്റെ പത്തനംതിട്ട ജില്ലാ ഓഫീസ് ഉദ്ഘാടനം ഡിസംബര്‍ 11ന് 11 മണിക്ക് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. കോര്‍പറേഷന്റെ സേവനം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട കോളേജ് റോഡിലുള്ള കെട്ടിടത്തിലാണ് ജില്ലാ ഓഫീസ് ആരംഭിക്കുന്നത്. സമൂഹത്തിലെ അടിസ്ഥാന ജന വിഭാഗത്തെയും സാമ്പത്തിക സാശ്രയത്വത്തിലൂടെ ശാക്തീകരിച്ചാല്‍ മാത്രമെ സമഗ്ര പുരോഗതി കൈവരിക്കുന്നതിന് സാധിക്കുകയുള്ളൂ എന്നതിനാലാണ് 3 മേഖല ഓഫീസുകള്‍ക്ക് പുറമെ കൂടുതല്‍ ജില്ലാ ഓഫീസുകളും ഉപ ജില്ലാ ഓഫീസുകളും പുതുതായി ആരംഭിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ മാത്രമാണ് ജില്ലാ ഓഫീസുകള്‍ ഉണ്ടായിരുന്നത്. ഇത് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുക എന്ന ഉദ്ദേശത്തോടെ മറ്റു ജില്ലകളിലും ജില്ലാ ഓഫീസുകള്‍ തുറന്നു വരുന്നു. പാലക്കാട്, മലപ്പുറം, കോട്ടയം, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ ജില്ലാ ഓഫീസുകള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. കൂടാതെ കോഴിക്കോട് പേരാമ്പ്രയിലും തൃശൂര്‍ ചേലക്കരയിലും ഉപജില്ലാ ഓഫീസുകളും തുടങ്ങിയിട്ടുണ്ട്. ഇടുക്കി, വയനാട്, കൊല്ലം ജില്ലാ ഓഫീസുകളും ഈ മാസം തന്നെ പ്രവര്‍ത്തനമാരംഭിക്കും.

ജില്ലാ ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് ദേശീയ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനുമായി ചേര്‍ന്ന് വായ്പ മേളയും സംഘടിപ്പിക്കുന്നു. ഈ സാമ്പത്തിക വര്‍ഷം പത്തു കോടി രൂപയുടെ വായ്പ വിതരണം ജില്ലയില്‍ നടത്തുന്നതിനാണ് കോര്‍പ്പറേഷന്‍ ലക്ഷ്യമിടുന്നത്. അതോടൊപ്പം മികച്ച നൈപുണ്യ വികസന പരിശീലനവും സംരംഭകത്വ വികസന പരിശീലനവും വനിതകള്‍ക്ക് ലഭ്യമാക്കുന്നതാണ്.

പത്തനംതിട്ട താഴെവെട്ടിപ്പുറം ലയന്‍സ് ക്ലബ് ഹാളില്‍ വച്ചാണ് സ്വയംതൊഴില്‍ വായ്പ വിതരണവും മൈക്രോ ഫിനാന്‍സ് വായ്പ വിതരണവും നടക്കുന്നത്. വനിത വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.എസ്. സലീഖ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *